കുട്ടികളിൽ ധർമ്മചിന്തയും സാമൂഹികബോധവും വളർത്തുന്നതിന് ശ്രീരാഘവപുരം സഭായോഗം കണ്ണൂർ ജില്ലാകമ്മിറ്റി കൈതപ്രത്ത് ജ്വാല’ 25 – ത്രിദിന സഹവാസക്യാമ്പ് സംഘടിപ്പിച്ചു.
സഭായോഗം ഫാമിലി വെൽഫയർ ഡിപ്പാർട്ട്മെൻ്റിൻ്റെ മാർഗ്ഗനിർദ്ദേശത്തിലായിരുന്നു ക്യാമ്പ്. കൈതപ്രം വാസുദേവപുരം ഓഡിറ്റോറിയം ക്യാമ്പിൻ്റെ പ്രധാനവേദിയായി.
ക്യാമ്പ് ഒന്നാം ദിവസം
ഏപ്രിൽ 16 ന് രാവിലെ 9.30 മണിയോടെ ആരംഭിച്ച ക്യാമ്പിൽ 103 ബാലികാബാലകന്മാരാണ് രജിസ്റ്റർ ചെയ്തത്.




ഉദ്ഘാടനസഭയിൽ ബ്രഹ്മശ്രീ. വെള്ളൂരില്ലം പ്രശാന്ത് നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. സംഘാടകസമിതി വർക്കിങ് ചെയർമാൻ ശ്രീ. മരങ്ങാട് നാരായണൻ നമ്പൂതിരി സ്വാഗതം ആശംസിച്ചു. ശ്രീരാഘവപുരം സഭായോഗം വൈസ് പ്രസിഡൻ്റ് ശ്രീ. വെള്ളിയോട് മാധവൻ നമ്പൂതിരി ആദ്ധ്യക്ഷ്യം വഹിച്ചു. കാലടി സംസ്കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രം റിട്ട. പ്രൊഫസർ ഡോ. ഇ. ശ്രീധരൻ ഉദ്ഘാടനഭാഷണം നിർവ്വഹിച്ചു. സഭായോഗം കുടുംബക്ഷേമവിഭാഗം സെക്രട്ടറി ശ്രീ. വി. ജെ. പി. നാരായണൻ നമ്പൂതിരി ക്യാമ്പ് വിശദീകരണം നടത്തി. വാർഡ് മെമ്പർ ശ്രീ. സുജിത്ത്, യോഗക്ഷേമസഭ കൈതപ്രം യൂണിറ്റ് സെക്രട്ടറി ശ്രീ. ഹരിപ്രസാദ് കണ്ണാടി, പിലാത്തറ സംസ്കൃതകോളേജ് പ്രിൻസിപ്പാൾ ഡോ. കോറമംഗലം കൃഷ്ണകുമാർ, പൂർണ്ണവേദപുരി സംസ്കൃതപഠനകേന്ദ്രം അക്കാഡമിക് ഡയറക്ടർ ശ്രീ. രമേശൻ കൈതപ്രം എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി ലക്ഷ്മി ടീച്ചർ നന്ദി പറഞ്ഞു.
ഉച്ചക്കു ശേഷം നടന്ന ഐസ് ബ്രേക്കിങ് സെഷന് ശ്രീ.നിതിൻ നങ്ങോത്ത് നേതൃത്വം നൽകി. സന്ധ്യക്ക് ക്ഷേത്രാങ്കണത്തിൽ രാഘവപുരം സംഗീതസഭയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഭജന നടന്നു.



ക്യാമ്പ് രണ്ടാം ദിവസം
രാവിലെ ശ്രീ. ഭാസ്കരൻ, ശ്രീമതി സുജാത അന്തർജനം എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ യോഗ പരിശീലനം നടത്തി.
പ്രഭാതഭക്ഷണത്തിനുശേഷം ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നിർമ്മിതി എന്ന പേരിൽ പ്രവൃത്തിപരിചയക്ലാസിന് ശ്രീമതി അംബിക കല്ലായി, കീർത്തി കല്ലായി, ശിവപ്രിയ ചെപ്പില്ലം എന്നിവർ നേതൃത്വം നൽകി. മുതിർന്ന കുട്ടികൾക്കായി ഒരുക്കിയ ആചാരവും വിശ്വാസവും ശാസ്ത്രവും എന്ന വിഷയത്തിലെ സംവാദം ശ്രീ. പ്രശാന്ത് ബാബു കൈതപ്രം, ഡോ. ഈശ്വരൻ ഇ. എൻ. ശ്രീ. എ. വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, ശ്രീ. ടി. വി. മാധവൻ നമ്പൂതിരി എന്നിവർ നയിച്ചു.
ചർച്ചയിൽ സജീവമായി പങ്കെടുക്കാനും സദസ്സിനാകെ ആവേശം പകർന്ന ചോദ്യങ്ങൾ ഉന്നയിക്കാനും കുട്ടികൾ മിടുക്ക് കാണിച്ചു.
ഉച്ചക്ക് ശേഷം തിടമ്പ് നൃത്തം – ചരിത്രവും അവതരണവും, ക്ഷേത്രാചാരങ്ങൾ, നമ്മുടെ ഗൃഹങ്ങളിലെ അനുഷ്ഠാനങ്ങൾ എന്നീ ക്ലാസുകൾ യഥാക്രമം ശ്രീ. ഉപ്പിലി വാദ്ധ്യാൻ ഗോവിന്ദൻ നമ്പൂതിരി, ശ്രീ. കാനപ്രം ഈശ്വരൻ, ശ്രീമതി ശ്യാമള ടീച്ചർ എന്നിവർ നയിച്ചു. കൊച്ചുകുട്ടികൾക്ക് ശ്രീമതി അജിത ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേകക്ലാസുകൾ നൽകി.
വൈകുന്നേരം ഒന്നര കി. മീ. അകലെ തൃക്കുറ്റ്യേരി കുന്നിലേക്ക് 125 ഓളം പേരുടെ സംഘം പദയാത്ര ചെയ്തു. തൃക്കുറ്റ്യേരി അമ്പലത്തിനു മുന്നിലുള്ള മനോഹരമായ തടാകത്തിൻ്റെ കരയിലിരുന്ന് കുട്ടികൾ പ്രകൃതി അമ്മയാണ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ശ്രീ. ഭാസ്കരൻ വെള്ളൂർ നടത്തിയ ക്ലാസ്സ് ശ്രവിച്ചു. തുടർന്ന് തടാകത്തിനു ചുറ്റും കൈകോർത്തു നിന്ന് പ്രകൃതിസംരക്ഷണം എൻ്റെ ധർമ്മമാണ് എന്ന പ്രതിജ്ഞ ഏറ്റുചൊല്ലി. സന്ധ്യക്ക് അമ്പലത്തിലെ ദീപാരാധന തൊഴുത ശേഷം കുന്നിറങ്ങി വാസുദേവപുരം ക്ഷേത്രത്തിൽ നടത്തിയ നിറമാലയിൽ പങ്കുചേർന്നു.
അത്താഴത്തിന് ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കിറ്റുകളും ക്ലാസിക്കൽ നൃത്തരൂപങ്ങളും മറ്റുമായി സദസ്സിനെ മുഴുവൻ ആസ്വാദനത്തിന്റെ പാരമ്യത്തിൽ എത്തിക്കാൻ കൊച്ചുകലാകാരന്മാർക്ക് സാധിച്ചു.



ക്യാമ്പ് മൂന്നാം ദിവസം
രാവിലെ 7 ന് കുട്ടികൾ കൊമ്പങ്കുളം അഗ്നിഹോത്രിയുടെ ഗൃഹം സന്ദർശിച്ച് ത്രേതാഗ്നി കണ്ടുവണങ്ങി. നാടൻ പശുക്കൾക്ക് പുല്ല് നൽകി തൊട്ടുതലോടി. കൈതപ്രം പുഴയും കണ്ട് തിരിച്ചെത്തിയ കുട്ടികൾക്ക് രാഘവപുരം സഭായോഗത്തിൻ്റെ വിവിധ പ്രവർത്തനങ്ങളെയും പദ്ധതികളെയും കുറിച്ച് സെക്രട്ടറി ശ്രീ. കെ. പി. ഹരി നമ്പൂതിരി ക്ലാസെടുത്തു.
തുടർന്ന് തമസോ മാ ജ്യോതിർഗമയ എന്ന് പേരിട്ട സെഷനിൽ ശ്രീ. മുകേഷ് മാഷും ശ്രീ. ജയരാജൻ മാഷും ഭാരതീയസംസ്കാരത്തിൻ്റെ മഹത്വം, പുസ്തകവായനയുടെ പ്രാധാന്യം, കുടുംബബന്ധങ്ങളുടെ ആർദ്രത തുടങ്ങി പല കാര്യങ്ങളിലൂടെ കുട്ടികളെ കൈപിടിച്ചു നടത്തി.
വൈകുന്നേരം സമാപനസഭയിൽ ജ്വാല’ 25 കോ-ഓർഡിനേറ്റർ ശ്രീ. കാനപ്രം ശങ്കരൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. സഭായോഗം പ്രസിഡൻറ് ബ്രഹ്മശ്രീ. ശ്രീകാന്ത് കാരഭട്ടതിരി അദ്ധ്യക്ഷനായി. പെരിഞ്ചല്ലൂർ സംഗീതസഭ സ്ഥാപകൻ ശ്രീ. വിജയ് നീലകണ്ഠൻ ഉദ്ഘാടനഭാഷണം നിർവ്വഹിച്ചു. ഡോ. കൊമ്പങ്കുളം വിഷ്ണു സോമയാജിപ്പാട് അനുഗ്രഹഭാഷണം നടത്തി. തുടർന്ന് യോഗക്ഷേമസഭ കണ്ണൂർ ജില്ലാഘടകം സെക്രട്ടറി ശ്രീ. പി. എൻ. ദാമോദരൻ നമ്പൂതിരി, ജ്വാല’25 കമ്മിറ്റി ഭാരവാഹികളായ ശ്രീ. എ. കെ. ശങ്കരൻ നമ്പൂതിരി, ശ്രീമതി ശ്രീല എൻ. എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാമിലി വെൽഫയർ ഡിപ്പാർട്ട്മെൻ്റ് ചെയർപേഴ്സൺ ഡോ. ധന്യ എം. ക്യാമ്പ് അവലോകനം നടത്തി. വിശിഷ്ടസേവനം ചെയ്തവരെ ആദരിച്ചു. ജ്വാല ’25 ജോയിൻ്റ് കൺവീനർ ശ്രീമതി രത്നമണി എം. പി. നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ ക്യാമ്പിന് തിരശ്ശീല വീണു.



മറ്റു കാര്യങ്ങൾ
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള കുട്ടികളാണ് പ്രധാനമായും ക്യാമ്പിൽ പങ്കെടുത്തത്. നാലുകെട്ടുകൾ ഉൾപ്പെടെ കൈതപ്രത്തെ പതിനഞ്ചോളം ഭവനങ്ങളിലായാണ് ഇവർക്ക് താമസം ഒരുക്കിയത്.
കുട്ടികൾക്ക് മൊബൈലും ടിവിയും ഇല്ലാതെ 3 ദിനം കഴിയാൻ ക്യാമ്പ് അവസരം നൽകി. പരസ്പരം പരിചയപ്പെടാനും സ്നേഹം പങ്കുവക്കാനും സാധിച്ചു. ഗ്രൂപ്പുകളായി തിരിഞ്ഞ് പരിപാടികൾ അവതരിപ്പിച്ചത് ബന്ധങ്ങൾ സുദൃഢമാക്കി.
കൈതപ്രത്തെ അമ്മമാരും മറ്റു നാട്ടുകാരും ചേർന്ന് അടുക്കളകാര്യങ്ങൾ ഏറ്റെടുക്കുകയുണ്ടായി. ചക്കയും മാങ്ങയും അടക്കം നാടൻവിഭവങ്ങൾ പരമാവധി ഉപയോഗിച്ച് സ്വാദിഷ്ടമായ ഭക്ഷണം മൂന്നുദിവസവും നൽകാൻ കഴിഞ്ഞത് നല്ലൊരു അനുഭവമായി.
കുട്ടികളുടെ ഫീഡ് ബാക്ക് എഴുതി ശേഖരിച്ചിരുന്നു. സഭായോഗത്തിൻ്റെ നേതൃത്വത്തിൽ ഒരു ലേർണിങ് & സ്കിൽ ഡെവലപ്മെൻ്റ് സ്ഥാപനം ആരംഭിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞത് ക്യാമ്പിൻ്റെ നേട്ടമായി.
അടുത്ത ക്യാമ്പ് ഇതിലും മനോഹരമാക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്ന നിശ്ചയത്തോടെയാണ് എല്ലാവരും പിരിഞ്ഞത്.