തദ്ദേശീയ ഗോസംരക്ഷണം (ഗോമിത്ര) – പെരുവാമ്പ ധർമ്മ ഗോശാല
ജീവസ്സുറ്റ പാരമ്പര്യം; പരമമായ ധർമ്മം.
ശ്രീരാഘവപുരം സഭായോഗത്തിൻ്റെ പോഷക പ്രസ്ഥാനമായ ‘ഗോമിത്ര സൊസൈറ്റി’ കേവലം ഒരു ഗോശാല പണിയുകയല്ല ചെയ്യുന്നത്; മറിച്ച് നമ്മിൽ നിന്ന് അകന്നുപോയ ഒരു പുണ്യബന്ധത്തെ വീണ്ടെടുക്കുകയാണ്. വംശനാശഭീഷണി നേരിടുന്ന നമ്മുടെ നാടൻ പശുക്കളെ സംരക്ഷിക്കുന്നതിലൂടെ, ഈ മണ്ണിലെ ആത്മീയ-പാരിസ്ഥിതിക-സാംസ്കാരിക മൂല്യങ്ങളെയാണ് നാം പുനഃപ്രതിഷ്ഠിക്കുന്നത്.
गावो विश्वस्य मातरः
“ഗാവോ വിശ്വസ്യ മാതരഃ“
“പശു പ്രപഞ്ചത്തിന്റെ മാതാവാകുന്നു.”
— മഹാഭാരതം, അനുശാസന പർവ്വം
സഹസ്രാബ്ദങ്ങളായി നമ്മുടെ സംസ്കാരം ഗോമാതാവിനോട് ചേർന്നാണ് ശ്വാസമെടുത്തിരുന്നത്. അവൾ നമുക്ക് വെറുമൊരു മൃഗമായിരുന്നില്ല, കുടുംബത്തിലെ ഒരംഗമായിരുന്നു. വീട്ടുറ്റത്ത് ഒരു പശുവിൻ്റെ ശാന്തമായ ശ്വാസോച്ഛ്വാസം ഉയരുന്നത് നെഗറ്റീവ് ഊർജ്ജങ്ങളെ അകറ്റുന്ന രക്ഷാകവചമായി നാം കരുതി. അതിനെ പരിപാലിക്കുക എന്നാൽ പ്രപഞ്ചത്തെ തന്നെ പരിപാലിക്കുക എന്നതായിരുന്നു സങ്കല്പം.
എന്നാൽ ഇന്ന് ആ ബന്ധം മുറിഞ്ഞിരിക്കുന്നു. അമിതമായ സാമ്പത്തിക ലാഭതൃഷ്ണ ഈ പുണ്യജീവിയെ വെറുമൊരു കച്ചവട വസ്തുവാക്കി മാറ്റി. നാടൻ പശുക്കൾക്ക് വയസ്സാകുമ്പോഴോ, കർഷകന് തീറ്റച്ചെലവ് താങ്ങാനാവാതെ വരുമ്പോഴോ അവ നിശബ്ദമായ ദുരിതത്തിലേക്ക് തള്ളപ്പെടുന്നു. അവയോട് പുറംതിരിഞ്ഞു നിൽക്കുമ്പോൾ നാം ഉപേക്ഷിക്കുന്നത് ഒരു ജീവിയെ മാത്രമല്ല, തലമുറകളായി നമ്മെ കാത്തുപോറ്റിയ പരമ്പരാഗത ധർമ്മത്തെ കൂടിയാണ്.
ഈ നഷ്ടബോധത്തിൽ നിന്നാണ് ഗോമിത്ര സൊസൈറ്റി ജനമെടുത്തത്. പരമ്പരാഗത കർഷകർക്ക് താങ്ങാവാനും, ഈ സാധു ജീവികൾക്ക് ആയുഷ്കാലം മുഴുവൻ സ്നേഹവും സമാധാനവും അന്തസ്സുമുള്ള അന്തരീക്ഷം ഉറപ്പാക്കാനും നാം പ്രതിജ്ഞാബദ്ധരാണ്.
ശാന്തിയുടെ സങ്കേതം
കണ്ണൂർ ജില്ലയിലെ പെരുവാമ്പ പുഴയുടെ തീരത്ത്, ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മനോഹരമായ ഒരു ഗോശാല ആകൃതി പ്രാപിച്ചിരിക്കുകയാണ്.
ഭൂമി കണ്ടെത്തൽ
ഈശ്വരാനുഗ്രഹത്താലും ആത്മാർത്ഥതയുള്ള കുറച്ചു നല്ല മനുഷ്യരുടെ സമയബന്ധിതമായ സാമ്പത്തിക സഹായത്താലും, പെരുവമ്പ പുഴയോരത്ത് 2.5 ഏക്കർ ഭൂമി ഗോശാലയ്ക്കായി നാം സ്വന്തമാക്കി.
നിർമ്മാണം ആരംഭിക്കുന്നു
നാടൻ-കുളമാടൻ ഇനങ്ങൾക്ക് അനുയോജ്യമായ വിശാലമായ തൊഴുത്തുകൾ, ശുദ്ധജല സൗകര്യം, ശുചിത്വം, മുഴുവൻ സമയ പരിപാലകർക്കുള്ള താമസസൗകര്യം എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കി.
ഒന്നാം ഘട്ട ഉദ്ഘാടനം
ശുക്ലപക്ഷ ഏകാദശിയുടെ ശുഭമുഹൂർത്തത്തിൽ ധർമ്മ ഗോശാലയുടെ ഒന്നാം ഘട്ടം ഔദ്യോഗികമായി നാടിന് സമർപ്പിച്ചു. 20-ഓളം നാടൻ പശുക്കളെ പരിപാലിക്കാൻ ശേഷിയുള്ള പൂർണ്ണസജ്ജമായ സങ്കേതമായി ഗോശാല മാറി.
മഹത്തുക്കളുടെ അനുഗ്രഹം
പ്രശസ്ത ആത്മീയ പണ്ഡിതൻ നോച്ചൂർ ശ്രീ രമണ ചരണ തീർത്ഥ സ്വാമികൾ ഗോശാല സന്ദർശിച്ചു. ഗോസേവ എന്നത് ചിത്തശുദ്ധിക്കുള്ള എളുപ്പവഴിയാണെന്ന് ഓർമ്മിപ്പിച്ച സ്വാമിജി, ഗോഭോജനം പദ്ധതിയിലേക്ക് സംഭാവന നൽകുകയും സംഘാടകരെ അനുഗ്രഹിക്കുകയും ചെയ്തു.
അടിസ്ഥാന സൗകര്യങ്ങളും ഭാവി വികസനവും
ദർശനം: പ്രകൃതിയുടെ പുനരുജ്ജീവനം
ഒരു കെട്ടിടത്തിലോ കുറച്ചു പശുക്കളിലോ ഒതുങ്ങുന്നതല്ല നമ്മുടെ ലക്ഷ്യം. 100 പശുക്കളെ പരിപാലിക്കാവുന്ന പ്രധാന കേന്ദ്രവും, ഒപ്പം പ്രാദേശിക കർഷകർക്ക് പശുക്കളെ സംരക്ഷിക്കാൻ പിന്തുണ നൽകുന്ന ജനകീയ ശൃംഖലയും ഉൾപ്പെടുന്ന ദ്വിമുഖ പദ്ധതിയാണ് നാം നടപ്പിലാക്കുന്നത്.
2.5 ഏക്കർ ഭൂമിയിൽ നാം ഒരുക്കുന്ന പ്രധാന സൗകര്യങ്ങൾ:
തീറ്റപ്പുൽ കൃഷി
പശുക്കൾക്ക് രാസവളങ്ങളില്ലാത്ത, വിഷരഹിതമായ പച്ചപ്പുല്ലും പോഷകാഹാരവും സ്വന്തം ഭൂമിയിൽ തന്നെ കൃഷി ചെയ്ത് ഉറപ്പാക്കുന്നു.
ബയോഗ്യാസ് /സൗരോർജ്ജ പദ്ധതികൾ
ചാണകവും ഗോമൂത്രവും പ്രകൃതിദത്ത ഊർജ്ജവും ജൈവവളവുമാക്കി മാറ്റി, പരിസ്ഥിതിക്ക് യാതൊരു ആഘാതവും ഏൽപ്പിക്കാത്ത മാതൃകാപരമായ സംസ്കരണം.
വെറ്ററിനറി പരിചരണം
അടിയന്തിര ചികിത്സ നൽകാനും, അപകടത്തിലോ ദുരിതത്തിലോ പെടുന്ന പശുക്കളെ വേഗത്തിൽ സുരക്ഷിതമായി ഗോശാലയിലെത്തിക്കാനും സജ്ജമാക്കിയ സംവിധാനങ്ങൾ.
ധർമ്മപാതയിൽ പങ്കാളിയാകൂ: നിങ്ങൾക്കും സഹായിക്കാം
പെരുവമ്പ ധർമ്മ ഗോശാല ഒരു കമ്മിറ്റിയുടേത് മാത്രമല്ല; ധർമ്മത്തിൽ വിശ്വസിക്കുന്ന ഓരോരുത്തരുടേതുമാണ്.
⇒ വിശേഷദിവസങ്ങളിലെ ഗോപൂജയും ഗോഭോജനവും
നിങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ ജന്മദിനം, വിവാഹവാർഷികം, ഓർമ്മദിവസങ്ങൾ എന്നിവയിൽ ഗോപൂജ നടത്താനും പശുക്കൾക്ക് അന്നദാനം (ഗോഭോജനം) നൽകാനും അവസരം.
⇒ ഗോദത്തെടുക്കൽ (മാസ/വാർഷിക പിന്തുണ)
ഒരു പശുവിൻ്റെ പ്രതിമാസ അല്ലെങ്കിൽ പ്രതിവർഷ തീറ്റ, പരിചരണം, മരുന്ന് ചെലവുകൾ പൂർണ്ണമായി ഏറ്റെടുത്തുകൊണ്ട് ആ ജീവിയുമായി ആത്മബന്ധം സ്ഥാപിക്കാം.
⇒ ഭൂമി വികസനം
കൂടുതൽ പശുക്കളെ ഉൾക്കൊള്ളാനും തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കാനും ആവശ്യമായ ഭൂമി കണ്ടെത്തുന്നതിലും വികസിപ്പിക്കുന്നതിലും പങ്കാളിയാകാം.
⇒ നിർമ്മാണ സഹായം
രണ്ടാം ഘട്ട തൊഴുത്തുകളുടെയും മെഡിക്കൽ ഷെഡുകളുടെയും നിർമ്മാണത്തിനായി സാമ്പത്തികമായോ നിർമ്മാണ സാമഗ്രികളായോ സഹായിക്കാം.
കോർപ്പറേറ്റ് CSR പങ്കാളിത്തം
സുതാര്യവും നിയമാനുസൃതവുമായ ഞങ്ങളുടെ ചാരിറ്റബിൾ ട്രസ്റ്റ് വഴി കമ്പനികളുടെ CSR ഫണ്ടുകൾ നേരിട്ട് പരിസ്ഥിതി-ഗോസംരക്ഷണ പദ്ധതികളിലേക്ക് വിനിയോഗിക്കാം. (NITI Aayog Darpan, 12A, CSR-1, FCRA രജിസ്ട്രേഷനുകൾ ഉള്ള പ്രസ്ഥാനം).
ഉടനടി പിന്തുണയ്ക്കാൻ
നിങ്ങളുടെ ഓരോ ചെറിയ സഹായവും ഗോശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും വികസനത്തിനും വലിയ കരുത്താണ്.
स्वस्ति प्रजाभ्यः परिपालयन्तां न्यायेन मार्गेण महीं महीशाः।
गोब्राह्मणेभ्यः शुभमस्तु नित्यं लोकाः समस्ताः सुखिनो भवन्तु॥
സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം ന്യായേന മാർഗ്ഗേണ മഹീം മഹീശാഃ।|
ഗോബ്രാഹ്മണേഭ്യഃ ശുഭമസ്തു നിത്യം ലോകഃ സമസ്താഃ സുഖിനോ ഭവന്തു ||”
“എല്ലാ ജനങ്ങൾക്കും മംഗളം ഭവിക്കട്ടെ. ഭരണാധികാരികൾ നീതിപൂർവ്വം ലോകത്തെ പരിപാലിക്കട്ടെ. പശുക്കൾക്കും ജ്ഞാനികൾക്കും എന്നും ശുഭമുണ്ടാകട്ടെ. ലോകത്തിലെ സകല ജീവജാലങ്ങളും സന്തോഷത്തോടും സമാധാനത്തോടും ഇരിക്കട്ടെ.“
