പ്രചാരണ പ്രവർത്തനങ്ങൾ

ഇപ്പോൾ  നടന്നുകൊണ്ടിരിക്കുന്ന സഹായ പ്രവർത്തനങ്ങൾക്ക്  വേണ്ടിയുള്ള  ധന സമാഹരണത്തിനായുള്ള പ്രചാരണ പ്രവർത്തനങ്ങൾ ആണ് ചുവടെ ഉള്ളത് . നിങ്ങളാൽ  ആവും വിധമുള്ള സഹായങ്ങൾ അർഹരായവക്ക്  നൽകണമെന്ന് അഭ്യർത്ഥിക്കുന്നു .

തായട കിഴനിപ്പുറത്ത് വാസുദേവൻ നമ്പൂതിരിക്കു വേണ്ടിയുള്ള സഹായാഭ്യർത്ഥന

ധന്യാത്മൻ,

കോഴിക്കോട് തളി ശ്രീരാമക്ഷേത്രം മേൽശാന്തി ശ്രീ. തായട കിഴനിപ്പുറത്ത് വാസുദേവൻ നമ്പൂതിരി രോഗമൂർച്ഛയാൽ വേദനയിലും ദുരിതത്തിലുമാണ്. മുമ്പ് ഹൃദയാഘാതമുണ്ടായി. ആരോഗ്യനില വഷളായി. രണ്ട് വൃക്കകളും തകരാറിലായി. ഇപ്പോൾ ആഴ്ചയിൽ 3 ദിവസം ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നു. പ്രമേഹവും പ്രഷറും അദ്ദേഹത്തെ തളർത്തുന്നു.

ഡിപ്പാർട്ടുമെൻ്റിൻ്റെ ജില്ലാക്കമ്മിറ്റിയുടെ അന്വേഷണത്തിൽ അദ്ദേഹത്തിൻ്റെ സ്ഥിതി ശോചനീയമാണെന്ന് ബോധ്യപ്പെട്ടു. ഏകമകൻ്റെ തുച്ഛവരുമാനം മാത്രമാണ് ആകെ ആശ്രയം. ഒരു ദിവസം തന്നെ ആയിരത്തിലധികം രൂപയുടെ മരുന്നുകൾ വേണം അദ്ദേഹത്തിൻ്റെ ജീവൻ നിലനിർത്താൻ. രോഗാതുരമായ ഈയവസ്ഥയിൽ ഉദാരമതികളുടെ സഹായത്തിനപേക്ഷിക്കുകയല്ലാതെ അദ്ദേഹത്തിന് വേറെ നിവൃത്തിയില്ലാത്ത അവസ്ഥയാണ്.

ഈ വരുന്ന ഡിസംബറോടുകൂടി 25-ലേറെ വർഷമായി കഴിഞ്ഞുകൂടിയിരുന്ന അമ്പലം വക ക്വാർട്ടേഴ്സ് ഒഴിയാൻ നിർബന്ധിതനായിരിക്കയാണ് അദ്ദേഹം. ഇതോടെ അദ്ദേഹത്തിൻ്റെ ദുരിതപർവ്വം പൂർണ്ണമായി.

മനസ്സിൽ ഒഴിയാത്ത വിങ്ങലുകളും വേദനകൾ ഒഴിയാത്ത ദേഹവുമായി ആരുമില്ലാത്ത അവസ്ഥയിൽ ശരിക്കും ഒറ്റപ്പെട്ടു പോയ ഈ നല്ല മനുഷ്യന് നമ്മളാൽ കഴിയുന്നത് സമർപ്പിക്കുക ഒരു പുണ്യമാവും, സംശയമില്ല…

സംഖ്യ എത്ര ചെറുതായാലും വലുതായാലും കഴിവിനനുസരിച്ച് നമുക്ക് അദ്ദേഹത്തിൻ്റെ അത്യാവശ്യങ്ങൾ നിറവേറ്റാൻ കൂടെ നിൽക്കാം, താങ്ങാവാം, തണലാവാം…

ഇത് ഈ മണിക്കൂറിൻ്റെ ആവശ്യമാണ്‌. അടിയന്തിര ആവശ്യം. ദയവു ചെയ്ത് കഴിയുന്ന തുക പെട്ടെന്നു തന്നെ അദ്ദേഹത്തിനെത്തിക്കുവാൻ കലവറയില്ലാത്ത സഹായം അഭ്യർത്ഥിക്കുന്നു.

ഒപ്പം സഭായോഗം സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻ്റിൻ്റെയും ശ്രീരാഘവപുരം സഭായോഗത്തിൻ്റെയും എല്ലാ ധർമ്മപ്രവർത്തനങ്ങൾക്കും ഞങ്ങൾ നിങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുന്നു.