
ഉത്തര കേരള ക്ഷേത്ര ഊരാളസഭ പ്രവർത്തനങ്ങൾ:
2019 നവംബർ അറത്തിൽ ബ്രഹ്മസ്വം നാലുകെട്ടിൽ ചേർന്ന യോഗത്തിൽ ശ്രീരാഘവപുരം സഭായോഗം പ്രസിഡൻ്റ് ബ്രഹ്മശ്രീ. പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി (ബദരീനാഥ് മുൻ റാവൽജി) ഉത്തരകേരള ക്ഷേത്ര ഊരാളസഭ ഉദ്ഘാടനം ചെയ്തു. താല്കാലികഭാരവാഹികളെ തെരെഞ്ഞടുത്തു.
2019 ഡിസംബറിൽ അറത്തിൽ ബ്രഹ്മസ്വം നാലുകെട്ടിൽ
രണ്ടാമതു മാസികയോഗം ചേർന്നു. പ്രവർത്തനരൂപരേഖ തയ്യാറാക്കി.
2020 ജനുവരിയിൽ നീലേശ്വരം രാജാസ് സ്ക്കൂളിൽ ചേർന്ന യോഗത്തിൽ കാസർഗോഡ് ജില്ലാസമിതി രൂപീകരിച്ചു.
2020 ഫെബ്രുവരിയിൽ ചിറക്കൽ കിഴക്കേക്കര ചേർന്ന യോഗത്തിൽ കണ്ണൂർജില്ലാ പ്രവർത്തകസമിതി രൂപീകരിച്ചു.
വാർത്തകൾ
കേരളത്തിലെ ക്ഷേത്രങ്ങൾ ഹിന്ദുക്കളുടെ പൊതു ആരാധനാലയങ്ങളല്ല!
കേരളത്തിലെ ക്ഷേത്രങ്ങൾ പൊതു ആരാധനാലയങ്ങളല്ല, ക്ഷേത്രങ്ങൾ ബന്ധപ്പെട്ട ക്ഷേത്ര അധികാരികളായ ക്ഷേത്രേശൻമാരുടെതാണ് ( ഊരാളർ) . 27-11-2019 ന് ശ്രീരാഘവപുരം സഭാ യോഗം ബ്രഹ്മസ്വം മoത്തിൽ ചേർന്ന യോഗത്തിൽ ഉത്തരകേരള ക്ഷേത്ര ഊരാള സഭ അഭിപ്രായപ്പെട്ടു.
ശ്രീരാഘവപുരം സഭാ യോഗം അദ്ധ്യക്ഷൻ ബ്രഹ്മശ്രീ പച്ച മംഗലം ശ്രീധരൻ നമ്പൂതിരി ദീപ പ്രോജ്ജ്വലനം നടത്തിയ യോഗത്തിൽ പ്രസിഡൻറ് കുഞ്ഞി മാധവൻ കനകത്തിടം ആദ്ധ്യക്ഷത വഹിച്ചു, ഖജാൻജി രാമദാസ് വാഴുന്നവർ സ്വാഗതം പറഞ്ഞു,
സെക്രട്ടറി കിനാവൂർ പുതുമന ജി പ്രസാദ് കാലിക പ്രശ്നങ്ങൾ അവതരിപ്പിച്ചു,
ഹൈന്ദവക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ (worship Place) അല്ല, ദേവതായനങ്ങൾ (residence of diety) ആണ്, അവിടെ അതത് മൂർത്തിയുടെ ഭാവത്തിനും, ഹിതത്തിനും ക്ഷേത്ര നിയമങ്ങൾക്കും, അനുബന്ധ സംവിധാനങ്ങൾക്കും പാരമ്പര്യക്രമത്തിനും അനുസരിച്ചുള്ള ക്ഷേത്രാചാരങ്ങളുടെ അനുഷ്ഠാനത്തിനാണ് പ്രഥമസ്ഥാനം.
(വഴിപാടുകൾക്കല്ല)
ഇത്തരത്തിലുള്ള ക്ഷേത്രാചാരങ്ങൾ പൂർവ്വ ക്രമമനുസരിച്ച് പാലിക്കുവാൻ ക്ഷേത്രത്തിന്റെ അടിസ്ഥാന ക്രമങ്ങളുമായി അഭേദ്യമായ ബന്ധമുള്ള (മാതൃ -ശിശു തുല്യം ) ക്ഷേത്രേശൻമാർക്കാണ് അഥവാ ക്ഷേത്ര ഊരാളർക്കാണ് അതിനുള്ള പൂർണ്ണമായ അധികാരവും അവകാശവും.
ക്ഷേത്രാചാര്യരായ തന്ത്രിമാർക്ക് ക്ഷേത്രാചാര താന്ത്രിക വിഷയങ്ങളിൽ അന്തിമമായ തീർപ്പിന് അധികാരമുള്ളതുപോലെ ക്ഷേത്ര ഭരണത്തിലും മറ്റ് ക്ഷേത്ര കാര്യങ്ങളിലും തീർപ്പുകൽപ്പിക്കാനുള്ള അധികാരം ക്ഷേത്രേശരായ ഊരാളർക്ക് ആണ്.
ഗവൺമെൻ്റിനോ രാഷ്ട്രീയക്കാർകോ ക്ഷേത്ര കാര്യങ്ങളിൽ ഇടപെടാൻ യാതൊരു അവകാശവുമില്ല, അനാവശ്യമായി ക്ഷേത്ര കാര്യങ്ങളിൽ ഇടപെടുന്ന രാഷ്ട്രീയക്കാർ അടിയന്തിരമായി പിൻമാറുക, ക്ഷേത്രം ദേവപൂജയ്ക്ക് ഉള്ളതാണ്, അവിടെ പ്രതിഷ്ഠാമൂർത്തിയാണ് പ്രഥമപുരുഷൻ, അവിടെ അനാവശ്യമായി രാഷ്ട്രീയം കളിക്കുന്നത് നിന്ദ്യമാണ്.
ക്ഷേത്രങ്ങളുടെയും മൂർത്തികളുടെയും ഭാവങ്ങൾക്കും സങ്കൽപ സ്വരൂപങ്ങൾക്കും അനുസരിച്ചാണ് ക്ഷേത്ര ക്രമങ്ങൾ രൂപപ്പെടുന്നത് ,അതിൽ മൂർത്തിയുടെ ധ്യാന ഭാവത്തിനും സങ്കൽപത്തിനും അതീവ പ്രാധാന്യമുണ്ട്, മൂർത്തിയുടെ വ്യക്തിത്വവും ധ്യാനസ്വരൂപവും ആണ് വിഗ്രഹീകരിച്ച് ആരൂഢിച്ച് പ്രതിഷ്ഠിക്കുന്നത്, ആ കൽപിത സ്വരൂപത്തിന്റെ പൂർണ്ണതയെ ഉദ്ദേശിച്ചാണ് വിവിധ തരത്തിലുള്ള ആചാരങ്ങളും ക്ഷേത്ര നിയമങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നതിനാൽ ഓരോ മൂർത്തിക്കും ക്ഷേത്രത്തിനും തനതായ സ്വരൂപം (individuality) ഉണ്ട്. ക്ഷേത്രം നിലനിൽക്കാൻ അത് പരിരക്ഷിക്കുക എന്നത് അനിവാര്യമാണ്- വ്യത്യസ്തരായ മൂർത്തികളും ഭാവങ്ങളും ആചരണങ്ങളും ഉള്ള ക്ഷേത്രങ്ങൾ ഒന്നിനൊന്ന് വിഭിന്നമാകയാൽ പൊതു ഇടങ്ങളോ, പൊതു ആരാധനാലയങ്ങളോ അല്ല – ആയതിനാൽ 1965 ലെ ഹിന്ദു പൊതു ആരാധനാലയ പ്രവേശ നിയമത്തിന്റെ പരിധിയിൽ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തരുത് – എന്ന് യോഗം ശക്തമായി ആവശ്യപ്പെട്ടു.
ക്ഷേത്രഭൂമി ദേവന്റെ തന്നെ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയാണ് ,ക്ഷേത്രക്രമങ്ങളും ആചാരാനുഷ്ഠാനങ്ങളും നിത്യനിദാനവും നടത്താനുദ്ദേശിച്ചുള്ള ആ ഭൂമി കൈകാര്യം ചെയ്യാൻ ക്ഷേത്ര ഊരാള മാർക്ക് മാത്രമാണ് അധികാരം, ക്ഷേത്രഭൂമി കൈയ്യടക്കിയവർ അത് അടിയന്തിരമായി അതത് ക്ഷേത്രങ്ങൾക്ക് വിട്ടുനൽകുക – തക്കതായ നഷ്ട പരിഹാരവും നൽകുക, ദേവസ്വം ബോർഡുകൾ പിരിച്ച് വിട്ട് ഊരായ്മ ദേവസ്വം ബോർഡ് രൂപീകരിക്കുകയാണ് ക്ഷേത്രഭരണം ഭദ്രമാക്കാൻ ഉത്തമമായ വഴി എന്ന് യോഗം വിലയിരുത്തി, ദേവസ്വം ബോർഡുകൾ പിരിച്ച് വിടുന്ന കാര്യത്തിനായി സുപ്രീം കോടതിയിൽ നടക്കുന്ന സുബ്രഹ്മണ്യസ്വാമിയുടെ കേസിൽ കക്ഷി ചേരുന്നതിനുള്ള നിയമോപദേശം തേടുവാൻ യോഗം തീരുമാനിച്ചു,
ശബരിമലയിൽ ക്ഷേത്രഭരണത്തിനായുള്ള നിയമനിർമ്മാണം ക്ഷേത്ര ഊരാളരായ പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ ഭരണ സമിതി രൂപീകരിക്കുന്നതിന് വേണ്ടി ആവണം, അത് മൂർത്തിയുടെ ഹിതാനുസരണം ഊരാളരുടെ അറിവോടെയും സമ്മതത്തോടെയും മാത്രമേ പാടുള്ളൂ എന്നും യോഗം അഭിപ്രായപ്പെട്ടു,
ജോ. സെക്രട്ടറി സന്തോഷ് നമ്പ്യാർ യോഗം നിയന്ത്രിച്ചു, ചീഫ് കോ-ഓർഡിനേറ്റർ ബ്രഹ്മശ്രീ പെരിയമന ഹരി നമ്പൂതിരി കൃതജ്ഞത രേഖപ്പെടുത്തി – വൈകിട്ട് 4 മണിക്ക് യോഗം പിരിഞ്ഞു.
ക്ഷേത്ര ഊരാളർ ക്ഷേത്രത്തിന്റെ പിതൃസ്ഥാനീയർ
ക്ഷേത്ര ഊരാളർ ക്ഷേത്രത്തിന്റെ പിതൃസ്ഥാനീയരും ക്ഷേത്രത്തിന്റെ ഭരണ ആചരണ വിഷയങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ അധികാരപ്പെട്ടവരും ആണ് എന്ന് ഉത്തരകേരള ക്ഷേത്ര ഊരാള സഭ.
ശ്രീരാഘവപുരം സഭാ യോഗം ബ്രഹ്മസ്വം മoത്തിൽ വച്ച് ചേർന്ന ഉത്തര കേരള ക്ഷേത്ര ഊരാള സഭയുടെ സമ്മേളനം ചിറക്കൽ കോവിലകം കേരളവർമ്മ തമ്പുരാൻ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു.
ക്ഷേത്ര ഊരാളരുടെ അധികാരാവകാശങ്ങളിൽ ദേവസ്വം ബോർഡ് ജീവനക്കാർ ഇടപെടുന്നതിനെ സമ്മേളനം അപലപിച്ചു.
1965-ലെ ഹിന്ദു പൊതു ആരാധാനാലയ പ്രവേശന നിയമത്തിന്റെ പരിധിയിൽ ക്ഷേത്രങ്ങൾ വരില്ല എന്ന് യോഗം വിലയിരുത്തി.
പ്രസിഡണ്ട് കുഞ്ഞി മാധവൻ കനകത്തിടം അദ്ധ്യക്ഷപ്രസംഗം നടത്തി. E K രാമദാസ് വാഴുന്നവർ ഊരാളരുടെ അവകാശസംരക്ഷണത്തിനായി പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ ബദരീനാഥ് മുൻ റാവൽജി പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി , കിനാവൂർ കോവിലകം KC മാനവർമ്മ രാജ , തന്ത്രി പുടയൂർ കുബേരൻ നമ്പൂതിരി , സെക്രട്ടറി കിനാവൂർ പുതുമന ഗണേഷ് പ്രസാദ്, ചീഫ് കോ-ഓർഡിനേറ്റർ പെരിയ മന വാദ്ധ്യാർ ഹരി നമ്പൂതിരി , ജോ. സെക്രട്ടറി സന്തോഷ് നമ്പ്യാർ എന്നിവർ സംസാരിച്ചു.