അദ്ധ്യയനം പോലെ അനുഷ്ഠാനവും പ്രധാനം

SRSYPRD: 128/2022
26/11/2022

അദ്ധ്യയനം പോലെ അനുഷ്ഠാനവും പ്രധാനം: കോടമന രാമചന്ദ്രഭട്ട്

ഭാരതത്തിൻ്റെ അമൂല്യമായ പാരമ്പര്യവിജ്ഞാനശേഖരം അനുഷ്ഠാനങ്ങളോടും പ്രയോഗങ്ങളോടും കൂടെ തനിമയോടെ സംരക്ഷിക്കപ്പടണമെന്ന് സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാൻ ( എസ്‌ – വ്യാസ ) ഡീംഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. കോടമന രാമചന്ദ്രഭട്ട് അഭിപ്രായപ്പെട്ടു.

ഭാരതത്തിൽ 64 വിദ്യകൾ ഗുരുകുലസമ്പ്രദായത്തിൽ അഭ്യസിപ്പിക്കുകയും കുലധർമ്മങ്ങളുടെ രൂപത്തിൽ നിലനിർത്തുകയും ചെയ്തിരുന്നു. ആഴത്തിലുള്ള പഠനത്തോടൊപ്പം പ്രയോഗത്തിനും അവസരമൊരുക്കുന്നു എന്നതിനാൽ ഗുരുകുല വിദ്യാഭ്യാസപദ്ധതിക്ക് പ്രസക്തി ഏറിവരികയാണ്. അറിവിൻ്റെ എല്ലാ മേഖലകളിലും ഗുരുകുലപാഠശാലകൾക്ക് രൂപം നൽകേണ്ടതുണ്ട്.

ശ്രീരാഘവപുരം സഭായോഗം യജുർവ്വേദപാഠശാലകളിലെ ആചാര്യന്മാരുമായും വിദ്യാർത്ഥികളുമായും സംവദിക്കുകയായിരുന്നു രാമചന്ദ്ര ഭട്ട്. ചെറുതാഴം രാമപാദം യജുർവ്വേദപാഠശാലയും ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടും അദ്ദേഹം സന്ദർശിച്ചു. കേരളത്തിലെ ഗുരുകുലപാഠശാലകളുടെ പ്രവർത്തനരീതികൾ വിലയിരുത്തുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം. സഭായോഗം സെക്രട്ടറി ഹരി പേർക്കുണ്ഡി വാദ്ധ്യാൻ, ചേറ്റൂർ പാഠശാല ആചാര്യൻ കീഴാനെല്ലൂർ ഭവൻ നമ്പൂതിരി, നീലമന ശങ്കരൻ നമ്പൂതിരി, വെള്ളിയോട് മാധവൻ നമ്പൂതിരി, ഡോ. വാരണക്കോട് ഗോവിന്ദൻ നമ്പൂതിരി, ഡോ. ചേറ്റൂർ കൃഷ്ണൻ നമ്പൂതിരി , സന്തോഷ് താന്നിക്കാട് എന്നിവർ സംസാരിച്ചു. രാഘവപുരം ക്ഷേത്രത്തിൽ രാമചന്ദ്ര ഭട്ടിനെ പൂർണ്ണകുംഭത്തോടെ സ്വീകരിച്ചു. എക്സിക്യുട്ടീവ് ഓഫീസർ അടിമന വാസുദേവൻ നമ്പൂതിരി, രാമപാദം പാഠശാല ആചാര്യൻ ആമല്ലൂർ സംഗമേശൻ നമ്പൂതിരി, ഗോകുലാനന്ദൻ കെ.വി. എന്നിവർ സംസാരിച്ചു.