വാർഷികസഭയ്ക്കും ഭജനത്തിനും തിരിതെളിഞ്ഞു

ചെറുതാഴം: കണ്ണൂർ ജില്ലയിൽ ചെറുതാഴത്ത് സഭായോഗം വക ക്ഷേത്രമായ കണ്ണിശ്ശേരിക്കാവിൽ തെക്കേ മഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി തൃപ്പാദങ്ങൾ ഭദ്രദീപപ്രോജ്ജ്വലനം നടത്തിയതോടെ ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ഈവർഷത്തെ വാർഷികസഭയും ഭജനവും തുടങ്ങി.

വാർഷികസഭ ജന. കൺവീനർ ഡോ. ഓമന്യം ചേറ്റൂർ കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞ ചടങ്ങിൽ സഭായോഗം പ്രസിഡൻ്റ് ബദരീനാഥ് മുൻ റാവൽജി ബ്രഹ്മശ്രീ. പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

പ്രസ്തുത ചടങ്ങിൽ വേദത്തിനും വൈദികസംസ്കൃതിക്കുമുള്ള സമഗ്രസംഭാവന മുൻനിർത്തിയുള്ള ശ്രോത്രിയരത്നം പുരസ്കാരം തന്ത്രി ബ്രഹ്മശ്രീ. തെക്കിനേടത്ത് തരണനെല്ലൂർ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാട് യജുർവ്വേദാചാര്യൻ ബ്രഹ്മശ്രീ. അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരിക്ക് സമ്മാനിച്ചു.

ചെറുതാഴം പഞ്ചായത്ത് പ്രസിഡൻ്റ് എം. ശ്രീധരൻ, നായ്ക്കർ പ്രതിനിധി കുറുമാത്തൂർ ഹരി നമ്പൂതിരിപ്പാട്, ഇരിങ്ങാലക്കുട സഭായോഗം സെക്രട്ടറി കെ.സി. രാമൻ നമ്പൂതിരി പെരുവനം ഗ്രാമസഭ സെക്രട്ടറി രവീന്ദ്രനാഥ് പട്ടത്ത്, തൃശ്ശൂർ വടക്കേ ബ്രഹ്മസ്വം മഠം പ്രസിഡൻ്റ് അഡ്വ. പി. പരമേശ്വരൻ നമ്പൂതിരി, ശ്രീ ശൃംഗേരി ശങ്കരമഠം കാലടി ഹോണററി മാനേജർ പ്രൊഫ. എ. സുബ്രഹ്മണ്യ അയ്യർ, ഇരിങ്ങാലക്കുട യജുർവ്വേദപാഠശാല പ്രസിഡണ്ട് പന്തൽ വൈദികൻ പരമേശ്വരൻ നമ്പൂതിരി, ആലുവ തന്ത്രവിദ്യാപീഠ० കുലപതി മണ്ണാറശ്ശാല സുബ്രഹ്മണ്യൻ നമ്പൂതിരി, ആദ്ധ്യാത്മികപ്രഭാഷകൻ എ കെ ബി നായർ, ഹനുമൽ സേവാസമിതി പ്രതിനിധി ഗോകുലാനന്ദൻ കെ. വി. തുടങ്ങിയവർ ചടങ്ങിന് ആശംസയേകി. സഭായോഗം പി ആർ ഡിപ്പാർട്ട്മെൻ്റ് ചെയർപേഴ്സൺ ഡോ. ധന്യ എഗ്‌ഡ നീലമന നന്ദി പറഞ്ഞു.