ബദരീനാഥ് മുൻ റാവൽജി പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി നിര്യാതനായി

SRSYPRRD:140/2022
30/12/2022

ബദരീനാഥ് മുൻ റാവൽജി പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി നിര്യാതനായി

പെരിഞ്ചെല്ലൂർ ഗ്രാമം രാഘവപുരം സഭായോഗത്തിൽ വസിഷ്ഠഗോത്രത്തിൽ വാസുദേവമംഗലം എന്ന പാച്ചമംഗലത്തില്ലത്ത് ഈശ്വരൻ നമ്പൂതിരിയുടേയും ദേവകി അന്തർജ്ജനത്തിൻ്റേയും മകനായി 1960 ൽ ജനനം.

പത്നി പള്ളത്തില്ലത്ത് ഗൗരി അന്തർജ്ജനം (ടീച്ചർ, ചിന്മയ വിദ്യാലയം തളിപ്പറമ്പ് ). മക്കൾ ശ്രീനാഥ് (യു.കെ) , ബദരിപ്രസാദ് (ബി.ഡി.എസ് വിദ്യാർത്ഥി, മംഗലാപുരം) സഹോദരങ്ങൾ – കേശവൻനമ്പൂതിരി, നാരായണൻ നമ്പൂതിരി, ഗോവിന്ദൻ നമ്പൂതിരി, സാവിത്രി അന്തർജനം

പേർക്കുണ്ടി പെരിയമന ഇല്ലത്ത് ഈശ്വരവാദ്ധ്യാൻ നമ്പൂതിരിയുടെ കീഴിൽ വൈദിക – താന്ത്രികപഠനം. കണ്ണൂർ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലായി ആധുനികവിദ്യാഭ്യാസം.

കൊച്ചി – തിരുവിതാംകൂർ ദേവസ്വങ്ങളിൽ പൂജാരിയായി തുടക്കം. 1981 മുതൽ 1985 വരെ കുന്നാവ് ദുർഗ്ഗാക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം, വേദാന്തപഠനം, സത്സംഗങ്ങൾ. 1981 ൽ 21 ആം വയസ്സിൽ മുത്തച്ഛൻ ചന്ദ്രമന ഗണപതി നമ്പൂതിരിയോടൊപ്പം വിശ്വപ്രസിദ്ധ വൈഷ്ണവ ക്ഷേത്രമായ ബദരീനാഥിൽ എത്തി. ശങ്കരാചാര്യർ ബൗദ്ധരിൽ നിന്നും ബദരീനാഥ് ക്ഷേത്രം തിരിച്ചുപിടിച്ച് നാരദകുണ്ഡത്തിലെ വിഗ്രഹം കണ്ടെത്തി പുനഃപ്രതിഷ്ഠ നിർവ്വഹിച്ചപ്പോൾ അദ്വൈതസിദ്ധാന്തസ്ഥാപനത്തിന് തനിക്ക് പൂർണ്ണപിന്തുണ നൽകിയ നമ്പൂതിരി ബ്രാഹ്മണകുടുംബങ്ങൾക്കാണ് അവിടെ മുഖ്യപുരോഹിത (റാവൽ) സ്ഥാനം നിശ്ചയിച്ചു നൽകിയത്. പാച്ചമംഗലം ഇതിൽ പെടുന്നു.

1985 മുതൽ 1993 വരെ നയിബ് റാവൽ ( ഉപ റാവൽ ) ആയും പെരുമ്പ നാരായണൻ നമ്പൂതിരിക്ക് ശേഷം മുഖ്യറാവൽ ആയും ശ്രീധരൻ നമ്പൂതിരി ബദരീനാഥിൽ സേവനം അനുഷ്ഠിച്ചു.

റാവൽജി ആയിരിക്കെ നാലു ശങ്കരപീഠങ്ങളിലേയും ശങ്കരാചാര്യസ്വാമിമാരെ രക്ഷാധികാരികളാക്കി ആദിശങ്കര അദ്വൈത ഫൗണ്ടേഷൻ സ്ഥാപിച്ചു. ഫൗണ്ടേഷൻ്റെ കീഴിൽ നിരവധി സ്കൂളുകൾ ആരംഭിച്ചു. ആദ്ധ്യാത്മിക സത്രങ്ങൾ, ആരോഗ്യക്യാമ്പുകൾ, വനവൽക്കരണപ്രവർത്തനങ്ങൾ എന്നിവ നടത്തി. ആർ. വെങ്കട്ടരാമൻ, കെ.ആർ. നാരായണൻ തുടങ്ങിയ രാഷ്ട്രപതിമാരുമായും രാജീവ് ഗാന്ധി, വി.പി. സിങ്, പി.വി. നരസിംഹറാവു, എ.ബി. വാജ്പേയി തുടങ്ങിയ പ്രധാനമന്ത്രിമാരുമായും നിരവധി വേദികൾ പങ്കുവെച്ചു.

ശൃംഗേരി, ദ്വാരക, പുരി, ബദരി, കാഞ്ചി, രാമചന്ദ്രാപുരം തുടങ്ങിയ ശങ്കരാചാര്യസ്വാമികളുമായും കേരളത്തിലെ മൂപ്പിൽ സ്വാമിയാർമാരുമായും കേദാർനാഥ്, മൂകാംബിക തുടങ്ങിയ മഹാക്ഷേത്രങ്ങളിലെ പുരോഹിതരുമായും സന്യാസിവര്യന്മാരുമായും പണ്ഡിതരുമായും അടുത്ത ബന്ധം സൂക്ഷിച്ചു.

1200 വർഷം പഴക്കമുള്ള ചെറുതാഴം ശ്രീരാഘവപുരം സഭായോഗം 2018 ൽ പുന:സംഘടിപ്പിക്കുന്നതിലും കേവലം 4 വർഷം കൊണ്ട് കേരളത്തിലെ പ്രമുഖധർമ്മസംഘടനയായി വളർത്തിയെടുക്കുന്നതിലും നിർണ്ണായകപങ്ക് വഹിച്ചു. 2018 മുതൽ സഭായോഗത്തിൻ്റെ അദ്ധ്യക്ഷനായി പ്രവർത്തിച്ചുവരികയായിരുന്നു. അദ്ദേഹത്തിൻ്റെ സമർത്ഥമായ നേതൃത്വത്തിൽ കുറിച്ചിത്താനം സാമവേദപാഠശാല ഉൾപ്പെടെ 4 വേദപാഠശാലകളും അഖിലകേരള ക്ഷേത്ര ഊരാളസഭ ട്രസ്റ്റ്, മേധ ഡിജിറ്റൽ സോഷ്യൽ എൻ്റർപ്രൈസസ്, ഔഷധമിത്ര ഫാർമർ പ്രൊഡ്യൂസർ കമ്പനി, സഭായോഗം അക്കാദമി, ശ്രീരാഘവപുരം സംഗീതസഭ, ശ്രീരാഘവപുരം ഹിസ്റ്ററി കൗൺസിൽ, കണ്ണിശ്ശേരിക്കാവ് ഔഷധോദ്യാനം, പ്രചോദനി ദിവ്യാംഗൻ നോട്ടുബുക്ക് നിർമ്മാണയൂണിറ്റ്, താര ഹോൾഡിങ്ങ്സ് തുടങ്ങിയ നിരവധി സംരംഭങ്ങളും ആരംഭിക്കുവാൻ സഭായോഗത്തിന് കഴിഞ്ഞു. പ്രായമായ പശുക്കളെ സംരക്ഷിക്കാനുള്ള പെരുവാമ്പ ധർമ്മഗോശാല, വേദവേദാംഗങ്ങളിൽ ഉപരിപഠനത്തിനുള്ള സരസ്വതീകേന്ദ്രം ഇവയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചു.

കേവലം നാലുദിവസം മുന്നേ സഭായോഗത്തിൻ്റെ 1229 ആമത് വാർഷികസഭയും ത്രിവേദഭജനവും ചെറുതാഴത്ത് കണ്ണിശ്ശേരിക്കാവിൽ ഉദ്ഘാടനം ചെയ്തപ്പോൾ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചതും ശ്രീധരൻ നമ്പൂതിരിയാണ്.

Stooping to Conquer എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. ഒട്ടേറെ പ്രൗഢമായ ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ഷേത്രദർശനം മാസിക, ആയുർമഠം വൈദ്യശാല ഇവയുടെ ഉപദേഷ്ടാവാണ്.