ഗോവിന്ദൻ നമ്പൂതിരി – പുതിയ അദ്ധ്യക്ഷൻ

പെരിയാട്ട് തലക്കോട് ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരിയെ (Dr. TCG നമ്പൂതിരി) ശ്രീരാഘവപുരം സഭായോഗത്തിൻ്റെ പുതിയ അദ്ധ്യക്ഷനായി ഭരണസമിതി തെരഞ്ഞെടുത്തു.

ഭാഗവതാചാര്യനും വേദ-ജ്യോതിഷപണ്ഡിതനുമായിരുന്ന ബ്രഹ്മശ്രീ. തലക്കോട് ചന്ദ്രമന നാരായണൻ നമ്പൂതിരിയുടെയും തെക്കെക്കര ജനാള പെരികമന ഇല്ലത്തെ മകൾ സാവിത്രി അന്തർജ്ജനത്തിൻ്റെയും മകനാണ്. മണ്ടൂർ LPS, മാടായി UPS, മാടായി HS എന്നിവിടങ്ങളിൽ നിന്ന് സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കി. 1976 ൽ പയ്യന്നൂർ കോളേജിൽ നിന്നും ഇക്കണോമിക്സിൽ ബിരുദമെടുത്ത് അടുത്ത വർഷം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലാർക്കായി ഔദ്യോഗികജീവിതം ആരംഭിച്ചു. പടിപടിയായി ഉയർന്ന് അവിടെ ചീഫ് മാനേജർ പദവിയിൽ എത്തി. 2008 ൽ ലക്ഷ്മി വിലാസ് ബാങ്കിൽ അസി. ജനറൽ മാനേജർ തസ്തികയിൽ പ്രവർത്തനമാരംഭിച്ചു. 2012 ൽ ഇന്ത്യൻ ബാങ്കിംഗ് രംഗത്തെ ഏറ്റവും മികച്ചതും പ്രധാനപ്പെട്ടതുമായ ബാങ്കിംഗ് പരിശീലനസ്ഥാപനമായ Indian Institute of Banking & Finance ൽ Joint Director ആയി ചേർന്നു. തൻ്റെ പ്രവർത്തനമികവിലൂടെ 2015 ൽ ഉയർന്ന് ഡയരക്ടർ പദവിയിൽ എത്തി. നേരത്തെ ഔദ്യോഗിക സേവനത്തിനിടയിൽ തന്നെ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് Economics ൽ ബിരുദാനന്തരബിരുദവും കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് PhD പഠനവും അദ്ദേഹം പൂർത്തിയാക്കിയിരുന്നു. ബാങ്കിംഗ് സംബന്ധിച്ച് നിരവധി ആധികാരികഗ്രന്ഥങ്ങളും പ്രബന്ധങ്ങളും ഗോവിന്ദൻ നമ്പൂതിരിയുടെ സംഭാവനയായി ഉണ്ട്.

2020 ൽ ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ച ശേഷം പിതാവിൻ്റെ ആത്മീയപാതയിൽ ശ്രീമദ് ഭാഗവതോപാസന ചെയ്തുവരുന്നു. വേദധർമ്മപ്രചാരണത്തിലും ഗോസംരക്ഷണത്തിലും അദ്ദേഹം ശ്രദ്ധാലുവാണ്. 2018 ൽ സഭായോഗം പുന:സംഘടിപ്പിച്ചപ്പോൾ അതിൻ്റെ രക്ഷാധികാരികളിലൊരാളായി. തുടർന്നിങ്ങോട്ട് സഭായോഗം പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രവർത്തനങ്ങളിൽ സജീവപങ്കാളിത്തം വഹിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിച്ച് വരുന്ന തൈത്തിരീയ സസ്വര പഠന സമിതിയിൽ ചേർന്ന് യജുർവേദ സസ്വര പാരായണ കോഴ്സ് പൂർത്തിയാക്കി.

കണ്ണൂർ ജില്ലയിൽ ചെറുതാഴം വില്ലേജിൽ മണ്ടൂര് തലക്കോട്ട് തറവാട്ടില്ലത്ത് താമസം. പഴിച്ചയിൽ ചേറ്റൂരില്ലത്തെ മകൾ ശ്രീമതി. രമണി അന്തർജനം പത്നിയാണ്. മക്കൾ നാരായണൻ, ശ്യാം പ്രസാദ്. മരുമകൾ പത്മിനി നാരായണൻ. പരേതനായ ടി. സി. കേശവൻ നമ്പൂതിരി, ദ്രൗപതി അന്തർജനം (പെരിയാട്ട് വെള്ളിയോട്ടില്ലം) സരസ്വതി അന്തർജനം (കുറുവേലി പുതുമന ഇല്ലം) എന്നിവർ സഹോദരങ്ങളാണ്.

ദിവംഗതനായ അദ്ധ്യക്ഷൻ ബദരീനാഥ് മുൻ റാവൽജി ബ്രഹ്മശ്രീ. പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി തെളിയിച്ച പാതയിൽ സഭായോഗത്തിലൂടെ ധർമ്മസമൂഹത്തിൻ്റെ ആദ്ധ്യാത്മികവും ഭൗതികവുമായ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കാൻ പുതിയ പ്രസിഡൻ്റിന് – ഞങ്ങളുടെ പ്രിയപ്പെട്ട ഗോപിയേട്ടന് – ശ്രീരാഘവപ്പെരുമാൾ ആയുസ്സും ആരോഗ്യവും ആർജ്ജവവും നൽകട്ടെ എന്ന് ആശംസിക്കുന്നു.