ശ്രീശങ്കരാചാര്യസ്വാമികളുടെ ശില്പം അനാച്‌ഛാദനം

വേദാന്തസാരമായ അദ്വൈതചിന്താസരണിയെ ഭാരതവർഷത്തിൽ പ്രചരിപ്പിക്കുകയും അതുവഴി സനാതനധർമ്മത്തെ പ്രോജ്ജ്വലിപ്പിച്ച് നിലനിർത്തുകയും ചെയ്ത ഈശ്വരാവതാരമാണല്ലോ ജഗദ്ഗുരു ആദി ശങ്കരാചാര്യസ്വാമികൾ.  ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ചരിത്രം ആചാര്യസ്വാമികളുമായും  ശിഷ്യപരമ്പരകളുമായും പല വിധത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു. 

പ്രാത:സ്മരണീയനായ ആ വിശ്വഗുരുവിൻ്റെ ഒരു കമനീയശില്പം ചെറുതാഴം  കണ്ണിശ്ശേരിക്കാവ് പരിസരത്ത്  കെ.എസ്.ടി.പി. ഹൈവേക്ക് അഭിമുഖമായി    സഭായോഗം സ്ഥാപിക്കുകയാണ്.  ആചാര്യപാദരുടെ ശില്പം അവിടത്തെ  അവതാരഭൂമിയായ കേരളത്തിൽ അധികം ഉള്ളതായി അറിവില്ല. സമൂഹം വളരെയധികം പാശ്ചാത്യവൽക്കരിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത് നമ്മുടെ പുതുതലമുറക്ക് ആ ജ്ഞാനസ്വരൂപനെയും അദ്വൈതധാരയെയും അറിയുവാനുള്ള അഭിവാഞ്ഛ ജനിപ്പിക്കുകയാണ് പ്രതിമാസ്ഥാപനത്തിൻ്റെ ഉദ്ദേശ്യം. ജഗദ്ഗുരുവിൻ്റെ ചൈതന്യവത്തായ ശില്പം സിമന്റിൽ തീർത്തത്  പ്രസിദ്ധശില്പിയും ചിത്രകാരനുമായ റിട്ട. അദ്ധ്യാപകൻ ശ്രീ. വടക്കിനേടത്ത് പാലക്കീഴ് വാസുദേവൻ നമ്പൂതിരിയാണ്. 

2024 ജനവരി 22 മുതൽ 28 വരെ കണ്ണിശ്ശേരികാവിൽ വച്ച് നടക്കുന്ന ശ്രീരാഘവപുരം സഭായോഗത്തിൻ്റെ 1230-ാമത് വാർഷികസഭ – വേദഭജനത്തിൻ്റെ മുന്നോടിയായി ജനവരി 14 ഞായറാഴ്ച വൈകീട്ട് മകരസംക്രമത്തിന് മുമ്പായിട്ടാണ് പ്രതിമാസ്ഥാപനച്ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

വിശദ വിവരങ്ങൾ