ശ്രീരാഘവപുരം സഭായോഗത്തിൻ്റെ 1230-ാമത് വാർഷികസഭയും വേദഭജനവും കണ്ണൂർ ജില്ലയിലെ ചെറുതാഴം കണ്ണിശ്ശേരിക്കാവിൽ വച്ച് സമുചിതമായി ആചരിച്ചു.
ജനുവരി 22 മുതൽ 28 വരെ 7 ദിവസമായി നടന്ന സമാഗമത്തിൽ ഒട്ടേറെ വേദജ്ഞരും ആദ്ധ്യാത്മിക-സാംസ്കാരിക -രാഷ്ട്രീയ മേഖലകളിലെ കേരളത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖവ്യക്തികളും പങ്കുകൊണ്ടു.
ജനുവരി 22 ന് രാവിലെ അഷ്ടദ്രവ്യഗണപതിഹോമത്തോടുകൂടി ആരംഭിച്ച ചടങ്ങുകൾ ജനുവരി 28 ഞായറാഴ്ച ദേവീമാഹാത്മ്യപാരായണത്തോടെയാണ് സമാപിച്ചത്.
വേദഭജനത്തിൻ്റെ ഭാഗമായി നടന്ന ഋഗ്വേദമുറജപത്തിൽ സർവ്വശ്രീ. നാരായണമംഗലം അഗ്നിശർമ്മൻ നമ്പൂതിരി, തിരുത്തിമുക്ക് വാസുദേവൻ നമ്പൂതിരി, പുരളിപ്പുറം ശ്രീധരൻ നമ്പൂതിരി, നമ്പ്രം ശ്രീഹരി നമ്പൂതിരി എന്നിവർ പങ്കുകൊണ്ടു. സാമവേദജപത്തിന് ബ്രഹ്മശ്രീ. ഡോ. തോട്ടം ശിവകരൻ നമ്പൂതിരി നേതൃത്വം നൽകി. യജുർവ്വേദജപം സർവ്വശ്രീ. പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി, കീഴാനെല്ലൂർ ഭവൻ നമ്പൂതിരി, കൂടപ്പുഴ പരമേശ്വരൻ നമ്പൂതിരി, കീഴാനെല്ലൂർ യതീന്ദ്രൻ നമ്പൂതിരി, ജനാള പെരിയമന വാദ്ധ്യാൻ കേശവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ നടന്നു. സാമവേദജപത്തിലും യജുർവ്വേദജപത്തിലും ശ്രീരാഘവപുരം സഭായോഗം വേദപാഠശാലകളിലെ വിദ്യാർത്ഥികളും പങ്കുകൊണ്ടു. യജുർവ്വേദമുറഹോമം, മൂന്നു വേദങ്ങളിലും വാരമിരിക്കൽ എന്നിവയും ഉണ്ടായി.
ജനുവരി 26 ന് വാർഷികസദസ്സ് തൃക്കൈക്കാട്ട് മഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ തൃപ്പാദങ്ങളുടെ അദ്ധ്യക്ഷതയിൽ വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡണ്ട് അഡ്വ. അലോക് കുമാർ ഉദ്ഘാടനം ചെയ്തു. കണ്ണിശ്ശേരിക്കാവിൽ നിർദ്ദിഷ്ട വേദമന്ദിരത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. ശൃംഗേരി ശാരദാപീഠം അഡ്മിനിസ്ട്രേറ്റർ പത്മശ്രീ ഡോ. വി. ആർ. ഗൗരീശങ്കർ വിശിഷ്ടാതിഥിയായി. എടനീർ മഠം സ്വാമിയാർ സച്ചിദാനന്ദഭാരതി തൃപ്പാദങ്ങൾ, ബദരീനാഥ് റാവൽജി ബ്രഹ്മശ്രീ. വടക്കേ ചന്ദ്രമന ഈശ്വരപ്രസാദ് നമ്പൂതിരി എന്നിവർ അനുഗ്രഹഭാഷണം ചെയ്തു. സഭായോഗത്തിൻ്റെ പരമോന്നതപുരസ്കാരമായ ശ്രോത്രിയരത്നം ബഹുമതി കോലത്തിരി തമ്പുരാൻ ഉത്രട്ടാതി തിരുനാൾ രാമവർമ്മ രാജ പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിച്ചു.
ജനുവരി 27 ന് ഡോ. കൊമ്പങ്കുളം വിഷ്ണു സോമയാജിയുടെ അദ്ധ്യക്ഷതയിൽ ശാസ്ത്രവിചാരസദസ്സ് ബ്രഹ്മശ്രീ. കുഴിക്കാട് അക്കീരമൺ കാളിദാസഭട്ടതിരി ഉദ്ഘാടനം ചെയ്തു. ജ്യോതിഷവും കാലാവസ്ഥയും എന്ന വിഷയത്തിൽ പ്രമുഖപണ്ഡിതർ പ്രബന്ധം അവതരിപ്പിച്ചു.
ജനുവരി 28 ന് നടന്ന സാംസ്കാരികസമ്മേളനത്തിൽ ഡോ. വാരണക്കോട് ഗോവിന്ദൻ നമ്പൂതിരി അദ്ധ്യക്ഷനായി. നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് അച്യുതാനന്ദഭാരതി തൃപ്പാദങ്ങൾ അനുഗ്രഹഭാഷണം ചെയ്തു. മുൻ മിസോറാം ഗവർണർ ശ്രീ. കുമ്മനം രാജശേഖരൻ വിശിഷ്ടാതിഥിയായി.
കേരളത്തിലെ വിവിധ ജില്ലകളിലായി സഭായോഗം രൂപീകരിച്ച മുപ്പതോളം ദേശസമിതികളെ പ്രതിനിധീകരിച്ച് ധാരാളം ധർമ്മബന്ധുക്കൾ ഭജനത്തിലും സത്സംഗത്തിലും പങ്കെടുത്തു. നാലായിരം പേർക്ക് ഭക്ഷണം വിളമ്പി.
ശ്രീരാഘവപുരത്ത് കളഭം, നിത്യേന വിശേഷാൽ ഗണപതിഹോമം, ശ്രീരാമപൂജ, ഭഗവതിസേവ, അരുണനമസ്കാരം, അശ്വമേധനമസ്കാരം, സർപ്പബലി, ചക്രാബ്ജപൂജ, കാൽകഴുകിച്ചൂട്ട്, 101 ബ്രാഹ്മണരുടെ സഹസ്രനാമലക്ഷാർച്ചന, അഷ്ടോത്തരജപം, ഭാഗവതപാരായണം, കലശപൂജ തുടങ്ങി ഒട്ടേറെ സൽകർമ്മങ്ങൾ വാർഷികസഭ നിമിത്തമായി ചെയ്യുവാൻ ഇത്തവണ നമുക്ക് ഭാഗ്യം സിദ്ധിച്ചു.
സംഗീതാർച്ചന, നൃത്തനൃത്യങ്ങൾ, കഥകളി, അക്ഷരശ്ലോകസദസ്സ്, തിരുവാതിര തുടങ്ങിയ പരിപാടികൾ കലാസ്വാദകരുടെയും നാട്ടുകാരുടെയും മനസ്സ് നിറച്ചു. ജനവരി 22 അയോദ്ധ്യ പ്രാണപ്രതിഷ്ഠാദിനത്തിൽ കണ്ണിശ്ശേരിക്കാവിൽ അശോകവൃക്ഷത്തൈകൾ നടുകയുണ്ടായി. ജപവേദിയായി പരമ്പരാഗതരീതിയിൽ ഓലപ്പന്തലൊരുക്കി. സമ്മേളനത്തിൽ പങ്കെടുത്ത വിശിഷ്ടവ്യക്തികളും ഭക്തരും കാവ് പരിസരത്ത് പുതുതായി നിർമ്മിച്ച ശങ്കരാചാര്യസ്വാമികളുടെ പൂർണ്ണകായപ്രതിമയിൽ പുഷ്പാർച്ചന നടത്തി വണങ്ങി. സഭായോഗത്തിൻ്റെ കീഴിൽ ദിവ്യാംഗരുടെ യൂണിറ്റിൽ നിർമ്മിച്ച പ്രചോദനി നോട്ടുബുക്കുകളാണ് ഇത്തവണ വിശിഷ്ടാതിഥികൾക്ക് സമ്മാനമായി നൽകിയത്. മുറ ജപിച്ച നെയ്യ് കേരളത്തിലുടനീളം വേദഭക്തർക്ക് യജ്ഞപ്രസാദമായി വിതരണം ചെയ്യുവാനും സാധിച്ചു. വാർഷികസഭക്ക് അനുബന്ധമായി കണ്ണിശ്ശേരിക്കാവ് പരിസരത്ത് 4 ലക്ഷം രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തി ഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചതടക്കം ഏതാണ്ട് 16 ലക്ഷം രൂപയാണ് ഇത്തവണ വാർഷികത്തിനും അനുബന്ധകാര്യങ്ങൾക്കും ചെലവു വന്നത്. അയച്ച വ്യക്തികളുടെ പൂർണ്ണവിവരങ്ങൾ ഇല്ലാത്ത 1.5 ലക്ഷം രൂപ അടക്കം 16 ലക്ഷം രൂപയാണ് വരവ്.
ചുരുക്കത്തിൽ സജ്ജനങ്ങളുടെ കൂട്ടായ്മയിൽ വേദസംരക്ഷണവും അനുബന്ധ ധർമ്മപ്രവർത്തനങ്ങളും കൂടുതൽ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രചോദനമേകുന്നതായി ഈ വർഷത്തെ വാർഷികസഭ. വേദമന്ദിരം, പ്രായമായവർക്കുള്ള ധർമ്മാശ്രമം, ധർമ്മഗോശാല, ശങ്കരാചാര്യ മഠങ്ങളുടെ നവീകരണം തുടങ്ങി കുറഞ്ഞത് 10 കോടി രൂപ വേണ്ടിവരുന്ന പ്രൊജക്റ്റുകളാണ് നമുക്ക് മുന്നിലുള്ളത്. നിങ്ങളേവരുടെയും സഹായത്തിൽ ഇവ താമസം വിനാ പൂർത്തീകരിക്കാൻ സഭായോഗത്തിന് കഴിയണേ എന്ന് ശ്രീരാമചന്ദ്രസ്വാമിയോട് പ്രാർത്ഥിക്കുന്നു. ഭജനത്തിൽ യഥാശക്തി തനു-മന-ധനസമർപ്പണം ചെയ്ത് ഭാഗഭാക്കായ എല്ലാ സജ്ജനങ്ങൾക്കും സ്വാമിയുടെ അനുഗ്രഹം ഉണ്ടാവണേ എന്നും പ്രാർത്ഥിക്കുന്നു.
സംഘാടകസമിതിക്കു വേണ്ടി,
ഡോ. ഒ.സി. കൃഷ്ണൻ നമ്പൂതിരി ( ജന. കൺവീനർ )
ഡോ. ഇ.എൻ. ഈശ്വരൻ നമ്പൂതിരി ( ചെയർമാൻ )
varshikam.sreeraghavapuram.in
sreeraghavapuram.in
SRSYPRD 22/2024
02/03/2024