ശ്രീരാഘവപുരം സഭായോഗം പാഠശാല സന്ദർശിച്ച് ചിദംബരം ദീക്ഷിതർ
ശ്രീരാഘവപുരം സഭായോഗം ചെറുതാഴം രാമപാദം പാഠശാലയിൽ ചിദംബരം നടരാജക്ഷേത്രത്തിലെ പെരിയമ്പി ദീക്ഷിതരും രണ്ടു സഹോദരന്മാരും സന്ദർശനം നടത്തി.
നടരാജസ്വാമിയുടെ ഇടത്തെ കാലിൽ അണിയുന്ന സർവ്വപാപനാശകവും സർവ്വൈശ്വര്യദായകവും ആയ കുഞ്ചിതപാദം ദീക്ഷിതർ നമുക്ക് സമ്മാനിച്ചു. വാദ്ധ്യാരും ഭാരവാഹികളും കുട്ടികളും കുഞ്ചിതപാദം ശിരസ്സിൽ സ്വീകരിച്ചു. പാഠശാലയിൽ ആ സമയം ഉണ്ടായിരുന്ന കുട്ടികൾ ദീക്ഷിതരുടെ മുന്നിൽ വേദം ചൊല്ലി. പെട്ടെന്ന് തയ്യാറാക്കിയ ലളിതമായ ഭക്ഷണം കഴിച്ച് സഭായോഗത്തിന് ഐശ്വര്യവും സമൃദ്ധിയും ആശംസിച്ചും അനുഗ്രഹിച്ചും ദീക്ഷിതർ സഹോദരങ്ങൾ മടങ്ങി. പ്രശസ്ത ആയുർവേദ ഭിഷഗ്വരനായ ഡോ. സനലിനൊപ്പമാണ് ദീക്ഷിതർമാർ ചെറുതാഴത്ത് എത്തിയത്.
രാഘവപുരം സഭായോഗത്തിൽ നാലു ഗുരുകുലപാഠശാലകളിലായി 24 കുട്ടികൾ 12 വർഷത്തെ വേദ-ശാസ്ത്രാദ്ധ്യയനം ചെയ്യുന്നു. യജുർവ്വേദവും സാമവേദവും ആണ് പഠിപ്പിക്കുന്നത്. കേരള സമ്പ്രദായത്തിൽ വേദം പഠിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു. ആകെ 100 വിദ്യാർത്ഥികൾ മാത്രമാണ് കേരളത്തിലാകെ നിലവിൽ ഉള്ളത്.



