ശ്രീരാഘവപുരം സംഗീതസഭ, മൃദംഗവാദ്യരംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചുവരുന്ന വിദ്വാൻ ബ്രഹ്മശ്രീ. കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരിയെ ആദരിച്ചു. പരിപാടിയിൽ ഡോ: പുതുക്കുളം ശ്രീധരൻ നമ്പൂതിരി അദ്ദേഹത്തിന് ഉപഹാരം നൽകി. ചടങ്ങിൽ ശ്രീരാഘവപുരം സംഗീതസഭയുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ബ്രഹ്മശ്രീ. പരമേശ്വരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. വേദങ്ങളുടേയും ഭാരതീയ ക്ലാസിക്കൽ കലകളുടേയും പ്രാധാന്യവും നമ്മുടെ മഹത്തായപൈതൃകത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. മഹാനായ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ സന്തതസഹചാരി ആയിരുന്ന ബ്രഹ്മശ്രീ. കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി ആ സ്മരണകളും വേദിയിൽ പങ്കുവച്ചു.
ഓൺലൈനായി നടത്തിയ പരിപാടി കുമാരി ഗൗരി പ്രസാദ്.കെ.യുടെ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. തുടർന്ന് സാഹിത്യസംഗീതമണി താമരശ്ശേരി ഈശ്വരൻ ഭട്ടതിരി (പ്രിൻസിപ്പൽ, വില്ലുപുരം സംഗീത കോളേജ്,ചെന്നൈ) അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു. കുടൽവള്ളി കേശവൻ നമ്പൂതിരി (പ്രസിഡണ്ട്, ശ്രീരാഘവപുരം സംഗീതസഭ) ചടങ്ങിന് സ്വാഗതമോതി.
ചെമ്പൈ സ്വാമികളുടെ ജന്മദിനത്തിൽ തന്നെ നടന്ന പരിപാടിയിൽ ഭാഗവതരുടെ ശിഷ്യനായ പ്രസിദ്ധസംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി മാസ്റ്റർ ഭാഗവതരോടും കൊങ്ങോർപ്പിള്ളിയോടും ഒപ്പമുള്ള സ്മരണകൾ പങ്കുവച്ചു. ആശംസകൾ അർപ്പിച്ചു സംസാരിച്ച പയ്യന്നൂർ.ടി.ഗോവിന്ദപ്രസാദ് (മുഖർശംഖ് വിദ്വാൻ) കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരിക്ക് ആയുരാരോഗ്യസൗഖ്യം ആശംസിച്ചു.
സംഗീതസഭയുടെ ലോഗോയുടെ ആശയം അവതരിപ്പിച്ചുകൊണ്ട് ഡോ: പാർവതി കെ.പി. (അസ്സോസ്യേറ്റ് പ്രൊഫസർ – സംസ്കൃതം, വി.ടി.ബി.കോളേജ്) സംസാരിച്ചു.
വി.ജെ.പി.നാരായണൻ നമ്പൂതിരി (സഭായോഗം ഭരണസമിതി അംഗം) വെതിരമന വിഷ്ണു നമ്പൂതിരി (എം.ഡി.കേശവതീരം ആയുർവേദഗ്രാമം) എന്നിവരും സംഗീതസഭയുടെ ഈ പരിപാടിക്ക് ഭാവുകങ്ങൾ നേർന്നു സംസാരിച്ചു. പി.കെ. ഗോവിന്ദപ്രസാദ് നമ്പൂതിരി (സെക്രട്ടറി, ശ്രീ രാഘവപുരം സംഗീതസഭ) ചടങ്ങിൽ നന്ദി അർപ്പിച്ചു.
പരിപാടിയിൽ കർണ്ണാടക സംഗീതലോകത്തെ നിരവധിപേർ പങ്കെടുത്തു.
ഗുരുവന്ദനവും ലോഗോ പ്രകാശനവും വിജയമാക്കിത്തീർത്ത സഹൃദയരായ എല്ലാ ബന്ധുജനങ്ങൾക്കും ശ്രീ രാഘവപുരം സംഗീതസഭയുടെ നന്ദി അറിയിക്കുന്നു.
!! ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ !!
🙏🙏🙏🙏
ഗോവിന്ദപ്രസാദ് പി.കെ.
സെക്രട്ടറി
ശ്രീരാഘവപുരം സംഗീതസഭ
8075835297