SRSYPRD: 113/2022
14/10/2022
നടുവിൽ മഠം സ്വാമിയാർ ശ്രീമദ് അച്യുതഭാരതി തൃപ്പാദങ്ങൾ ശ്രീരാഘവപുരം യോഗക്ഷേത്രവും വേദപാഠശാലകളും സന്ദർശിച്ചു.
ഒക്ടോബർ 12 ന് വൈകുന്നേരം തൃച്ചംബരം നടുവിൽ മഠത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ചേറ്റൂർ നാലുകെട്ടിലേക്ക് എഴുന്നള്ളി. കൂടെ സച്ചിൻ ത്രിപാഠി, തെക്കേടത്ത് നാരായണഭട്ടതിരി, ഡോ. പ്രദീപ് ജ്യോതി എന്നിവരും ഉണ്ടായിരുന്നു. സഭായോഗം വൈസ് പ്രസിഡൻ്റ് ജനാള വാദ്ധ്യാൻ ഈശ്വരൻ നമ്പൂതിരിയും സെക്രട്ടറി പേർക്കുണ്ടി വാദ്ധ്യാൻ ഹരി നമ്പൂതിരിയും വെള്ളിയോട് മാധവൻ നമ്പൂതിരിയും ചേർന്ന് സ്വാമിയാരെ സ്വീകരിച്ചു.
13 ന് വ്യാഴാഴ്ച രാവിലെ ഭിക്ഷ ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ ആയിരുന്നു. വെച്ചുനമസ്കാരം നടത്തിയ എല്ലാവരേയും അദ്ദേഹം അനുഗ്രഹിച്ചു.
വില്വമംഗലം സ്വാമിയാരുടെ പരമ്പരയിൽപെട്ട നടുവിൽ മഠം സ്വാമിയാർ തുടർന്ന് കുമ്പള അനന്തപുരം ക്ഷേത്രത്തിൽ ദർശനം നടത്തി. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ മൂലസ്ഥാനമാണ് അനന്തപുരം തടാകക്ഷേത്രം. തുടർന്ന് എടനീർ മഠം സന്ദർശിച്ച സ്വാമിയാർ മഠാധിപതി ശ്രീമദ് സച്ചിദാനന്ദഭാരതി സ്വാമികളുമായി കാര്യാലോചനകൾ ചെയ്തു.
വൈകുന്നേരം ശ്രീരാഘവപുരം വലിയ മതിലകത്തും അദ്ദേഹം ദർശനം നടത്തി. ഭക്തജനങ്ങളോടും ജീവനക്കാരോടുമായുള്ള അനുഗ്രഹപ്രഭാഷണത്തിൽ ധർമ്മതത്ത്വം വിശദീകരിച്ച സ്വാമിയാർ സഭായോഗം ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന വാർഷികസഭയും ഭജനവും ഏറ്റവും ഭംഗിയാക്കാൻ എല്ലാവരും ഉത്സാഹിക്കണം എന്നും ഉദ്ബോധിപ്പിച്ചു.
ട്രസ്റ്റികുടുംബാംഗം ഡോ. വാരണക്കോട് ഗോവിന്ദൻ നമ്പൂതിരി, സഭായോഗം ഉപാദ്ധ്യക്ഷൻ ജനാള വാദ്ധ്യാൻ ഈശ്വരൻ നമ്പൂതിരി, എക്സിക്യുട്ടീവ് ഓഫീസർ അടിമന വാസുദേവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രം ഭാരവാഹികളും സേവാസമിതിഭാരവാഹികളും പൂർണ്ണകുംഭത്തോടെ എതിരേറ്റു. രാമപാദം, ചേറ്റൂർ യജുർവ്വേദപാഠശാലകളിലെ വിദ്യാർഥികളും ഗുരുനാഥന്മാരും വേദഘോഷം ചെയ്തു. വെച്ചുനമസ്കാരചടങ്ങും ഉണ്ടായി. സത്സംഗത്തിന് ശേഷം സ്വാമിയാർ രാമപാദം പാഠശാലയും സന്ദർശിക്കുകയുണ്ടായി.
ഭിക്ഷയും വെച്ചുനമസ്കാരവും
ക്ഷേത്രസങ്കേതങ്ങളിലേക്കോ ശങ്കരപരമ്പരയിലെ ആശ്രമങ്ങളിലേക്കോ നേരിട്ടുവന്നു ക്ഷണിച്ചാല്‍ സ്വാമിയാര് പോകുന്നതും പുഷ്പാജ്ഞലി ചെയ്ത് ഭിക്ഷയും വെച്ചു നമസ്കാരവും സ്വീകരിക്കുന്നതും പതിവാണ്. കുടീചകനും ദണ്ഡിസന്യാസിയുമാകയാല് സ്വാമിയാര് യാത്രപോകുമ്പോള്‍ സമ്പുടവുമായി തേവാരമൂര്ത്തിയുമായി ഒരു സഹായി മുമ്പില്‍ നടക്കും. തേവാരമൂര്‍ത്തിയായ ദേവന് എഴുന്നള്ളുന്നു എന്നാണ് വിശ്വാസം. അതിനാല്‍ കുത്തുവിളക്കും രണ്ട് ശംഖുമായി സ്വാമിയാരെ സ്വീകരിക്കണമെന്നാണ് പ്രമാണം. ഇതിനുപുറമെ, പൂര്‍ണ്ണകുംഭത്തോടെ മാലയിട്ട് വാദ്യഘോഷത്തോടെ ആനയിച്ച് കൊണ്ടുപോകാം. ക്ഷേത്രത്തിലെത്തിയാല്‍ ശാന്തിക്കാരനോ തന്ത്രിയോ ഊരാളനോ സ്വാമിയാരെ വന്ദിച്ച് ദണ്ഡ് സ്വീകരിച്ച് ശ്രീകോവിലിലേക്ക് കൂട്ടിക്കൊണ്ടുപോയി പുഷ്പാഞ്ജലിക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കികൊടുക്കണം. സ്വാമിയാരുടെ പുഷ്പാഞ്ജലി ദേവചൈതന്യം വര്‍ദ്ധിക്കുവാന്‍ ഉപകരിക്കുമെന്നാണ് വിശ്വാസം. പുഷ്പാഞ്ജലി കഴിഞ്ഞാല്‍ സ്വാമിയാരെ കാലുകഴുകിച്ച് ഊട്ടുന്നതിനാണ് ഭിക്ഷ നല്‍കുക എന്നു പറയുന്നത്. ഭിക്ഷ കഴിഞ്ഞാല്‍ വെച്ചുനമസ്കരിക്കും. പരമ്പരയുടെ അനുഗ്രഹത്തിനു വേണ്ടിയാണ് വെച്ചു നമസ്കരിക്കുന്നത്. പൂര്വികമായോ വര്‍ത്തമാനകാലത്തിലോ, വ്യക്തിക്കോ കുടുംബത്തിനോ, അറിഞ്ഞോ അറിയാതെയോ സംഭവിച്ചിരിക്കാവുന്ന ഗുരുശാപവും യതിശാപവും പിതൃശാപവും ഇല്ലായ്മ ചെയ്യുന്നതിനുള്ള പരിഹാരക്രിയ കൂടിയാണ് വെച്ചുനമസ്കരിച്ചുള്ള പ്രാര്‍ത്ഥന. സ്വന്തം കുടുംബത്തിലുള്ളവരുടെ പിറന്നാള്‍, ശ്രാദ്ധ ദിവസങ്ങളില്‍ മഠത്തില്‍ സ്വാമിയാര്‍ക്ക് ഭിക്ഷയ്ക്കുവേണ്ട കാര്യങ്ങള്‍ ഏര്‍പ്പാടു ചെയ്യുന്നവരും ധാരാളമുണ്ട്. ഗുരു, ദേവ, പിതൃപ്രീതിക്ക് വളരെ ഉത്തമമാണ് ഭിക്ഷ.
(വിവരങ്ങൾക്ക് കടപ്പാട് : തെക്കേ മഠം വെബ്സൈറ്റ്)
https://thekkemadham.com/