മുഞ്ചിറ മഠത്തിൽ എടമന സ്വാമിയാരുടെ സന്യാസസ്വീകരണം

SRSYPRD: 83A/2022
12/07/2022

പ്രിയപ്പെട്ടവരേ,

കേരളത്തിലെ ആസ്തികജനങ്ങൾക്ക് സന്തോഷവും പ്രതീക്ഷയുമേകി ഒരു സദ്വ്യക്തി കൂടി ശങ്കരമഠത്തിലേക്ക് സന്യസിച്ചിരിക്കുകയാണ്.

ബ്രഹ്മശ്രീ. പുലിയന്നൂര് എടമന നാരായണൻ നമ്പൂതിരിയാണ് ജൂലൈ 10, 11 ( ശുക്ലപക്ഷഏകാദശി, ദ്വാദശി ) തീയതികളിലായി വൈദികചടങ്ങുകൾ അനുഷ്ഠിച്ചു കൊണ്ട് ആചാര്യപരമ്പരയുടെ ഭാഗമായിരിക്കുന്നത്.

എടയിൽ മഠം മൂപ്പിൽ സ്വാമിയാരായ ശ്രീമദ് പരമേശ്വര ബ്രഹ്മാനന്ദതീർത്ഥയിൽ നിന്നാണ് നാരായണൻ നമ്പൂതിരി സന്യാസദീക്ഷ സ്വീകരിച്ചത്.

ശ്രീരാമസ്വാമി പരദേവതയായുള്ളതും ബദരീനാഥം ഉപരിപീഠമായുള്ളതുമായ എടയിൽ മഠത്തിലേക്കാണ് നാരായണൻ നമ്പൂതിരിയുടെ സന്യാസം. തോടകാചാര്യരാൽ സ്ഥാപിതമായ എടയിൽ മഠത്തിന് തൃച്ചംബരം, തൃക്കൈക്കാട്ട്, തിരുനക്കര, അവിട്ടത്തൂർ, മുഞ്ചിറ എന്നിവിടങ്ങളിൽ ശാഖകളുണ്ട്. കേരളത്തിൽ പല മഹാക്ഷേത്രങ്ങളിലും പുഷ്പാഞ്ജലി എടയിൽ മഠത്തിൽ നിന്ന് നിർവ്വഹിക്കേണ്ടതുണ്ട്.

കന്യാകുമാരിയിലെ മുഞ്ചിറമഠം ശ്രീമൂലസ്ഥാനത്താണ് ഇന്നലെ തുരീയാശ്രമസ്വീകരണത്തിൻ്റെ വൈദികചടങ്ങുകൾ നടന്നത്. കൈമുക്ക്, പന്തൽ, ചെറുമുക്ക്, ഏർക്കര തുടങ്ങിയ വൈദികരും വേദജ്ഞരുമായ ബ്രാഹ്മണർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നാരായണ ബ്രഹ്മാനന്ദതീർത്ഥ എന്നാണ് എടമന സ്വാമിയാർ ഇനി അറിയപ്പെടുക.

സന്യാസസ്വീകരണച്ചടങ്ങ് സംക്ഷിപ്തവിവരണം

രാവിലെ സന്ധ്യാവന്ദനത്തിനു ശേഷം ബ്രാഹ്മണരേയും സജ്ജനങ്ങളേയും സാക്ഷി നിർത്തി വെച്ചുനമസ്കാരം ചെയ്ത് സന്യാസദീക്ഷക്കായി ഗുരുനാഥനായ മൂപ്പിൽ സ്വാമിയാരോട് അപേക്ഷിക്കുന്നു.

അനുജ്ഞ കിട്ടിയ ദീക്ഷിതൻ പശുദ്ദാനവും കൃച്ഛ്രവും ചെയ്ത് സ്നാനം ചെയ്ത് ജീവശ്രാദ്ധമൂട്ടുന്നു. പത്നീസമേതനായ ഗൃഹസ്ഥൻ സർവ്വസ്വദാനം ബ്രാഹ്മണർക്കായി സമർപ്പിച്ച് ഔപാസനാഗ്നിയെ തൻ്റെ ഹൃദയത്തുങ്കൽ സമന്ത്രമായി കാച്ചിയെടുത്ത് മൗനം ദീക്ഷിച്ച് സന്ധ്യക്ക് സ്വചരണണമായി തീയ്യിട്ട് വിരജാഹോമവും ചടങ്ങുദക്ഷിണയും ചെയ്യുന്നു. സർവ്വസ്വദാനം വീണ്ടും ചെയ്ത് അഗ്നിയെ രക്ഷിച്ച് ഗായത്രിയും ജപിച്ച്‌ പരമാത്മാവിനെ ധ്യാനിച്ച് ഉറങ്ങാതെ ഇരിക്കുന്നു. ബ്രാഹ്മമുഹൂർത്തത്തിൽ അഗ്നിയെ ജ്വലിപ്പിച്ച് സർവ്വകർമ്മാശ്രയമായിരിക്കുന്ന ആ അഗ്നിയെ തൻ്റെ ഹൃദയത്തിങ്കൽ കാച്ചി ആത്മാവിൽ ലയിപ്പിക്കുന്നതായ ക്രിയ ചെയ്യുന്നു. ഊത്ത് 10 ഗായത്രി ജപിച്ച് തിരിയാതെ വെള്ളത്തിലിറങ്ങി എല്ലാ വേദങ്ങളെയും ഗായത്രിയിലും ഗായത്രിയെ വ്യാഹൃതിയിലും വ്യാഹൃതിയെ പ്രണവത്തിലും ലയിപ്പിച്ച് ഏഷണത്രയങ്ങളെയും ത്യജിച്ച് ശ്രീഗുരുവിനെയും വിഷ്ണുഭഗവാനെയും വന്ദിച്ച് എല്ലാ ദേവതകളെയും സാക്ഷിയാക്കി ത്യാഗസ്വരൂപമായിരിക്കുന്ന പ്രൈഷാർത്ഥത്തെ മനസ്സിൽ നിരൂപിച്ച് മന്ത്രം ചൊല്ലി സന്യാസം ദീക്ഷിച്ച് കുടുമയും സ്വയം പിഴുതു കളഞ്ഞ് പുണുനൂൽ വ്യാഹൃതിയാൽ ജലത്തിൽ ഹോമിക്കുന്നു. വസ്ത്രാദികളും ഉപേക്ഷിച്ച് അവധൂതനായി വരുന്ന സന്യാസി ഔപാസനാഗ്നി ദീക്ഷിക്കുന്ന ഗൃഹസ്ഥൻ്റെ അപേക്ഷ പ്രകാരം ദണ്ഡും കാഷായവസ്ത്രാദികളും അദ്ദേഹത്തിൻ്റെ കയ്യിൽ നിന്നും സ്വീകരിക്കുന്നു. തുടർന്ന് ലോകോപകാരാർത്ഥം തൻ്റെ ഗുരുവായ സ്വാമിയാരിൽ നിന്നും ഉപദേശം വാങ്ങി തേവാരവും ഗൃഹസ്ഥൻ്റെ ഭിക്ഷയും വെച്ചുനമസ്കാരവും സ്വീകരിക്കുന്നു. ചാതുർമ്മാസ്യക്കാലത്ത് ഗുരുകുലങ്ങളിലും വാനപ്രസ്ഥികളുടെ ആശ്രമങ്ങളിലും തങ്ങി അവിടെ ഗൃഹസ്ഥർക്കും ഭരണാധികാരികൾക്കും സ്വാമിയാർ ധർമ്മോപദേശം ചെയ്യും.

ഭാരതത്തിൽ പവിത്രമായ വൈദികവർണ്ണാശ്രമധർമ്മത്തിൻ്റെ പോഷണത്തിനായുള്ള പ്രവർത്തനങ്ങളിൽ നമുക്കെല്ലാം മാർഗ്ഗദർശനമേകി ഹൈന്ദവസമൂഹത്തെ നന്മയിലേക്ക് നയിക്കാൻ നാരായണ ബ്രഹ്മാനന്ദതീർത്ഥ സ്വാമിയാർക്ക് സാധ്യമാകട്ടെ എന്ന് ശ്രീരാഘവപുരം സഭായോഗം പ്രാർത്ഥിക്കുന്നു.

ആചാര്യപാദങ്ങളെ സ്മരിച്ചുകൊണ്ട്,

ഭരണസമിതിക്കും എല്ലാ ധർമ്മകാംക്ഷികൾക്കും വേണ്ടി

ധന്യ അന്തർജ്ജനം, ചെയർപേഴ്സൺ – PRD
ശ്രീരാഘവപുരം സഭായോഗം