വിവിധ കുടുംബങ്ങളുടെ ഊരായ്മ ക്ഷേത്രങ്ങളായും കൂട്ടൂരായ്മ ക്ഷേത്രങ്ങളായും നൂറിനടുത്ത് അമ്പലങ്ങൾ ശ്രീരാഘവപുരം സഭായോഗവുമായി ചരിത്രപരമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവയെ സംബന്ധിച്ച് സഭായോഗത്തിന് ലഭ്യമായ രേഖകൾ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്.
ഈ ക്ഷേത്രങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ വളർച്ചക്കും തദ്വാരാ ലോകനന്മക്കും ശ്രീരാഘവപുരം സഭായോഗം പ്രതിജ്ഞാബദ്ധമാണ്.
ശ്രീരാഘവപുരം വലിയ മതിലകം
അതിപൗരാണികമായ ചെറുതാഴം ശ്രീരാഘവപുരം വലിയ മതിലകത്ത് സീതാലക്ഷ്മണസമേതനായ ശ്രീരാമസ്വാമിയാണ് പ്രധാനപ്രതിഷ്ഠ. പടിഞ്ഞാട്ട് ഏഴിമലക്ക് അഭിമുഖമായി ദർശനം. ഭക്തോത്തമനായ ആഞ്ജനേയസ്വാമിയെ ഭഗവാന് മുന്നിൽ വലത്തു ഭാഗത്ത് കിഴക്കോട്ട് ദർശനമായി പ്രത്യേകശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. നാലമ്പലത്തിന് പുറത്ത് ശ്രീപരമേശ്വരൻ്റെയും അംബികയുടെയും പ്രതിഷ്ഠ ഉണ്ട്. യോഗക്ഷേത്രം എന്നും വലിയമ്പലം എന്നും ഹനുമാരമ്പലം എന്നും ഈ മഹാക്ഷേത്രം അറിയപ്പെടുന്നു.
നാലു തിടമ്പുകൾ ഒരേ സമയം എഴുന്നള്ളിക്കുന്നതായ ഇവിടത്തെ തിടമ്പുനൃത്തം കേൾവി കേട്ടതാണ്. ഹനുമാൻ സ്വാമിക്കുള്ള അവിൽ നിവേദ്യവും പ്രസിദ്ധമാണ്.
AD 793 – ൽ കോലത്തിരി രാജാവ് യോഗത്തിന് ദാനം ചെയ്തതും അന്നത്തെ യോഗം അംഗങ്ങളായ 237 ഇല്ലങ്ങൾക്ക് കൂട്ടൂരായ്മ ഉള്ളതുമാണ്. 12 നൂറ്റാണ്ടുകാലത്തെ ചരിത്രത്തിൽ യോഗത്തിൻ്റെ താല്പര്യപ്രകാരം ക്ഷേത്രം പരിപാലിക്കുന്നതിന് ഊരാളരിൽ നിന്ന് പല കാലത്ത് പല എക്സിക്യുട്ടീവ് കമ്മിറ്റികളെ നിശ്ചയിച്ചു വന്നിരുന്നു. ഇന്ന് വാരണക്കോട്ടില്ലം ക്ഷേത്രട്രസ്റ്റിയായി മലബാർ ദേവസ്വം ബോർഡിൻ്റെ സഹകരണത്തോടെയുള്ള ഭരണമാണ് നിലവിലുള്ളത്. കരുമാരത്തില്ലത്തു നിന്നാണ് ഇപ്പോൾ തന്ത്രിസ്ഥാനം വഹിക്കുന്നത്.
പൗരാണികതാളിയോലകളിൽ സഭായോഗത്തിൻ്റെ മീറ്റിങ്ങുകൾ നാലമ്പലത്തിനകത്ത് ചേരുന്നതിൻ്റെ ക്രമം രേഖപ്പെടുത്തിയിരിക്കുന്നു.
ചെറുതാഴം ശ്രീകൃഷ്ണപുരം
അറത്തിൽ ശ്രീഭദ്രപുരം
ചെറുതാഴം ശ്രീഹരിപുരം
തിരുവല്ല മതിൽഭാഗം ശ്രീചക്രക്ഷാളനപുരം
കുളപ്രത്ത് കണ്ണിശ്ശേരിക്കാവ്
സഭായോഗം നേരിട്ട് നടത്തുന്ന പ്രൈവറ്റ് ദേവസ്വമാണിത്.
ശ്രീരാഘവപുരം സഭായോഗത്തിലെ പാരമ്പര്യ അംഗമാണ് കണിശ്ശേരി കുടുംബം. പ്രഗൽഭരായ വേദജ്ഞരും തന്ത്രശാസ്ത്രവിശാരദരും ഇവിടെ ഉണ്ടായിരുന്നു.
വിശ്വാമിത്രഗോത്രത്തിൽ കുടൽമന ഗൃഹത്തിൽ ഭദ്രപുരം അമ്പലക്കാരായ കണ്ണിശ്ശേരി ഇല്ലത്ത് മേൽപ്പോട്ട് പുരുഷസന്തതിപരമ്പര ഇല്ലാതെ വന്ന സാഹചര്യത്തിൽ AD 2021 ൽ ഭദ്രകാളിക്ഷേത്രവും നാഗവും സഭായോഗത്തിന് ദാനം ചെയ്യുകയാണുണ്ടായത്. ക്ഷേത്രഭൂമിയോട് ചേർന്ന് 3.5 സെൻ്റ് സ്ഥലം വില കൊടുത്തു വാങ്ങിയിട്ടുമുണ്ട്.
കണ്ണൂർ ജില്ലയിൽ പിലാത്തറ – പാപ്പിനിശ്ശേരി – കണ്ണൂർ ഹൈവേക്ക് സമീപമാണ് ക്ഷേത്രവും കാവും.
ക്ഷേത്രാഭിവൃദ്ധിക്കായി വിവിധ പദ്ധതികൾ സഭായോഗം ആസൂത്രണം ചെയ്തുവരുന്നു.