അദ്വൈത മഠം സമൂഹത്തിലെ ആദ്ധ്യാത്മിക കേന്ദ്രബിന്ദുവാണ്

കണ്ണൂർ: ജഗദ്ഗുരു ശങ്കരാചാര്യ ദ്വാരക പീഠാധിപതി സ്വാമി സ്വരൂപാനന്ദസരസ്വതി മഹാരാജ് അനുസ്മരണ യോഗം 13 സെപ്റ്റംബർ 2022 ചൊവ്വാഴ്ച വൈകീട്ട് 8.30 ന് ഓൺലൈനായി നടന്നു.

കേരളത്തിലെ ആമ്നായമഠങ്ങളിലെ ആചാര്യപരമ്പരയിലെ സമാദരണീയരായ മഠാധിപതി സ്വാമിയാർമാരും യോഗത്തിൽ പങ്കെടുത്തു. പ്രമുഖവൈദികരും തന്ത്രിവര്യന്മാരും സഭായോഗങ്ങളുടേയും വേദപാഠശാലകളുടേയും പ്രതിനിധികളും അദ്വൈതവേദാന്തത്തിൽ അടിസ്ഥാനമാക്കിയ സമൂഹസൃഷ്ടിക്കായി താത്പര്യമുള്ള സനാതനധർമ്മകാംക്ഷികളും യോഗത്തിൽ സംബന്ധിക്കുകയുണ്ടായി.

യോഗത്തിൽ അനുഗ്രഹപ്രഭാഷണം നടത്തിയ തൃശൂർ നടുവിൽ മഠം ശ്രീമദ് അച്യുതാനന്ദഭാരതി സ്വാമിയാർ ആമ്നായമഠങ്ങളുടെ ഇന്നത്തെ സാമൂഹിക പ്രസക്തി ഊന്നിപ്പറഞ്ഞു. വിവരസാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുന്ന സാമ്പത്തിക സാമൂഹ്യ വ്യവസ്ഥിതിയിൽ ലോകരാജ്യങ്ങളുടെ ജഗദ്ഗുരു സ്ഥാനത്ത് ഭാരതം ഉണ്ടാവണമെന്നും അതിന് ആദിശങ്കരാചാര്യർ നൽകിയ അദ്വൈത സിദ്ധാന്തത്തിൽ അടിസ്ഥാനമാക്കിയ ലോകവീക്ഷണവും തത്വശാസ്ത്രവും ഉപകാരപ്പെടുമെന്നും ഇന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. എന്നാൽ ഭൗതികമായ നേട്ടങ്ങൾക്ക് പിന്നാലെ മാത്രം പാഞ്ഞാൽ മനുഷ്യർക്ക് ആരോഗ്യവും സമാധാനവും സന്തോഷവും നശിക്കുമെന്നും നാല് ആശ്രമങ്ങളെ അടിസ്ഥാനമാക്കിയ ജീവിതരീതി സ്വീകരിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിദ്യാഭ്യാസകാലം (ബ്രഹ്മചര്യം), വിവാഹജീവിതം (ഗാർഹസ്ഥ്യം) എന്നിവയിൽ മാത്രമാണ് ഇന്ന് എല്ലാവർക്കും ശ്രദ്ധയും താത്പര്യവും. റിട്ടയർമെന്റ് കാലത്തെ കുറിച്ചുള്ള ധാരണയോ കാഴ്ചപ്പാടോ ഇല്ലാതെ പോകുന്നു. അതിനെയാണ് പണ്ട് വാനപ്രസ്ഥം എന്ന് വിളിച്ചിരുന്നത്. സ്വാർത്ഥമനഃസ്ഥിതി കുറച്ച് സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുക. അത് ആദ്ധ്യാത്മിക മേഖല തന്നെ വേണമെന്നില്ല. ഉദാഹരണത്തിന് അദ്ധ്യാപകർ ആയി ജോലിയിൽ നിന്ന് വിരമിച്ചവർക്ക് സന്നദ്ധസ്ഥാപനങ്ങളിൽ മാസവരുമാനത്തിന് ഊന്നൽ നൽകാതെ സേവനം ചെയ്യാൻ സാധിക്കും. അങ്ങിനെ ശിഷ്ടകാലം ഫലവത്തായി ചിലവഴിക്കാനാകും. ഇങ്ങനെ ജീവിക്കുന്നതിനെയാണ് ജപ്പാൻകാർ ‘ഇകിഗായി’ എന്ന് പറയുന്നതും അതിന്റെ ഫലമായി അവിടെയുള്ള ജനങ്ങൾക്ക് ആരോഗ്യമുള്ള ദീർഘകാല ജീവിതം ഉണ്ടാവുന്നതും. ഇത്തരം വാനപ്രസ്ഥം സ്വീകരിച്ച ആളുകൾക്ക് നാട്ടിലുള്ള സന്യാസിമഠങ്ങളോടോപ്പമോ സഭായോഗങ്ങൾക്കൊപ്പമോ ചേർന്ന് പ്രവർത്തിക്കാം. മഠങ്ങൾ അങ്ങനെയുള്ളവരെ സ്വാഗതം ചെയ്യുന്ന കേന്ദ്രങ്ങൾ ആണ്. കർമ്മം, ഉപാസന, ജ്ഞാനം എന്നിങ്ങനെയുള്ള മൂന്ന് പ്രവർത്തനമേഖലകളിൽ ഒന്നിൽ അവർക്ക് ജോലി ചെയ്യാം.

അത്തരം വാനപ്രസ്ഥആശ്രമികളിൽ വളരെ കുറച്ചു പേർക്ക് മാത്രമാണ് ത്യാഗ മനഃസ്ഥിതിയോടെ സന്യാസത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുക. അതിനാലാണ് ഇന്നും സന്യാസികളെ സമൂഹത്തിലുള്ളവർ ആദരിക്കുന്നത്. ഒരു മനുഷ്യന്റെ നാലാമത്തെ ആശ്രമമായ സന്യാസം കേരളത്തിലെ ശങ്കര മഠങ്ങളിൽ അതേ രീതിയിൽ തന്നെ അനുവർത്തിക്കുന്നുണ്ട്. ഇങ്ങനെ ജീവിതാവസാനം വരെയുള്ള ഒരു കാഴ്ചപ്പാട് ഉണ്ടാവുമ്പോൾ അനന്തമായി നീളുന്ന ആഗ്രഹങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ സാധിക്കും. സ്വസ്ഥതയുള്ള ജീവിതം ഭൂമിയിൽ ആഘോഷത്തോടെ ആനന്ദത്തോടെ ജീവിക്കാം. അത് തന്നെയാണ് മോക്ഷം എന്നും മനസ്സിലാക്കുക.
ഇങ്ങനെയുള്ള പരമ്പരാഗത ധാർമ്മിക വ്യവസ്ഥയെ മുറുകെ പിടിച്ച ആളായിരുന്നു സ്വാമി സ്വരൂപാനന്ദസരസ്വതി എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തുടർന്ന് താനൂർ തൃക്കൈക്കാട്ട് മഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ, തൻ്റെ അനുഗ്രഹസന്ദേശത്തിൽ പറഞ്ഞത് കേരളത്തിന് പുറത്തുള്ള ശങ്കരമഠങ്ങൾ ധാരാളം സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും അത് നമ്മൾ മാതൃക ആക്കണമെന്നുമാണ്. ആദ്ധ്യാത്മികകേന്ദ്രങ്ങൾ ആയി ഇരിക്കുമ്പോൾ തന്നെ, മനുഷ്യർക്ക് ആവശ്യമായ മറ്റുള്ള മേഖലകളിലും ശ്രദ്ധപതിപ്പിക്കണം. കേരളത്തിലെ ശങ്കരമഠങ്ങൾക്ക് ധാരാളം സ്ഥലങ്ങളും കെട്ടിടങ്ങളും ക്ഷേത്രങ്ങളും ഉണ്ട്. അവയെല്ലാം കോർത്തിണക്കികൊണ്ട് പല പദ്ധതികളും ആവിഷ്കരിക്കാൻ സേവനസന്നദ്ധരായ വാനപ്രസ്ഥരായുള്ള ആളുകളും അത്തരം ആളുകൾ നയിക്കുന്ന സംഘടനകളും മുന്നോട്ട് വരണം.

ശ്രീരാഘവപുരം സഭായോഗം അതിന് ഒരു ഉദാഹരണമാണ്. ഇത്തരത്തിലുള്ള ഒരു പാരസ്പര്യത്തിൽ ഊന്നിയുള്ള പ്രവൃത്തികളാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യം. മഠങ്ങളുടെ കർമ്മമേഖലകളിൽ വേദങ്ങളിൽ അടിസ്ഥാനമാക്കിയ ശ്രൗതസംസ്കൃതിയും ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കിയ തന്ത്രമാർഗ്ഗവും സാധനയോട് കൂടിയ യോഗയും ഉൾപ്പെടും. കൂടാതെ വാക്യാര്‍ത്ഥസദസ്സ് മുതലായവ വഴി വൈജ്ഞാനികമണ്ഡലത്തിലും സ്വാധീനം ചെലുത്താൻ സാധിക്കും. അതിനാൽ മഠങ്ങൾ സന്യാസികൾക്ക് താമസിക്കാനുള്ള വെറും കെട്ടിടങ്ങൾ മാത്രമായി കാണാതെ സമൂഹത്തിന്റെ കെട്ടുറപ്പിനുള്ള ധർമ്മസ്ഥാപനങ്ങൾ ആയി കാണണം എന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. പശ്ചിമാമ്നായ പീഠം സ്വരൂപാനന്ദസരസ്വതി സ്വാമിയാർ അത്തരത്തിലുള്ള ഒരു ധീഷണാശാലിയായ സന്യാസിവര്യൻ ആയിരുന്നെന്ന് അദ്ദേഹത്തിന്റെ ജീവിതം കൊണ്ട് തെളിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം അനുസ്മരിച്ചു.

യോഗത്തിൽ എഗ്ഡ നീലമന ഈശ്വരൻ നമ്പൂതിരി (ഡയരക്ടർ, വേദവിദ്യാപ്രതിഷ്ഠാനം), ഹരി പേർക്കുണ്ടി പെരിയമന വാദ്ധ്യാൻ, (സെക്രട്ടറി, ശ്രീരാഘവപുരം സഭായോഗം), തോട്ടം ശിവകരൻ നമ്പൂതിരി (സാമവേദാചാര്യൻ), കൈമുക്ക് വൈദീകൻ ശ്രീധരൻ നമ്പൂതിരി, അനിയൻ തമ്പുരാൻ (തൃപ്പൂണിത്തുറ കോവിലകം) , ശ്രീമതി സിന്ധു രാജ (സാമൂതിരി കോവിലകം) , ചേങ്ങോത്ത് ശ്രീനിവാസൻ നമ്പൂതിരി (തന്ത്രവിദ്യാപീഠം), കുഞ്ഞിമാധവൻ കന കത്തിടം (അഖില കേരള ക്ഷേത്രഊരാളസഭ), തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് (തന്ത്രി, പദ്മനാഭസ്വാമി ക്ഷേത്രം) , നെഡ്ഢം ഭവത്രാതൻ നമ്പൂതിരി (സെക്രട്ടറി, ശുകപുരം സഭായോഗം), മുല്ലമംഗലം നാരായണൻ നമ്പൂതിരി (സെക്രട്ടറി, തൃശൂർ വടക്കേ ബ്രഹ്മസ്വം മഠം) എന്നിവരും സംസാരിച്ചു.