അറവുശാലയിലേക്ക് തള്ളിവിടേണ്ടി വരുന്ന പശുക്കളുടെ പുനരധിവാസത്തിനു വേണ്ടിയുള്ള ശ്രീരാഘവപുരം സഭായോഗം ഗോമിത്ര ഡിപ്പാർട്ട്മെൻ്റിൻ്റെ എളിയ പരിശ്രമമാണ് ധർമ്മഗോശാല. ഈ പദ്ധതിക്കായി കണ്ണൂർ ജില്ലയിൽ മാതമംഗലത്തിനടുത്ത് പെരുവാമ്പയിൽ അനുയോജ്യമായ 2.5 ഏക്കർ ഭൂമി ശ്രീരാഘവപുരം സഭായോഗം ഏറ്റെടുത്തു.
അഞ്ച് വർഷത്തിനുള്ളിൽ മടക്കി നൽകാമെന്ന വ്യവസ്ഥയിലും പ്രോമിസറി നോട്ടിൻ്റെ ഉറപ്പിലും ഈ പദ്ധതിക്ക് വേണ്ടി സജ്ജനങ്ങളിൽ നിന്ന് വായ്പയായി സമാഹരിക്കുവാൻ സഭായോഗം ആഗ്രഹിക്കുന്നു.
അതിമനോഹരവും ഫലഭൂയിഷ്ഠവുമായ ഈ സ്ഥലം ധർമ്മഗോശാലക്കും നാടൻ പശുക്കളുടെ സംരക്ഷണത്തിനും മാത്രമല്ല നമ്മുടെ വേദപാഠശാലകൾക്കുള്ള സ്ഥിരം കാമ്പസ്, മിനി ടൂറിസ്റ്റ് സ്പോട്ട്, മികച്ച കൃഷിയിടം തുടങ്ങി വിവിധോദ്ദേശ്യങ്ങൾക്ക് ഭാവിയിൽ നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും. ധാരാളം തൊഴിലവസരങ്ങളും ഇവിടെ ഉണ്ടാകും. പദ്ധതിയെ പറ്റി കൂടുതൽ കാര്യങ്ങൾ ചുവടെ നൽകിയിട്ടുണ്ട്.
കറവ വറ്റി അറക്കാൻ കൊടുക്കുന്ന പശുക്കളുടെ സംരക്ഷണമെന്ന ഉദാത്തമായ ലക്ഷ്യത്തെ മുൻനിർത്തി നിങ്ങളും നല്ലൊരു തുക വായ്പയായി / സംഭാവനയായി നൽകി ആകെ 2 കോടി രൂപ മൂലധനം ആവശ്യമുള്ള ഈ പദ്ധതിയിൽ പങ്കാളിയാകണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു.
സഭായോഗം ഗോമിത്ര ധർമ്മഗോശാല : ഉദാത്തമായ ലക്ഷ്യം, കാലഘട്ടത്തിൻ്റെ ആവശ്യം
ശ്രീരാഘവപുരം സഭായോഗത്തിന്റെ പ്രഖ്യാപിതലക്ഷ്യമായ ഗോസംരക്ഷണത്തിനായി രൂപീകരിച്ച ഗോമിത്ര സൊസൈറ്റി പ്രവർത്തനമാരംഭിച്ചിട്ട് ഏകദേശം ഒന്നര വർഷമായി. ഗോസംരക്ഷണപ്രവർത്തനങ്ങളിൽ അസൂയാവഹവും സമാനതകളില്ലാത്തതുമായ പ്രവർത്തനമാണ് ഈ ചുരുങ്ങിയ കാലയളവിൽ നാം നടത്തിയത്.
ഭാരതത്തിലെ തനത് നാടൻ പശുക്കളുടെ വംശം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി കേരളത്തിലെ വിവിധ ജില്ലകളിലായി ഇരുപതോളം പശുസംരക്ഷകർക്ക് 25000 രൂപ വീതം പലിശ രഹിതവായ്പയായി നൽകിയതിലൂടെ നമ്മുടെ ലക്ഷ്യത്തെക്കുറിച്ച് വളരെ വലിയ ഒരു സന്ദേശം നമുക്ക് നൽകാൻ സാധിച്ചു.
ഒരു വർഷം പൂർത്തിയാക്കിയ പദ്ധതിയുടെ ഭാഗമായി സൊസൈറ്റിക്ക് കർഷകർ നൽകുന്ന പശുക്കിടാങ്ങളെ സംരക്ഷിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് സ്ഥലസൗകര്യമില്ല. നാടൻപശുക്കളെ സംരക്ഷിക്കുന്നതിലൂടെ സമൂഹത്തിൻ്റെ ആരോഗ്യം തന്നെയാണല്ലോ നാം സംരക്ഷിക്കുന്നത്.
ഗത്യന്തരമില്ലാതെ അറവുശാലയിലേക്ക് വിടേണ്ടി വരുന്ന ഗോമാതാക്കളെ സംരക്ഷിക്കുന്നതിന് ഒരു ധർമ്മസ്ഥാപനം ആരംഭിക്കുന്നതിലൂടെ നമ്മുടെ സംസ്കാരത്തെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുക എന്ന മഹത്കർമ്മമാണ് നാം ഏറ്റെടുക്കുന്നത്.
ഈ രണ്ട് ലക്ഷ്യങ്ങൾ പ്രാഥമികമായി മുന്നിൽ കണ്ടുകൊണ്ടാണ് പെരുവാമ്പയിൽ അനുയോജ്യമായ ഒരു സ്ഥലം വാങ്ങാൻ നാം തീരുമാനിച്ചത്.
അതിമനോഹരവും ഫലഭൂയിഷ്ഠവുമായ രണ്ടര ഏക്കർ ഇല്ലംപറമ്പ് ഉടമസ്ഥർ വിൽക്കുന്ന സാഹചര്യമുണ്ടായപ്പോൾ താരതമ്യേന ചെറിയ വിലക്ക് അത് ധർമ്മസംഘടനയായ സഭായോഗത്തിന് നൽകാൻ അവർ തയ്യാറായി.
ബസ് റൂട്ടുമായി ഈ സ്ഥലത്തിനെ നാലര മീറ്റർ വീതിയുള്ള റോഡ് വഴി ബന്ധിപ്പിക്കാനാവശ്യമായ 3 സെന്റ് സ്ഥലം ചുരുങ്ങിയ വിലക്ക് ഈ ധർമ്മകാര്യത്തിന് തരാൻ മറ്റൊരു സ്വകാര്യവ്യക്തി മുന്നോട്ടു വന്നു.
ഭാവിയിൽ ഗോശാല, തനതുപശുക്കളുടെ സംരക്ഷണം ഇവക്കുള്ള ഗവൺമെൻറ് പദ്ധതികൾ പ്രയോജനപ്പെടുത്താൻ നമുക്ക് വിസ്തൃതമായ ഒരു സ്ഥലം അത്യാവശ്യമാണ്. പെരുവാമ്പ പുഴയോരത്തുള്ള ഈ രണ്ടര ഏക്കർ ഭൂമി തികച്ചും ആശ്രമാന്തരീക്ഷത്തിലുള്ള ഒരു മനോഹരസ്ഥലമാണ്. വേനൽക്കാലത്തും ധാരാളമായ ജലലഭ്യതയും ഫലഭൂയിഷ്ഠമായ മണ്ണും തന്നെ എടുത്ത് പറയേണ്ട പ്രത്യേകത. കുറച്ച് പ്രായമായെങ്കിലും നല്ല കായ്ഫലമുള്ള അറുപതിലധികം തെങ്ങുകളും നൂറിലധികം കവുങ്ങുകളും മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും ഇവിടെയുണ്ട്. ആസൂത്രിതമായ കൃഷിരീതി അവലംബിച്ച് വർഷം രണ്ട് ലക്ഷം രൂപയിൽ കൂടുതൽ കാർഷികവരുമാനമുണ്ടാക്കാവുന്ന സ്ഥലമാണ്. സ്ഥലത്തെ മൂന്ന് തട്ടുകളായി തിരിച്ച് ഒരു ഭാഗത്ത് ഗോശാല നിർമ്മിക്കാം. ഒരു ഭാഗത്ത് തീറ്റപ്പുല്ലും നാണ്യവിളകളും കൃഷി ചെയ്യാൻ സാധിക്കും. ഒരു ഭാഗത്ത് പരമ്പരാഗതരീതിയിൽ കേരളീയവാസ്തുവിദ്യ അവലംബിച്ച് മനോഹരമായ കെട്ടിടങ്ങളും ആശ്രമമാതൃകയിലുള്ള മന്ദിരങ്ങളും മറ്റും നിർമ്മിച്ചാൽ ഫാം ടൂറിസത്തിന് മികച്ച സാധ്യതയുള്ള സ്ഥലമാണ്. ചെറിയ ചങ്ങാടങ്ങളും മറ്റുമായി പുഴയെയും പരമാവധി ഉപയാഗിക്കാം.
സഭായോഗത്തിന് വേദ-വേദാംഗ – ശാസ്ത്രാദികളിൽ ഉപരിപഠനകേന്ദ്രമായും യാഗാദികൾക്കു വേദിയായും മറ്റും ഭാവിയിൽ ഈ കാമ്പസ് ഉപയോഗിക്കാൻ സാധിക്കും.
മികച്ച ആസൂത്രണത്തിലൂടെ , സാങ്കേതിക വിജ്ഞാനത്തിന്റെ സഹായത്തോടെ, പരമാവധി അർപ്പണമനോഭാവമുള്ള വ്യക്തികളുടെ വിഭവശേഷി പ്രയോജനപ്പെടുത്തി, പലിശരഹിതവായ്പയായും സംഭാവനയായും തുക സമാഹരിച്ച് പദ്ധതി ആരംഭിച്ചാൽ വളരെ ചെറിയ കാലയളവിൽ തന്നെ ഭാരതത്തിലെ തന്നെ ഏറ്റവും മികച്ച ധർമ്മഗോശാലയായും സാംസ്കാരിക- പൈതൃക- ടൂറിസം കേന്ദ്രമായും ഇതിനെ വളർത്തിയെടുക്കാൻ നമുക്ക് സാധിക്കും. ഇതിനായി സഭായോഗത്തിന്റെ എല്ലാ അഭ്യുദയകാംക്ഷികളുടേയും മൃഗസ്നേഹികളുടെയും സർവ്വാത്മനായുള്ള സഹകരണം അഭ്യർത്ഥിക്കുന്നു.
വായ്പ നൽകുന്നവർ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോം പൂരിപ്പിക്കുക
സംഭാവനക നൽകുന്നവർ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിക്കുക >>