SRSYPRD: 95/2022
Date: 23/08/2022
ശ്രീരാഘവപുരം സഭായോഗം ലോക ഫോക്ക്ലോർ ദിനം ആചരിച്ചു.
കണ്ണൂർ : ലോക ഫോക്ക്ലോർ ദിനമായ ആഗസ്റ്റ് 22 ന് ശ്രീരാഘവപുരം സഭായോഗം സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻറ് ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ പാരമ്പര്യ തഴപ്പായ നിർമ്മാതാക്കളെ ആദരിച്ചു.
അന്യം നിന്നു കൊണ്ടിരിക്കുന്ന തഴപ്പായയുടെ നിർമ്മാണവും പ്രചാരണവും ജീവിതവ്രതമാക്കിയ
വെള്ളൂർ പാലത്തറയിലെ കോയി മാധവിയമ്മയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയെയാണ് സഭായോഗം ആദരിച്ചത്. പരമ്പരാഗതമായി തഴപ്പായ നിർമാണം ചെയ്തുപോരുന്നവരാണ് ഈ സംഘം. ചടങ്ങിൽ 108 കൈതച്ചെടികൾ സഭായോഗം വക പുഴയോരഭൂമിയിൽ നട്ടുവളർത്താനായി ശ്രീ. വെദിരമന വിഷ്ണു നമ്പൂതിരി (ഡയറക്ടർ, സഭായോഗം പരിസ്ഥിതിവിഭാഗം) മാധവിയമ്മയിൽ നിന്ന് ഏറ്റുവാങ്ങി. തഴപ്പായ നിർമ്മാണത്തിനുള്ള അസംസ്കൃതവസ്തുവാണ് കണ്ടൽ വിഭാഗത്തിൽ പെട്ട കൈത. ഇത് ഇന്ന് ദുർലഭമാണ്.
ശ്രീ.പ്രദീപ് കുമാർ പി(പ്രിൻസിപ്പാൾ, ഗവ. ഹയർസെക്കൻ്ററി സ്ക്കൂൾ, മാതമംഗലം ) യോഗം ഉദ്ഘാടനം ചെയ്തു. തഴപ്പായ നിർമ്മാണമടക്കം പാരമ്പര്യ ജന വിജ്ഞാനങ്ങളെ പുതുതലമുറക്ക് പകർന്നു നൽകാനുള്ള ശ്രമം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീ. ഹരി കെ.പി. (സെക്രട്ടറി, ശ്രീരാഘവപുരം സഭായോഗം) അധ്യക്ഷത വഹിച്ചു. തഴപ്പായ നിർമ്മാതാക്കളെ ശ്രീ. പ്രിയേഷ് ഒ.കെ. (എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ, മാത്തിൽ ജി.എച്ച്.എസ്.എസ്) ആദരിച്ചു. ഡോ. മോഹൻ വി.ടി.വി. (സർസയ്യിദ് കോളേജ്, തളിപ്പറമ്പ് ), ശ്രീ. ജനാള പെരികമന ശംഭു വാദ്ധ്യാൻ നമ്പൂതിരി (ഡയരക്ടർ, സഭായോഗം ആരോഗ്യ- സാമൂഹിക ക്ഷേമവിഭാഗം ) എന്നിവർ ആശംസകൾ നേർന്നു. ശ്രീ. ശീരവള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി (ചെയർമാൻ, സഭായോഗം ആരോഗ്യ-സാമൂഹികക്ഷേമവിഭാഗം) സ്വാഗതവും ശ്രീ ഗോകുൽ പെരികമന (ഐ.ടി. കോ-ഓർഡിനേറ്റർ , സഭായോഗം ആരോഗ്യ-സാമൂഹികക്ഷേമവിഭാഗം) നന്ദിയും പ്രകാശിപ്പിച്ചു.
നന്ദി പൂർവ്വം,
ചെയർമാൻ,
ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പ്, ശ്രീരാഘവപുരം സഭായോഗം