ഗോമിത്ര – നാടൻ പശുപരിപാലന പദ്ധതി – ഉദ്‌ഘാടനം

ശ്രീരാഘവപുരം സഭായോഗം ഗോമിത്ര സൊസൈറ്റി ഉദ്ഘാടനം ചെയ്തു . നാടൻ പശുക്കളുടെ സംരക്ഷണത്തിന് വേണ്ടി ശ്രീരാഘവപുരം സഭായോഗം ആവിഷ്കരിച്ച പദ്ധതിയാണ് ഗോമിത്ര സ്കീം 2021 എന്ന പേരിൽ നടപ്പിലാക്കുന്നത്. പദ്ധതിയുടെ മെമ്പർഷിപ്പ് വിതരണവും അതോടനുബന്‌ധിച്ച് ഗോപൂജയും 2021 നവംബർ 4 ന് ദീപാവലി ദിനത്തിൽ കണ്ണൂർ ജില്ലയിലെ ശ്രീരാഘവപുരം ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ വെച്ച് നടത്തി.

രാവിലെ ബ്രഹ്മശ്രീ കുന്നം ജയകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗോപൂജ നടത്തി. ഗോപരിപാലനം ജീവിതചര്യയുടെ ഭാഗമാക്കി മാറ്റുക എന്ന സന്ദേശം മുൻനിർത്തിയാണ് സഭായോഗം ഗോമിത്ര സ്കീം 2021 പദ്ധതി നടപ്പിലാക്കുന്നത്.

ഇതുപ്രകാരം ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തെരഞ്ഞെടുത്ത 18 അപേക്ഷകർക്ക് പലിശരഹിതവായ്പയായി ഗോമിത്ര സൊസൈറ്റി 25000 രൂപയുടെ ചെക്ക് കൈമാറി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് 2021 നവംബർ 4 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ നടന്നത്.

ഗോമിത്ര ഡയറക്ടർ ശ്രീ ടി.കെ ശങ്കരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗോമിത്ര ചെയർമാൻ ശ്രീ .ഒ . സി. കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. സഭാ യോഗം സെക്രട്ടറി ശ്രീ കെ.പി. ഹരി നമ്പൂതിരി പദ്ധതിയെപ്പറ്റി വിശദീകരിച്ചു. പഴയങ്ങാടി സീനിയർ വെറ്ററിനറി സർജൻ ഡോ. ശാരിക പദ്ധതി ഉദ്ഘാടനം ചെയ്തു. വേദപാഠശാല വിദ്യാർത്ഥികളുടെ വേദോച്ചാരണത്തിന്റെ സാന്നിദ്ധ്യത്തിൽ ആചാര്യൻ ബ്രഹ്മശ്രീ ആമല്ലൂർ സംഗമേശൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി . ഡ്വാർഫ് കൺസർവേഷൻ സൊസൈറ്റി പ്രതിനിധി ശ്രീ കെ പി ലാൽ ഗോപരിപാലനം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് കൈകാര്യം ചെയ്തു. പ്രമുഖ കർഷക സംരഭകനായ ശ്രീ. പി.കെ.രാജശേഖര വർമ്മ, പുറച്ചേരി വയൽമിത്ര കർഷക കൂട്ടായ്മ സെക്രട്ടറി കെ.ഹരിദാസൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സഭായോഗം പ്രസിഡണ്ട് മുൻ റാവൽജി പാച്ച മംഗലം ശ്രീധരൻ നമ്പൂതിരി പദ്ധതി വിഹിതത്തിന്റെ ചെക്ക് കൈമാറി. മുതിർന്ന ക്ഷീരകർഷകനായ പാച്ച മംഗലം നാരായണൻ നമ്പൂതിരിയെയും യുവ ക്ഷീരകർഷകനായ ശ്രീ. വി. എം. ശ്രീധരൻ നമ്പൂതിരിയെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിന് സഭായോഗം ഭരണ സമിതി അംഗം ശ്രീ.വി.ജെ.പി.നാരായണൻ നമ്പൂതിരി നന്ദി പ്രകാശിപ്പിച്ചു. മൃഗ സംരക്ഷണരംഗത്തെ പ്രമുഖർ, ക്ഷീരകർഷകർ, പദ്ധതിയുടെ ഗുണഭോക്താക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. നവംബർ 11 ന് ഗോപാഷ്ടമി ദിനത്തിൽ കർഷകർക്ക് നാടൻ പശുക്കളെ കൈമാറാൻ തീരുമാനിച്ചു.

പൂർണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ആണ് പരിപാടികൾ നടന്നത്.

ചിത്രങ്ങളിലൂടെ…
പയ്യന്നൂർ ന്യൂസിൽ വന്ന വാർത്ത