പിടിപ്പണം വേദപാഠശാലക്ക്

SRSYPRD: 92/2022
10/08/2022

കേരളത്തിലെ നമ്പൂതിരിമാർ അവശ്യം ചെയ്യേണ്ട ഒന്നാണ് വേദസംരക്ഷണം. ഇന്ന് മലയാള സമ്പ്രദായത്തിൽ വേദസംഹിത സ്വരിച്ചു ചൊല്ലാൻ അറിയുന്നവർ നൂറിൽ താഴെ മാത്രമാണ്. ആകെ അമ്പതിൽ താഴെ വിദ്യാർത്ഥികളാണ് കേരളീയ രീതിയിൽ സ്വരിച്ചു ചൊല്ലാൻ പഠിക്കുന്നത്.

ഋഗ്വേദം, യജുർവേദം, സാമവേദം ഇവ ചൊല്ലാനറിയുന്നവർക്ക് മുറ ജപത്തിനും മറ്റും ധാരാളം അവസരങ്ങൾ ഉണ്ട്. എന്നാൽ പഠിപ്പിക്കാൻ മുന്നോട്ട് വരുന്നവർ കുറവാണ്. കൂടാതെ, അതികഠിനമായ വേദപഠനം ഒരു ജീവിതവ്രതം പോലെ ഏറ്റെടുക്കാനുള്ള ഉണ്ണികളും അവരെ അതിന് പ്രേരിപ്പിക്കുന്ന അച്ഛനമ്മമാരും കുറയുന്നു.

ശ്രീരാഘവപുരം സഭായോഗം വേദ പാഠശാലകൾ നടത്തുന്നുണ്ട്. പാരമ്പര്യ ഗുരുകുലസമ്പ്രദായത്തിൽ ഒരിടത്ത് താമസിച്ച് ആചാര്യാധീനനായി പഠിക്കുന്ന രീതിയാണ്. രാവിലേയും വൈകിട്ടും 2 മണിക്കൂർ വീതം ചൊല്ലിക്കും. പിന്നെ സ്‌കൂളിൽ പോകാം. അവധിദിവസങ്ങളിൽ കൂടുതൽ സമയം ചൊല്ലാം. അങ്ങിനെ 6 കൊല്ലം കൊണ്ടാണ് സംഹിത ഒരുവിധം മനഃപാഠമാവുക. ശാഖ അഭ്യസിക്കാൻ വീണ്ടും ഏതാനും വർഷം. ഇതോടൊപ്പം സംസ്കൃതത്തിലും പൈതൃകവിജ്ഞാനത്തിലും ബാലപാഠങ്ങൾ പകർന്നുനൽകണം.

സ്വരിച്ചു ചൊല്ലുന്നത് നിലനിൽക്കണമെങ്കിൽ, അനുഭൂതി പാകമാക്കണമെങ്കിൽ, അത് ജീവിതാവസാനം വരെ സ്വാദ്ധ്യായം ചെയ്യണം. (എല്ലാ ദിവസവും ചൊല്ലി മനനം ചെയ്യണം.) അതിനുള്ള രീതിയിൽ ജീവിതം ചിട്ടപ്പെടുത്താൻ സാധിക്കണം. അങ്ങിനെയുള്ള ഒന്നിന് മാന്യമായ ജീവിതോപാധി (വരുമാനമാർഗ്ഗം) കൂടി ഉണ്ടാവണം. അതിനായി ഒരു ദീർഘകാലലക്ഷ്യത്തോടെയുള്ള പ്രവൃത്തികളിൽ ഏർപ്പെടാനുള്ള തയ്യാറെടുപ്പാണ് സഭായോഗം ചെയ്യുന്നത്.

സംഹിത ഹൃദിസ്ഥമാക്കിയശേഷം (പത്താം ക്ലാസിന് +2 വിന് ശേഷം) തുടർപഠനം ആയി വേദസംബന്ധിയായ വിഷയങ്ങൾ തന്നെ പഠിക്കാനുള്ള അവസരങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് സഭായോഗം. ചില കേന്ദ്ര സർവ്വകലാശാലകളിൽ വേദം, ബ്രാഹ്മണം, ആരണ്യകം, ഉപനിഷദ് കൂടാതെ വേദാംഗങ്ങൾ ആയ ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, (വേദ) ജ്യോതിഷം എന്നിവ കൂടി പഠിപ്പിക്കുന്നുണ്ട്. എന്നാൽ പൂർണ്ണമായും ഇല്ല. അതിന് ഒരുപക്ഷെ നമ്മൾ തന്നെ ഒരു വിശ്വവിദ്യാലയം നിർമ്മിക്കേണ്ടി വരും. എങ്കിൽ മാത്രമേ കൂടുതൽ വേദവിത്തുക്കളെ നമുക്ക് സമൂഹത്തിൽ ലഭിക്കുകയുള്ളൂ. ഇവരാണ് സാമ്പ്രദായികമായ വൈദീകകർമ്മപദ്ധതികൾ യഥാവിധി നിലനിർത്തുന്നതോടൊപ്പം ഭാരതീയമായ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഗഹനമായ ഗവേഷണങ്ങളും പ്രഭാഷണങ്ങളും നടത്തി, ലേഖനങ്ങളും പുസ്തകങ്ങളും രചിച്ച് ഇന്നത്തെ കാലസ്ഥിതിയ്ക്കനുസരിച്ചുള്ള ആവശ്യങ്ങൾക്കു കൂടി ഉതകുംവിധം വേദങ്ങളിലെ വിജ്ഞാന ഭണ്ഡാകാരം സമൂഹത്തിലേക്ക് ചൊരിയേണ്ടത്. അതും സഭായോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ പെടുന്നു.

പാഠശാലകൾ നിലനിർത്താൻ പണവും ആവശ്യമാണ്. പഠിപ്പിക്കുന്ന ആചാര്യന് മാസം തോറും ദക്ഷിണ, ഭക്ഷണം തയ്യാറാക്കി നൽകുന്ന അമ്മമാർക്ക് ഒരു പ്രതിഫലം, പിന്നെ ട്യൂഷൻ, മറ്റു ചെലവുകൾ. വിദ്യാർത്ഥികളിൽ നിന്ന് ഫീസ് എന്ന നിലയിൽ പണം ഈടാക്കുക പതിവില്ല. നമ്മുടെ സാംസ്‌കാരിക പാരമ്പര്യം നിലനിർത്തണം എന്ന് താല്പര്യമുള്ള സമാനമനസ്കരുടെ സംഭാവനകൾ കൊണ്ടാണ് ചെലവുകൾ നടത്തുന്നത്.

നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത്:

  1. ഒരു പിടിപ്പണം ഒരു സമർപ്പണം എന്ന രീതിയിൽ വേദപാഠശാലയ്ക്ക് നൽകുക. യജുർവേദികളും സാമവേദികളും കഴിയുന്നത്ര സഹായം നൽകുക. ഋഗ്വേദികൾ തൃശൂർ ബ്രഹ്മസ്വം മഠത്തിനും നൽകാം.
    ഓരോ മാസവും 100 രൂപ /500 രൂപ/1000 രൂപ വീതം നൽകാൻ online ബാങ്കിൽ standing order set ചെയ്യാം. അല്ലെങ്കിൽ അയച്ചു തരാം. Google pay വഴി എളുപ്പം ചെയ്യാം.
  2. നിങ്ങളുടെ ഉണ്ണിയെ പാഠശാലയിൽ പഠിപ്പിക്കാൻ വിടുക. ഉപനിച്ചുണ്ണി(ബ്രഹ്മചാരി)കളായാൽ ഉത്തമം.
  3. നിങ്ങളുടെ ഊരാഴ്മയിൽ ഉള്ള ക്ഷേത്രത്തിൽ (മണ്ഡപത്തിൽ) ഒരു “വേദനിധി” ഭണ്ഡാരം വയ്ക്കുക. അതിന്റെ പ്രാധാന്യം ഭക്തരെ മനസ്സിലാക്കിക്കുക. അതിൽ ലഭിക്കുന്ന പണം പാഠശാലകൾക്കും മുറജപത്തിനും ഉപയോഗിക്കുക. മുറജപത്തിന് വരുന്നവർക്ക് പിശുക്കാതെ ദാനം നൽകുക.
  4. സൗകര്യങ്ങൾ ഉള്ള ക്ഷേത്രങ്ങളിലും പുനരുപയോഗത്തിനായി സജ്ജീകരിക്കേണ്ട പഴയ നാലുകെട്ടുകളിലും വേദ പാഠശാല തുടങ്ങാൻ സഭായോഗത്തെ ആഗ്രഹം അറിയിക്കുക.
  5. പരിചയമുള്ള കുബേരന്മാരോട് വേദപാഠശാലകളെ കുറിച്ച് സംസാരിക്കുക. അവയെ നിലനിർത്താനുള്ള സംഭാവനകൾ നൽകാൻ പ്രേരിപ്പിക്കുക. CSR ഫണ്ടുകൾ / പരസ്യങ്ങൾ തുടങ്ങിയവ വഴി കമ്പനികൾക്കും ഇത്തരം സ്ഥാപനങ്ങളെ സഹായിക്കാനാകും. ജീവനക്കാർ വഴിയാണ് ചില കമ്പനികൾ CSR അപേക്ഷകൾ സ്വീകരിക്കുക.അത്തരം ബന്ധങ്ങൾ ഉപയോഗിച്ച് സഹായിക്കുക.

ശ്രീരാഘവപുരം സഭായോഗം യജുർവേദ/ സാമവേദ പാഠശാലകളാണ് ഇപ്പോൾ നടത്തുന്നത്. ഗോകർണ്ണം മുതൽ കന്യാകുമാരി വരെ കേരളത്തിലെ 64 ഗ്രാമങ്ങളിലും അതാത് ഗ്രാമസഭായോഗങ്ങളും വേദ പാഠശാലകളും എന്നതാണ് ലക്ഷ്യം.

കൂടുതൽ വിവരങ്ങൾക്ക് സന്തോഷ് താന്നിക്കാട് 8848896685 (ഓഫീസ് മാനേജർ) അല്ലെങ്കിൽ ഹരി പേർക്കുണ്ടി പെരിയമന വാദ്ധ്യാൻ 8547410552 (സഭായോഗം സെക്രട്ടറി), മങ്കുന്നം വിനീത് (PRO, വേദ വിദ്യാപ്രതിഷ്ഠാനം) 79076 73984 എന്നിവരെ ബന്ധപ്പെടുക.

സംഭാവന നൽകുക

Contributions to Sree Raghavapuram Sabhayogam, qualify for tax benefit under Section 80G of the Income Tax Act.
(Reg. No. 62/2018, Niti Ayog Darpan ID: KL/2020/0249233, CSR Reg CSR00026071)