ജ്വാല ’24

ജ്വാല '24 ഒന്നാം ദിവസം

ധർമ്മവിഗ്രഹവാനായ ശ്രീരാമചന്ദ്രസ്വാമിയെ സാക്ഷിയാക്കി നൂറോളം കുട്ടികളും അവരുടെ രക്ഷിതാക്കളും ഒത്തുചേർന്ന സദസ്സിൽ സഭായോഗം കുടുംബക്ഷേമ വിഭാഗം ചെയർമാൻ ഡോ. ഒ.സി. കൃഷ്ണൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ സാമൂഹികപ്രവർത്തകയും സാഹിത്യകാരിയുമായ ശ്രീമതി ബിന്ദു മരങ്ങാട് ഭദ്രദീപം ജ്വലിപ്പിച്ചതോടെ ജ്വാല 2024 ത്രിദിനക്യാമ്പിന് പഴിച്ചയിൽ ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ ഇന്നലെ ( 31-05-2024) നിറവാർന്ന തുടക്കമായി.

ഇല്ലായ്മയുടെ വേദനയറിയാത്ത ഇന്നത്തെ കുട്ടികൾ ഭാഗ്യം ചെയ്തവരാണ്. അവസരങ്ങളെ വിനിയോഗിച്ച് അറിവ് നേടി വളരാനും ലോകനന്മക്കായി പ്രവർത്തിക്കാനും ഈ കുട്ടികൾക്ക് സാധിക്കട്ടെ – ഉദ്ഘാടനപ്രസംഗത്തിൽ ശ്രീമതി ബിന്ദു ആശംസിച്ചു.

തുടർന്ന് ഭാരവാഹികളായ ശ്രീ. വി.ജെ.പി. നാരായണൻ നമ്പൂതിരി, ശ്രീമതി തുളസി പെരിങ്ങോട്, ശ്രീമതി ബീന ചേറ്റൂർ എന്നിവർ സംസാരിച്ചു.

ഐസ് ബ്രേക്കിങ് സെഷൻ കൈകാര്യം ചെയ്ത ശ്രീ. ലിതേഷ് കോളയാട് നൂതനമായ നുറുങ്ങ് വിദ്യകളിലൂടെയും കലാപരിപാടികളിലൂടെയും കുട്ടികളെ ക്യാമ്പിൻ്റെ അന്തരീക്ഷത്തിലേക്ക് എത്തിച്ചു. സെഷൻ്റെ അവസാനം ശ്രീ .പെരിങ്ങോട് ദാമോദരൻ നമ്പൂതിരി ശ്രീ. ലിതേഷ് കോളയാടിനെ ആദരിച്ചു.

ശ്രീ. മുകേഷ് മാസ്റ്റർ കുളമ്പുകാട്, കുട്ടികളെ നല്ല രീതിയിൽ എങ്ങനെ വളർത്താം എന്നതിനെക്കുറിച്ച് രക്ഷിതാക്കൾക്ക് ക്ലാസ്സ് നയിച്ചു. സുഖസമൃദ്ധിയിൽ കഴിഞ്ഞിരുന്ന രാജകുമാരന്മാരായ രാമലക്ഷ്മണൻമാർക്ക് ഗുരുവായ വിശ്വാമിത്രമഹർഷി ചെറുപ്രായത്തിൽ വിദ്യകൾ ഉപദേശിച്ചുകൊടുത്ത് അവരെ ജീവിതയാത്രക്ക് പ്രാപ്തരാക്കിയതും മറ്റുമായ നിരവധി കഥകളിലൂടെ വളരെ ഹൃദ്യമായി രക്ഷിതാക്കളോട് അദ്ദേഹം സംവദിച്ചു. ശ്രീ. മുകേഷ് മാസ്റ്ററെ സഭായോഗത്തിനു വേണ്ടി ശ്രീ. പുടയൂർ ജയനാരായണൻ നമ്പൂതിരി പൊന്നാടയണിയിച്ച് ആദരിച്ചു.

വൈകീട്ട് കേശവൻ ജനാള പെരികമന വാദ്ധ്യാൻ അന്തിസ്കാരം കഴിച്ചു. സഭായോഗം പാഠശാലകളിലെ വിദ്യാർത്ഥികൾ വേദമന്ത്രങ്ങളെ കൊണ്ട് ദേവിയെ സ്തുതിച്ചു. ബ്രഹ്മചാരിക്കുട്ടി പതിവുപോലെ ചമതയിട്ടു. വേനൽമഴയിൽ നിറഞ്ഞ ചേറ്റൂരില്ലം കുളത്തിൽ മുങ്ങിക്കുളിച്ച് ശുദ്ധി വരുത്തി ക്യാമ്പംഗങ്ങൾ ഒന്നടങ്കം സന്ധ്യാസമയത്തെ നാമജപത്തിൽ പങ്കെടുത്തു.

അത്താഴത്തിന് ശേഷം ബ്രാഹ്മണരുൾപ്പെടെ ഹൈന്ദവരുടെ പുതുതലമുറയെ ലഹരി, ലൈംഗികത, പണം തുടങ്ങിയവയിലൂടെ വഴി തെറ്റിച്ച് നശിപ്പിക്കുവാനും രാഷ്ട്രവിരുദ്ധ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവാനുമുള്ള നിഗൂഢശ്രമങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ‘ദ കേരള സ്റ്റോറി’ എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു. ചതിക്കുഴികളെ കുറിച്ച് നമ്മുടെ കുട്ടികളെ കൂടി ബോധവൽക്കരിക്കുക എന്നതായിരുന്നു ഇതിൻ്റെ ഉദ്ദേശ്യം.

നൂറോളം കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പാഠശാലകളിലെ വലിയമ്മമാരുടെ നേതൃത്വത്തിൽ അന്തർജ്ജനങ്ങൾ കൂട്ടായ പരിശ്രമത്തിൽ ഭക്ഷണം തയ്യാറാക്കി വിളമ്പി. നാലുകെട്ടിന് ചുറ്റുപാടുമുള്ള ആറോളം ഇല്ലങ്ങളിലാണ് താമസസൗകര്യമൊരുക്കിയത്.

പങ്കെടുത്ത രക്ഷിതാക്കൾക്കും കുട്ടികൾക്കും ജീവിതത്തിൽ അവിസ്മരണീയമായ അനുഭവം 

തന്നെയാണ് ജ്വാല ’24 ഒന്നാം ദിവസം സമ്മാനിച്ചത്.

ജ്വാല '24: രണ്ടാം ദിനം

ആദ്യ ദിവസം രാത്രി ഉറങ്ങാൻ വൈകിയെങ്കിലും കാലത്ത് ഉത്സാഹത്തിൽ കുട്ടികൾ എഴുന്നേറ്റു.കുളിയും ജപവും കഴിഞ്ഞതിനു ശേഷം 8 മണിക്ക് തളിപ്പറമ്പ് കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ: AV കേശവൻ സാറിൻ്റെ നർമ്മത്തിൽ പൊതിഞ്ഞ ഉം ഗൗരവം വിടാതെയുമുള്ള, കുട്ടികളെ പുതിയ അറിവുകളുടെ ലോകത്തേക്ക് നയിച്ച പ്രഭാഷണം. അദ്ദേഹത്തെ സഭായോഗത്തിനു വേണ്ടി ശ്രീ കെ പി ഹരി നമ്പൂതിരി പെന്നാടയണിയിച്ച് ആദരിച്ചു. പ്രഭാത ഭക്ഷണത്തിനു ശേഷം ശ്രീ രാമചന്ദ്രൻ കീഴറ മാജിക്കിലൂടെ മോട്ടിവേഷൻ എന്ന സെഷൻ നയിച്ചു.കുട്ടികൾക്ക് ഏറെ ആഹ്ലാദവും വിജ്ഞാനവും നൽകിയ അദ്ദേഹത്തെ ശ്രീ നാരായണൻ നമ്പൂതിരി പൊന്നാടയണിയിച്ചാദരിച്ചു.തുടർന്ന് ചെറിയ കുട്ടികൾക്കു വേണ്ടി, നമ്മുടെ ആരോഗ്യം എന്ന വിഷയത്തെകുറിച്ച് കേശവ തീരം MD Dr തുളസിയുടെ ക്ലാസ്സ്. മുതിർന്നവർക്ക് പ്രകൃതിജീവനത്തെ അധികരിച്ച് ശ്രീ ഹരിദാസൻ വയൽമിത്ര നയിച്ച പ്രഭാഷണവും നടന്നു. രണ്ടും ഏറെ വിജ്ഞാനപ്രദമായി. Dr:തുളസിയെയും, ശ്രീ ഹരിദാസിനെയും ശ്രീരാഘവ സഭായോഗത്തിനു വേണ്ടി യഥാക്രമം ശ്രീമതി അജിത ടീച്ചറും ശ്രീഭാസ്കരൻ വെളളൂരും പൊന്നാടയണിയിച്ചു ആദരിച്ചു.

ഉച്ചഭക്ഷണത്തിനു ശേഷം ഏതാണ്ട് രണ്ടു മണിക്കൂറോളം ശ്രീ വാസുദേവൻ നമ്പൂതിരി(വടക്കിന പ്പാലക്കീഴ്) , എല്ലാ കുട്ടികൾക്കും ഒരുപോലെ ആസ്വാദ്യകരമായ വിധത്തിൽ ഭവനത്തിലും പറമ്പിലും കിട്ടുന്ന പാഴ്‌വസ്തുക്കളെ കൊണ്ടു മൂല്യമുള്ള കരകൗശല വസ്തുക്കളെ ഉണ്ടാക്കിയും കുട്ടികളെ കൊണ്ടു ഉണ്ടാക്കിച്ചും അവരെ വേറൊരു ലോകത്തേക്കു നയിച്ചു.

വൈകീട്ട് പ്രകൃതി ആസ്വാദന നടത്തവും ക്ഷേത്ര ദർശനവും ഉണ്ടായി. അത്താഴത്തിനു ശേഷം കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് കലാപരിപാടികൾ അരങ്ങേറി. വ്യത്യസ്തങ്ങളായ പരിപാടികൾ ഏറെ ആകർഷണീയമായി.

രാത്രി ക്യാമ്പ് ഫയറിൽ കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു.

ജ്വാല '24 സമാപനദിനം

കുട്ടികൾ പതിവുപോലെ പ്രഭാത കർമ്മങ്ങൾക്കുശേഷം ഭക്ഷണം കഴിച്ചു. തുടർന്ന് വെള്ളിയോട് മാധവൻ നമ്പൂതിരി സംസ്കൃതിയെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ശ്രീമതി അജിത ടീച്ചർ, ശ്രീ അബ്ളി വാദ്യാൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവരും കുട്ടികൾക്കു വേണ്ട ഉപദേശങ്ങൾ നൽകി.

അടുത്ത സെഷനിൽ രക്ഷിതാക്കളെയും കുട്ടികളെയും ഒന്നിച്ചിരുത്തി, സൈബർ ലോകത്തെ തട്ടിപ്പുകളെ കുറിച്ചും മൊബൈൽ ഫോൺ ഉപയോഗത്തെ കുറിച്ചും ദുരുപയോഗത്തെ കുറിച്ചും ശ്രീ. സഹദേവൻ (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്) സംവദിച്ചത് ശ്രദ്ധേയമായി.

വിഭവസമൃദ്ധമായ ഉച്ച ഭക്ഷണത്തിനു ശേഷം രണ്ടര മണിയോടെ ശ്രീ തൃക്കൈകാട്ട് മഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സ്വാമികൾ എഴുന്നള്ളി കുട്ടികളെ അനുഗ്രഹിച്ചു. സ്വാമിയാരെ വണങ്ങാനും പ്രസാദം സ്വീകരിക്കാനുമുള്ള ഭാഗ്യം കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭിച്ചു. സ്വാമിയാരുടെ അനുഗ്രഹഭാഷണം പല കുട്ടികൾക്കും വേറിട്ടൊരു അനുഭവമായി.

ശിബിരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സ്വാമികൾ സമാപന സമ്മേളനത്തിൽ വെച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ഡോ. ഒ.സി കൃഷ്ണൻ നമ്പൂതിരി സ്വാഗതം ആശംസിച്ച സമാപന സമ്മേളനത്തിൽ
ശ്രീ. വെളളിയോട് മാധവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ശ്രീ. ഭാസ്കരൻ വെളളൂർ, ശ്രീ സി.കേശവൻ നമ്പൂതിരി, ശ്രീ. ഒ.സി കേശവൻ നമ്പൂതിരി, ശ്രീമതി ലതിക .പി.വി, ശ്രീമതി. പത്മാവതി അന്തർജനം എന്നിവരെ ആദരിച്ചു. ശ്രീകാന്ത് കാര ഭട്ടതിരി, അജിത.കെ.സി.ടി.പി, ശ്രീ. ഹരി കെ.പി, ശ്രീമതി.തുളസി.പി, ശ്രീ. മാധവൻ കാര ഭട്ടതിരി എന്നിവർ സംസാരിച്ചു. വി.ജെ.പി.നാരായണൻ നമ്പൂതിരി നന്ദി അറിയിച്ചു സംസാരിച്ചു.

അവസാന ദിവസം ക്യാമ്പിൽ പങ്കെടുത്ത എല്ലാവരും ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു.

സ്ക്കൂൾ തുറക്കുന്നതിൻ്റെ തൊട്ടു മുൻപായിട്ടു കൂടി ഇത്രയും ഭംഗിയായി മറ്റു പരാതികൾക്കൊന്നും ഇടവരുത്താതെ ശിബിരം വിജയപ്രദമാക്കിയ പിന്നണി പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക?…

ഈ ജ്വാല അണയാതെ ജ്വലിച്ചു കൊണ്ടിരിക്കുവാൻ,സമുദായാംഗങ്ങളുടെ ഈ കൂട്ടായ്മ എപ്പോഴും ഉണ്ടാകുവാൻ , അതിനു ശ്രീരാമസ്വാമിയുടെ അനുഗ്രഹവർഷം ഏവർക്കും ലഭിക്കാൻ പ്രാർത്ഥിക്കുന്നു .