ശ്രീരാഘവപുരം സഭായോഗം വേദവിദ്യാപ്രതിഷ്ഠാനത്തിൻ്റെ ചെറുതാഴം രാമപാദം യജുർവ്വേദപാഠശാല, പഴിച്ചയിൽ ചേറ്റൂർ യജുർവ്വേദപാഠശാല എന്നിവിടങ്ങളിലെ വേദവിദ്യാർത്ഥികളും അവരുടെ ഗുരുക്കന്മാരും നാലു ദിവസം കാഞ്ചീപുരത്ത് ജഗദ്ഗുരു ശങ്കരാചാര്യ കാഞ്ചി പീഠാധിപതി ശ്രീ ശ്രീ വിജയേന്ദ്രസരസ്വതി മഹാ സ്വാമികളുടെ തിരുസന്നിധിയിൽ തൈത്തിരീയസംഹിതാ മുറജപം നടത്തി.
സ്വാമിയാരുടെ ചാതുർമാസ്യവേദിയായ കാഞ്ചി ഒരിക്കൈ ഗ്രാമത്തിലെ മണിമണ്ഡപത്തിലായിരുന്നു മുറജപം.
ബ്രഹ്മശ്രീ. ആമല്ലൂർ നാരായണൻ നമ്പൂതിരി, ബ്രഹ്മശ്രീ. ആമല്ലൂർ സംഗമേശൻ നമ്പൂതിരി, ബ്രഹ്മശ്രീ. കീഴാനെല്ലൂർ ഭവൻ നമ്പൂതിരി എന്നീ ആചാര്യരും സർവ്വശ്രീ. അർജ്ജുൻ പുതുക്കുടി, ശങ്കരൻ വടക്കേ അബ്ലി, നവനീത് കാര ഭട്ടതിരി, ഋഷീകേശ് കൊടക്കാട്, മാധവൻ പുതിയില്ലം, വാമനദേവ് എഗ്ഡ നീലമന, ഹൃഷീകേശ് പുതുമന, ജ്ഞാനേശ്വർ വടക്കേ നീലമന, ശ്രീമാധവ് കുന്നൂർശാല നീലമന എന്നീ വേദവിദ്യാർത്ഥികളും ജപത്തിൽ പങ്കുകൊണ്ടു. സഭായോഗം ഭാരവാഹികളായ ശ്രീ. പേർക്കുണ്ടി പെരികമന ഹരി വാദ്ധ്യാൻ, ശ്രീ. ശ്രീകാന്ത് കാര ഭട്ടതിരി, ശ്രീ. എഗ്ഡ നീലമന ഈശ്വരൻ നമ്പൂതിരി, ശ്രീ. പേർക്കുളം വിഘ്നേശ് നമ്പൂതിരി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ജഗദ്ഗുരു സ്വാമിയാർ വിദ്യാർത്ഥികളെയും ആചാര്യന്മാരെയും ദക്ഷിണ നല്കി അഭിനന്ദിച്ചനുഗ്രഹിച്ചു. സംഘാംഗങ്ങളെ പൊന്നാട അണിയിച്ച് ആശീർവദിച്ചു.
ആശീർവാദസഭയിൽ സ്വദേശം, സ്വഭാവം, സ്വധർമ്മം ഇവ മനസ്സിൽ കണ്ട് പ്രവർത്തിക്കുവാനും ദാനം ശീലിക്കുവാനും സ്വാമിയാർ ഹൈന്ദവസമൂഹത്തോട് ആഹ്വാനം ചെയ്തു.
പരശുരാമക്ഷേത്രവും ശങ്കരാചാര്യസ്വാമികളുടെ ജന്മദേശവും ആയ കേരളത്തിൽ വേദവും വൈദികധർമ്മവും തനത് സമ്പ്രദായത്തിൽ നിലനിർത്തേണ്ടതിൻ്റെ അനിവാര്യത സ്വാമിയാർ എടുത്തുപറഞ്ഞു. ഇതിനു വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന ശ്രീരാഘവപുരം സഭായോഗത്തെയും പ്രവർത്തകരെയും സ്വാമിയാർ മുക്തകണ്ഠം പ്രശംസിച്ചു. വേദത്തിലും സംസ്കൃതത്തിലും ഉപരിപഠനം ചെയ്ത് ശരിയായ രാഷ്ട്രപുരോഹിതരാകണമെന്ന് അദ്ദേഹം ഉണ്ണികളെ ഉദ്ബോധിപ്പിച്ചു.
നമ്പൂതിരിയുവാക്കളുടെ വിവാഹം, അവർക്ക് സ്വഗൃഹത്തിൽ സ്വധർമ്മമനുഷ്ഠിക്കാനുള്ള ജീവിതസാഹചര്യവും ജോലിയും ഒരുക്കൽ, ബാലികമാരുടെ ധർമ്മാചരണം, സ്വാമികളുടെ കേരള ദിഗ്വിജയയാത്ര തുടങ്ങി വിവിധ വിഷയങ്ങളിൽ സ്വാമിയാരുമായും ശ്രീമഠം ഭാരവാഹികളുമായും സഭായോഗം പ്രതിനിധികൾ കൂടിയാലോചിച്ചു.
സഭായോഗത്തിൻ്റെ എല്ലാ പരിശ്രമങ്ങൾക്കും ശ്രീമഠത്തിൻ്റെ അനുഗ്രഹവും പൂർണ്ണപിന്തുണയും ഉണ്ടാകുമെന്ന് അവർ ഉറപ്പുനല്കി.