ബ്രാഹ്മണ ഏവ ബ്രഹ്മവർച്ചസം ദധാതി

വൈദികധർമ്മത്തിനു വേണ്ടി സ്വജീവിതം സമർപ്പിച്ച ധന്യാത്മാവ് വാച്ച മാധവവാദ്ധ്യാൻ നമ്പൂതിരി ഇനി ദീപ്തമായ ഓർമ്മ.

ഇക്കഴിഞ്ഞ മകരത്തിലെ കാർത്തിക നക്ഷത്രത്തിൽ നൂറാം പിറന്നാൾ ആചരിച്ച ഈ മഹാനുഭാവൻ ഭഗവാൻ്റെ കൃപാകടാക്ഷം കൊണ്ട് അതിനുശേഷവും ഏതാനും മാസങ്ങൾ വേദമന്ത്രങ്ങൾ മനനം ചെയ്തും സഹസ്രനാമം ഉരുവിട്ടും പരമപുരുഷനെ ഉപാസിച്ചു.

5 വർഷം മുന്നേ മാധവമാസത്തിൽ ശ്രീരാഘവസ്വാമിയുടെ നടയിൽ സഭായോഗത്തിൻ്റെ ആദ്യപാഠശാല ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത അദ്ദേഹം പ്രതിമാസം ശൃംഗേരിമഠത്തിൽ നിന്നയക്കുന്ന വേദജ്ഞദക്ഷിണ അപ്പാടെ വേദരക്ഷണത്തിനായി സഭായോഗത്തിന് സമർപ്പണം ചെയ്യുമായിരുന്നു. ഓരോ കാൽവെപ്പിലും സഭായോഗത്തിന് വഴി കാട്ടിയ ഈ അഗ്നിതേജസ്സ് ഇനിയുമെത്രയോ തലമുറകൾക്ക് വെളിച്ചമേകും എന്നതിൽ സംശയമില്ല. ഈ ഗുരുനാഥൻ്റെ ദീപ്തസ്മരണക്കു മുന്നിൽ അഭിവാദ്യം ചെയ്ത് നമസ്കരിക്കുന്നു, സദ്ഗതിക്കായി പ്രാർത്ഥിക്കുന്നു.