ശ്രീരാഘവപുരം സംഗീത സഭയുടെ നേതൃത്വത്തിൽ 2023 മെയ് മാസം 10 മുതൽ 14 വരെ , കണ്ണൂർ ജില്ലയിലെ പുറച്ചേരി , കേശവ തീരം, കണ്ണാടി ഭാഗവതർ നഗരിയിൽ വെച്ച് സാരസ്വതാമൃതം കർണ്ണാടക സംഗീത പഠന ശിബിരം നടത്തി. കർണ്ണാടക സംഗീതത്തിലെ അതികായനായ ശ്രീ മുത്തുസ്വാമി ദീക്ഷിതരാൽ വിരചിതമായ അതി വിശേഷമായി കരുതപ്പെടുന്ന “നവാവരണ കൃതി” കളുടെ പഠനമാണ് പഞ്ചദിന ശിബിരത്തിൽ നടത്തിയത്.
ഉദ്ഘാടന പരിപാടി സാമ വേദഘോഷത്തോടു കൂടി ആരംഭിച്ചു. പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീത പഠന ശിബിരത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
വിദ്യാർത്ഥികൾ ശ്രുതി, താള, ലയ ബോധം കാത്തുസൂക്ഷിക്കുന്നതോടൊപ്പം ”സ്വരജ്ഞാന’ ബോധവും കൂടി നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പ്രത്യേകം സൂചിപ്പിച്ചു.
സഭായോഗത്തിന്റെ രക്ഷാധികാരിയും കർണ്ണാടക സംഗീതജ്ഞനുമായ , സാഹിത്യ സംഗീതമണി ഡോ: താമരശ്ശേരി ഈശ്വരൻ ഭട്ടതിരി അദ്ധ്യക്ഷത നിർവഹിച്ചു. ദീക്ഷിത കൃതികളുടെ, പ്രത്യേകിച്ച് നവാവരണ കൃതികളുടെ സാഹിത്യ, വ്യാകരണ, രാഗ , ലയ പ്രത്യേകതകളെ വിശദീകരിച്ചു. നവാവരണ കൃതികളിൽ, താന്ത്രികജ്ഞാനി കൂടിയായ ദീക്ഷിതർ, ശ്രീചക്രാങ്കിതയായ കമലാംബയെ വിവരിക്കാൻ വേണ്ടി, ഓരോ ആവരണത്തിനും തിരഞ്ഞെടുത്തിട്ടുള്ള സാഹിത്യം, രാഗം എന്നിവ ഏറെ പ്രത്യേകതകൾ നിറഞ്ഞതും, ഏറെ പഠനങ്ങൾ അർഹിക്കുന്നതുമായ ഗഹനവുമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
കർണാടക സംഗീതജ്ഞനായ ശ്രീ. ടി.പി. ശ്രീനിവാസൻ ,കേശവതീരം ആയുർവേദ ചികിത്സാലയം,എം. ഡി. വെദിരമന വിഷ്ണു നമ്പൂതിരി , ശ്രീ രാഘവപുരം സംഗീത സഭ, സെക്രട്ടറി, ശ്രീ.പി.കെ. ഗോവിന്ദ പ്രസാദ്, ശ്രീ രാഘവപുരം സഭാ യോഗം സെക്രട്ടറി ശ്രീ. K. P. ഹരി നമ്പൂതിരി, ശ്രീ രാഘവപുരം സംഗീത സഭാംഗം ശ്രീ സുനിൽ എംപി എന്നിവർ സംസാരിച്ചു.
തുടർന്ന് വിദ്വാൻ താമരക്കാട് ശ്രീ ഗോവിന്ദൻ നമ്പൂതിരിയുടെ ശിക്ഷണത്തിൽ പരിശീലനം ആരംഭിച്ചു.
തീർത്തും ഗുരുകുല സമ്പ്രദായ രീതിയിൽ തന്നെയായിരുന്നു പരിശീലനം.രാവിലെ 5 മണിയുടെ ‘ തുടങ്ങി ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 4 30 മുതൽ 6:30 മണി വരെയുമായിരുന്നു പാഠ്യക്രമം .ഉച്ചതിരിഞ്ഞുള്ള സമയം നാലുമണിവരെ മുൻപ് നടന്ന സംഗീത പഠന ശിബിരത്തിൽ പഠിപ്പിച്ച നവാരണ കൃതികളുടെ സംശയനിവാരണവുമുണ്ടായിരുന്നു.
വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം എന്ന നിലയിൽ ഡോ: വൃന്ദ വർമ്മ (വയലിൻ)ശ്രീ അജുഅമ്പാട്ട്(പുല്ലാംകുഴൽ) എന്നിവർ ചേർന്ന് അവതരിപ്പിച്ച സംഗീത കച്ചേരി അരങ്ങേറി. ശ്രീ വിനോദ് കച്ചേരിയ്ക്ക് മൃദംഗത്തിൽ പക്കമേളമൊരുക്കി.
പഞ്ചദിന ശിബിരത്തിന്റെ സമാപന ദിനം വിദ്വാൻ ശ്രീ താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ കച്ചേരി നടത്തി. വയലിനിൽ ശ്രീ ഇടപ്പള്ളി അജിത്ത് കുമാറും, മൃദംഗത്തിൽ ചേർത്തല എസ് ദിനേശ് കുമാറും, മുഖർശംഖിൽ പയ്യന്നൂർ ഗോവിന്ദ പ്രസാദും ചേർന്ന് പക്കമേളമൊരുക്കി.
കണ്ണാടി ഭാഗവതർ നഗരിയിൽ വെച്ച് നടന്ന സമാപനച്ചടങ്ങിന്റെ ഉദ്ഘാടനം സാഹിത്യ സംഗീത മണി ഡോ. താമരശ്ശേരി ഈശ്വരൻ ഭട്ടതിരി നിർവഹിച്ചു. ശ്രീ രാഘവപുരം സംഗീത സഭ പ്രസിഡൻറ് ശ്രീ കുടൽവള്ളി കേശവൻ നമ്പൂതിരി ചടങ്ങിന് അധ്യക്ഷത നിർവഹിച്ചു.
ശ്രീ രാഘവപുരം സഭാ യോഗം സെക്രട്ടറി, ശ്രീ. കെ. പി. ഹരി നമ്പൂതിരി,പരിസ്ഥിതി പ്രവർത്തകനും സംഗീതാ ഭ്യുദയകാംക്ഷിയുമായ ശ്രീ വിജയ് നീലകണ്ഠൻ എന്നിവർ സംസാരിച്ചു.
കേശവതീരം എം.ഡി. വെദിരമന ശ്രീ വിഷ്ണു നമ്പൂതിരി, ശ്രീ രാഘവപുരം സംഗീത സഭ സെക്രട്ടറി ശ്രീ ഗോവിന്ദ പ്രസാദ്.പി.കെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.