SRSYPRD:127/2022
കേരളത്തിലെ വേദപഠനസമ്പ്രദായത്തെ കുറിച്ച് പഠനം നടത്തുന്നതിനായി പാലക്കാട് ശ്രീകൃഷ്ണപുരം വി. ടി. ഭട്ടതിരിപ്പാട് കോളേജിൽ നിന്നുള്ള ഗവേഷകസംഘം ചെറുതാഴവും തളിപ്പറമ്പും സന്ദർശിച്ചു. UGC STRIDE പ്രോജക്ടിൻ്റെ ഭാഗമായാണ് സന്ദർശനം.
ഗുരുകുലസമ്പ്രദായത്തിൽ പന്ത്രണ്ട് വർഷത്തെ യജുർവ്വേദാദ്ധ്യയനം നടക്കുന്ന ചെറുതാഴം ശ്രീരാഘവപുരം സഭായോഗത്തിൻ്റെ രാമപാദം, ചേറ്റൂർ പാഠശാലകളിലെ വിദ്യാർത്ഥികളുമായും ആചാര്യന്മാരുമായും സംഘം സംവദിച്ചു. വൈദികപാരമ്പര്യത്തിന്റെ തനിമ ഇവിടെ ഓജസ്സോടെ നിലനിൽക്കുന്നത് സംഘാംഗങ്ങൾക്ക് കൗതുകമായി. സഭായോഗം വേദവിദ്യാപ്രതിഷ്ഠാനം ഡയരക്ടർ ഡോ. ഇ.എൻ. ഈശ്വരൻ നമ്പൂതിരി പാഠശാലകളുടെ പ്രവർത്തനപദ്ധതി വിശദീകരിച്ചു.
ആമല്ലൂർ സംഗമേശൻ നമ്പൂതിരി, കീഴാനെല്ലൂർ ഭവൻ നമ്പൂതിരി, ഡോ. വാരണക്കോട് ഗോവിന്ദൻ നമ്പൂതിരി, ചെറുമുക്ക് വൈദികൻ നീലകണ്ഠൻ നമ്പൂതിരി, ഡോ. കാരക്കാട് കേശവൻ നമ്പൂതിരി എന്നീ പണ്ഡിതന്മാരുമായി സംഘം അഭിമുഖം നടത്തി.
കേരളത്തിലെ അതിപ്രാചീനഗ്രാമമായ പെരിഞ്ചെല്ലൂരിലെ തളിപ്പറമ്പ്, തൃച്ചംബരം, കാഞ്ഞിരങ്ങാട്, വാജപേയപുരം ക്ഷേത്രങ്ങളും തൃച്ചംബരത്ത് ആദിശങ്കരാചാര്യരുടെ ശിഷ്യൻമാർ സ്ഥാപിച്ചതായ നാലു സന്യാസിമഠങ്ങളും ഗന്ധർവ്വക്ഷേത്രവും സംഘം സന്ദർശിച്ചു. ബദരീനാഥ് റാവൽജിമാരുടെ ഗ്രാമമായ ചെറുതാഴത്ത് ശ്രീരാഘവപുരം വലിയ മതിലകവും പഴയ കാലത്തെ പാഠശാലകളായ ഉപ്പിലിവാദ്ധ്യാരില്ലം, ജനാള പെരിയമന വാദ്ധ്യാരില്ലം, അബ്ലി വാദ്ധ്യാരില്ലം, കൊമ്പങ്കുളം, കാനപ്രം തുടങ്ങിയ മനകളും സന്ദർശിച്ച് വിവരശേഖരണം നടത്തി. സഭായോഗം ഹിസ്റ്ററി കൗൺസിലിൻ്റെ ശേഖരണത്തിലുള്ള താളിയോലകളും ഗ്രന്ഥങ്ങളും സംഘം പരിശോധിച്ചു. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രവും സന്ദർശിച്ചു.
13 പേരടങ്ങിയ ഗവേഷണസംഘത്തിന് അദ്ധ്യാപകരായ ഡോ. പാർവതി കെ.പി., രതി കെ.എൻ, ശ്രുതി പി. എ., സത്യഭാമ എൻ, ഭവ്യ പി.വി. എന്നിവർ നേതൃത്വം നൽകി. ശ്രീരാഘവപുരം സഭായോഗം സെക്രട്ടറി പേർക്കുണ്ടി പെരിയമന ഹരിവാധ്യാൻ, ടി ടി കെ ദേവസ്വം പ്രസിഡൻ്റ് പറപ്പൂര് നാരായണൻ നമ്പൂതിരി, പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട്, അബ്ലിവാദ്ധ്യാൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി, മേപ്പള്ളി നാരായണൻ നമ്പൂതിരി, വെദിരമന വിഷ്ണു നമ്പൂതിരി എന്നിവർ മാർഗ്ഗനിർദ്ദേശം നൽകി.
ക്രിസ്തുവർഷം എട്ടാം നൂറ്റാണ്ട് മുതൽ രേഖപ്പെടുത്തി കാണുന്ന ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ചരിത്രവും വൈദികപാരമ്പര്യവും ഗവേഷകരുടെ ആഴത്തിലുള്ള പഠനം അർഹിക്കുന്നു എന്ന് ഡോ. പാർവതി അഭിപ്രായപ്പെട്ടു.