നമ്മുടെ നാടിൻ്റെ സാംസ്കാരിക പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിൽ ക്ഷേത്രങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
കാലത്തിൻ്റെ കുത്തൊഴുക്കിലും മന:ശാന്തിക്കായി ഇത്തിരി നേരം ചെന്നിരിക്കാവുന്ന ലാളിത്യത്തിൻ്റെയും ശാന്തതയുടെയും കേന്ദ്രങ്ങളായി ക്ഷേത്രങ്ങൾ – പ്രത്യേകിച്ച് നാട്ടിലെ ചെറിയ ചെറിയ അമ്പലങ്ങൾ – നിലനിന്നു പോകുന്നത് എങ്ങനെയാണ് എന്നു ചിന്തിച്ചിട്ടുണ്ടോ ?
ചുരുങ്ങിയ വരുമാനം മാത്രമേ ഉള്ളുവെങ്കിൽപ്പോലും ഗ്രാമീണസംസ്കൃതിക്കൊപ്പം തുടരണം, ഇതിൽ നിന്ന് അടരുവാൻ പാടില്ല എന്ന ചിന്തയോടെ സ്വജീവിതം അർപ്പിച്ച കുറേ സാധുക്കളുടേയും അവരുടെ കുടുംബങ്ങളുടെയും ശുദ്ധമനസ്സും ത്യാഗവും ക്ഷേത്രമെന്ന നന്മക്ക് പിന്നിലുണ്ട്.
നമ്മളിൽ ഭൂരിഭാഗം പേരും മികച്ച വരുമാനവും ഏറ്റവും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോടു കൂടിയ ജീവിതവും ആഗ്രഹിച്ച് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയപ്പോഴും അവർ ശാന്തി, കഴകം, വാദ്യം, അടിച്ചുതെളി, അലക്ക് ഇത്യാദി പാരമ്പര്യവൃത്തികൾ തുടർന്നു. അതിൽ നിന്നുള്ള കൊച്ചു വരുമാനത്തിൽ സന്തോഷം കണ്ടെത്തി ഒതുങ്ങി ജീവിച്ചു.
ആ സുമനസ്സുകളിൽ ചിലരുടെയെങ്കിലും ജീവിതം ഇന്ന് രോഗം കൊണ്ടോ ദാരിദ്ര്യം കൊണ്ടോ മറ്റു പ്രയാസങ്ങൾ കൊണ്ടോ ദുരിതപൂർണ്ണമായിട്ടുണ്ടെങ്കിൽ അവരെ ചേർത്തുപിടിക്കേണ്ടത് ക്ഷേത്രസംസ്കൃതിയെ ആദരിക്കുന്ന നമ്മൾ എല്ലാവരുടെയും കടമയാണ്.
ഈയൊരു കാഴ്ചപ്പാടോടെ സഹായഹസ്തം എന്ന പേരിൽ ഒരു സ്കീം രാഘവപുരം സഭായോഗം സോഷ്യൽ വെൽഫയർ ഡിപ്പാർട്ട്മെൻ്റ് തയ്യാറാക്കിയിട്ടുണ്ട്.
ഈ സ്കീമിൽ ഉൾപ്പെടുത്തി ഇൻഡിക് കലക്റ്റീവ് ട്രസ്റ്റ് എന്ന ധർമ്മസംഘടനയുമായി ചേർന്ന് അവശരായ 50 പേർക്ക് പ്രതിമാസം 2500 രൂപ വീതം കുറഞ്ഞത് 2 വർഷത്തേക്ക് ധനസഹായം നൽകുവാൻ സഭായോഗം ഉദ്ദേശിക്കുന്നു.
സഹായഹസ്തം ഉദ്ഘാടനവും ആദ്യഗഡു വിതരണവും 2024 സപ്തം. 22 ന് നടന്നു.