കോട്ടയം ജില്ലയിൽ കുറിച്ചിത്താനത്ത് ബ്രഹ്മശ്രീ. ഡോ. തോട്ടം ശിവകരൻ നമ്പൂതിരി ആചാര്യനായി ജൈമിനീയസാമവേദ ഗുരുകുലപാഠശാല ആരംഭിച്ചു. ആചാര്യൻ്റെ പിതാവ് ദിവംഗതനായ സാമവേദപണ്ഡിതൻ ബ്രഹ്മശ്രീ. തോട്ടം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ പേരിൽ ഈ പാഠശാല അറിയപ്പെടും.
ശ്രീരാഘവപുരം സഭായോഗത്തിൻ്റെ അഞ്ചാമത് വേദപാഠശാലയാണിത്. 5 കുട്ടികളാണ് ഇവിടെ 12 വർഷത്തെ വേദാദ്ധ്യയനത്തിന് തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നത്. 50 വർഷത്തിനിപ്പുറമാണ് സാമവേദസംഹിതക്കായി ഒരു പാഠശാല കേരളത്തിൽ നിലവിൽ വരുന്നത്. കുറിച്ചിത്താനം പൂതൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് പാഠശാലക്ക് വേണ്ട കെട്ടിടവും മറ്റ് ഭൗതികസൗകര്യങ്ങളും ഒരുക്കിനൽകിയിരിക്കുന്നത്.
പാഠശാല സമാരംഭവുമായി ബന്ധപ്പെട്ട് ഒരു പൊതുചടങ്ങ് ശങ്കരാചാര്യപരമ്പരയിലെ സ്വാമിയാർമാരുടേയും മറ്റു വിശിഷ്ടവ്യക്തികളുടേയും സാന്നിദ്ധ്യത്തിൽ പിന്നീട് നടത്തുവാൻ ഉദ്ദേശിക്കുന്നു.
24.04.2022 ന് (മേടം 10 നവമി) രാവിലെ ഗണപതിഹോമം, ദക്ഷിണാമൂർത്തിപൂജ എന്നിവക്ക് ശേഷം
ദാനം മുഹൂർത്തം ചെയ്ത് ആചാര്യൻ ഉണ്ണികൾക്ക് വേദാരംഭം കുറിച്ചു.
തുടർന്ന് നടന്ന സത്സംഗത്തിൽ ശ്രീരാഘവപുരം സഭായോഗം ഭരണസമിതി പ്രതിനിധികളും വേദവിദ്യാപ്രതിഷ്ഠാനം കേന്ദ്രസമിതി ഭാരവാഹികളും രക്ഷിതാക്കളും മറ്റേതാനും സജ്ജനങ്ങളും പങ്കെടുത്തു. ഈ യോഗത്തിൽ പാഠശാലയുടെ ഭാരവാഹികളെ നിശ്ചയിച്ചു.
▶️ പ്രസിഡൻ്റ് – ശ്രീ. പോടൂർ മാധവൻ നമ്പൂതിരി
▶️ സെക്രട്ടറി – ശ്രീ. പാറ നാരായണൻ നമ്പൂതിരി
▶️ ട്രഷറർ – ശ്രീ. പന്നിക്കോട് കേശവൻ നമ്പൂതിരി