17/05/2021: ശ്രീരാഘവപുരം സഭാ യോഗം വേദ വിദ്യാ പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തിൽ ശ്രീ ശങ്കരഭഗവത് പാദാചാര്യരുടെ ജയന്തി സമുചിതമായി ആഘോഷിച്ചു. രാവിലെ കോട്ടയം സൂര്യകാലടി മനയിൽ സഭാ യോഗത്തിനു വേണ്ടി സൂര്യൻ സുബ്രഹ്‌മണ്യൻ ഭട്ടതിരിപ്പാട് പ്രത്യേക ഗണപതി ഹോമം നടത്തി. തൃശ്ശൂർ വയലൂർ മഹാദേവ ക്ഷേത്രത്തിൽ കൈ മുക്ക് വൈദികരുടെ നേതൃത്വത്തിൽ ശ്രീരുദ്രാഭിഷേകവും പ്രത്യേക പൂജകളും നടത്തി. വേദ പാഠശാലകളിൽ കീഴാനെല്ലൂർ ഭവ ശർമ്മൻ, വെങ്ങത്താട്ടിൽ മഠം സുഭാഷ് എന്നീ ആചാര്യൻമാരുടെ സാന്നിദ്ധ്യത്തിൽ വേദഘോഷം നടത്തി . ബ്രഹ്മചാരിക്ക് വൈശാഖ ദാനം നടത്തി നമസ്കരിച്ചു.
തുടർന്ന് ഓൺലൈൻ സെഷനിൽ കാഞ്ചി കാമകോടി മഠാധിപതി ശ്രീമത് ശങ്കരാചാര്യർ ശ്രീ ശ്രീ വിജയേന്ദ്ര സരസ്വതി സ്വാമികൾ ഭക്തരെ അനുഗ്രഹിച്ച് സംസാരിച്ചു. വേദം ചൊല്ലി പഠിക്കേണ്ടതാണെന്നും അതിനു വേണ്ട സൗകര്യം ഒരുക്കേണ്ടത് മാനവധർമ്മമാണെന്നും സ്വാമികൾ അരുളി ചെയ്തു. കേരളത്തിൽ വേദ സംരക്ഷണത്തിനു വേണ്ടി സഭായോഗം നടത്തുന്ന പ്രവർത്തനങ്ങളിൽ അത്യന്തം സന്തോഷം പ്രകടിപ്പിച്ച ആചാര്യ സ്വാമികൾ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ ആശീർവാദങ്ങളും നേർന്നു.
ശ്രീരാഘപുരം സഭാ യോഗം പ്രസിഡണ്ട് മുൻ റാവൽജി ബ്രഹ്‌മശ്രീ പാച്ച മംഗലം ശ്രീധരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് വേദ വിദ്യാ പ്രതിഷ്ഠാനം ചീഫ് കോ ഓർഡിനേറ്റർ ഡോ. ഇ.എൻ ഈശ്വരൻ നമ്പൂതിരി സ്വാഗതം ആശംസിച്ചു.
തുടർന്ന് സംപൂജ്യ തെക്കേ മഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് വാസുദേവ ബ്രഹ്മാനന്ദ ഭൂതി, സംപൂജ്യ നടുവിൽ മഠം സ്വാമിയാർ ശ്രീമദ് അച്യുതാനന്ദ ഭാരതി എന്നിവർ ഭക്തരെ ആശീർവദിച്ച് സംസാരിച്ചു.
പിന്നീട് രാഷ്ട്രപതി പുരസ്കാര ജേതാവും ചെന്നൈ മൈലാപൂർ സംസ്കൃത കോളേജ് അദ്ധ്യാപകനുമായ ഡോ കെ .എസ് .മഹേശ്വരൻ അദ്വൈതവേദാന്തവും കർമ്മകാണ്ഡവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്‌ധം അവതരിപ്പിച്ചു. വ്യാവഹാരികലോകത്ത് വിധിപ്രകാരമുള്ള സ്വകർമ്മം ഈശ്വരാർപ്പണമായി ചെയ്യേണ്ടത് ആവശ്യമാണെന്നും മുക്തിമാർഗ്ഗത്തിൽ അധികാരിഭേദമനുസരിച്ച് വ്യത്യസ്തഉപാസനാമാർഗങ്ങൾ സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രബന്ധാവതരണത്തിനു ശേഷം സംപൂജ്യ ഇടനീർ മഠാധിപതി ശ്രീമദ് സച്ചിദാനന്ദ ഭാരതി സ്വാമികൾ, സഭായോഗം കോട്ടയത്തു തുടങ്ങുന്ന അഞ്ചാമതു വേദ പാഠശാല സാമവേദത്തിനായിരിക്കും എന്ന് പ്രഖ്യാപിച്ചു.
സംപൂജ്യ മുഞ്ചിറ മഠം സ്വാമിയാർ ശ്രീമദ് പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സംഹിതാ പഠനം കഴിഞ്ഞ വേദജ്ഞർക്ക് വേണ്ടിയുള്ള ശാസ്ത്രാദ്ധ്യയന പദ്ധതി സഭാ യോഗം ആവിഷ്കരിക്കും എന്ന പ്രഖ്യാപനം നടത്തി. വേദ സംരക്ഷണം. ഓരോരുത്തരുടെയും ധർമ്മം ആണെന്നും അതിനു സമൂഹം മുന്നോട്ടു വരണമെന്നും കേരളത്തിലെ ശങ്കരാചാര്യ ശിഷ്യപരമ്പരയിലെ നാലു സ്വാമിയാർമാരും ആഹ്വാനം ചെയ്തു.
ചടങ്ങിന് സഭായോഗം ഉപാദ്ധ്യക്ഷനും ക്ഷേത്രഊരാള സഭാ സ്റ്റേറ്റ് ചീഫ് കോ ഓർഡിനേറ്ററുമായ ബ്രഹ്മശ്രീ വടക്കേക്കര വാദ്ധ്യാൻ ഈശ്വരൻ നമ്പൂതിരി നന്ദി അർപ്പിച്ചു സംസാരിച്ചു.
സഭാ യോഗം സംഗീത സഭ ചെയർമാൻ കാരക്കാട് ഗോവിന്ദപ്രസാദിന്റെയും സംഗീത സഭ ആചാര്യൻ ആറ്റുപുറം അജിത് നമ്പൂതിരിയുടെയും ഭക്തി സാന്ദ്രമായ കീർത്തനാലാപനങ്ങൾ ചടങ്ങിന്റെ മാറ്റുകൂട്ടി.
കേരളത്തിലെ പ്രമുഖ വൈദികർ വേദ വിദ്യാർത്ഥികൾ, ജ്യോതിഷികൾ, സഭായോഗം ഭരണ സമിതി അംഗങ്ങൾ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പൂർണ്ണമായും ഓൺലൈൻ ആയിട്ടാണ് ചടങ്ങുകൾ നടത്തിയത്. പരിപാടികൾ ഒരു തടസ്സവും കൂടാതെ പൂർണ്ണമായും തത് സമയസംപ്രേഷണം ചെയ്യാൻ സഹായിച്ചത് സഭാ യോഗം IT ടീം ആയ Medha digital ആണ് . സഭാ യോഗം യു ട്യൂബ് ചാനലിലൂടെയും മറ്റു സമൂഹമാദ്ധ്യമങ്ങളിലൂടെയും കേരളത്തിനകത്തും പുറത്തുമുള്ള 500 പേർ തത്സമയം പരിപാടികളുടെ ഭാഗമായി.