സഭായോഗം ശ്രോത്രിയരത്നം 2022

സഭായോഗം ശ്രോത്രിയരത്നം പുരസ്കാരം അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരിക്ക്

ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ഈ വർഷത്തെ ശ്രോത്രിയരത്നം പുരസ്കാരം യജുർവ്വേദപണ്ഡിതൻ അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരിക്ക്. വേദത്തിനും വൈദികസംസ്കൃതിക്കുമുള്ള സമഗ്രസംഭാവന മുൻനിർത്തിയുള്ളതാണ് ശ്രോത്രിയരത്നം പുരസ്കാരം.

സുബ്രഹ്മണ്യൻ നമ്പൂതിരി 1990 മുതൽ 2003 വരെ ഇരിങ്ങാലക്കുട കാമകോടി യജുർവ്വേദപാഠശാലയിലും 2006 മുതൽ 2022 ജൂൺ വരെ തൃശൂർ ബഹ്മസ്വം മഠത്തിലും അദ്ധ്യാപകനായിരുന്നു. ഇപ്പോൾ വീണ്ടും കാമകോടി യജുർവ്വേദപാഠശാലയിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. 45 വർഷമായി വൈദിക-താന്ത്രികരംഗങ്ങളിൽ സജീവമാണ്. നിരവധി ശിഷ്യന്മാരുണ്ട്. രാപ്പാൾ ശ്രീകൃഷ്ണക്ഷേത്രം, മാപ്രാണം ശ്രീകൃഷ്ണപുരം ക്ഷേത്രം, പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം ക്ഷേത്രം, വയലൂർ ശിവക്ഷേത്രം എന്നിവിടങ്ങളിൽ ഓത്തുകൊട്ട് എന്ന വേദോപാസനയിൽ പങ്കെടുത്തിട്ടുണ്ട്. ഇദ്ദേഹം ചെറുപ്രായത്തിൽ തന്നെ കൃഷ്ണയജുർവ്വേദ തൈത്തിരീയസംഹിതയും പദവും ബ്രാഹ്മണവും സ്വായത്തമാക്കി. സ്ഫുടത കൊണ്ടും മാധുര്യം കൊണ്ടും അണിമംഗലത്തിൻ്റെ സ്വരം പ്രസിദ്ധമാണ്. കൂടൽമാണിക്യം സംഗമേശ്വരനെ അശ്വമേധം കൊണ്ട് നിത്യോപാസനയും ചെയ്തുവരുന്നു.

അണിമംഗലം വലിയ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. പത്നി സാവിത്രി അന്തർജ്ജനം. ഇരിങ്ങാലക്കുട കാമകോടി യജുർവ്വേദപാഠശാലയിൽ പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി, തോട്ടത്തിൽ മരത്തോമ്പിള്ളി കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ കീഴിലായിരുന്നു വേദാദ്ധ്യയനം.

ആലുവ തന്ത്രവിദ്യാപീഠത്തിൻ്റെ വേഴപ്പറമ്പ് പരമേശ്വരൻ നമ്പൂതിരി സ്മാരക പുരസ്കാരം, കൈമുക്ക് വൈദികൻ പരമേശ്വരൻ നമ്പൂതിരി സ്മാരക പാരമേശ്വരീയം പുരസ്കാരം, തൃശൂർ ബ്രഹ്മസ്വം മഠത്തിൻ്റെ ഏഴിക്കോട് സ്മാരക പുരസ്കാരം എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ഡിസംബർ 25 ന് കണ്ണൂർ ചെറുതാഴം ശ്രീ കണ്ണിശ്ശേരി കാവിൽ ചേരുന്ന സഭായോഗത്തിൻ്റെ 1229-ാമത് വാർഷികസഭയിൽ പുരസ്കാരം സമ്മാനിക്കും. 10008 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

ബദരീനാഥ് റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരി, വേദപണ്ഡിതരായ മുല്ലമംഗലം നാരായണൻ നമ്പൂതിരി, പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി, തോട്ടം ശിവകരൻ നമ്പൂതിരി, സഭായോഗം അദ്ധ്യക്ഷൻ മുൻറാവൽജി പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി, സഭായോഗം വേദവിദ്യാപ്രതിഷ്ഠാനം ചെയർമാൻ ശ്രീകാന്ത് കാര ഭട്ടതിരി, വേദവിദ്യാപ്രതിഷ്ഠാനം ഡയരക്ടർ ഡോ. ഇ എൻ ഈശ്വരൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരജേതാവിനെ നിശ്ചയിച്ചത്.