തൃച്ചംബരത്ത് നടുവിൽ മഠത്തിൽ ശ്രീരാഘവപുരം സഭായോഗത്തിൻ്റെ വേദപാഠശാല ആരംഭിച്ചു.
തൃച്ചംബരത്ത് ആദിശങ്കരാചാര്യമഠങ്ങളിലൊന്നായ നടുവിൽ മഠത്തിൽ ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ഗുരുകുലയജുർവ്വേദപാഠശാല ആരംഭിച്ചു.
ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ നേർശിഷ്യന്മാർ വേദശിക്ഷണത്തിനും അദ്വൈതവേദാന്തപ്രബോധനത്തിനും പന്ത്രണ്ട് നൂറ്റാണ്ട് മുന്നേ സ്ഥാപിച്ച അപൂർവ്വമായ ചതുർമഠസമുച്ചയമാണ് തൃച്ചംബരത്തുള്ളത്.
ഇതിൽ യജുർവ്വേദശിക്ഷണത്തിന് വേണ്ടി സുരേശ്വരാചാര്യർ സ്ഥാപിച്ചതാണ് നടുവിൽ മഠം. ഏറെക്കാലമായി ജീർണ്ണാവസ്ഥയിലായിരുന്ന ഈ ആശ്രമം തൃശൂർ നടുവിൽ മഠം ഇളമുറ സ്വാമിയാർ അച്യുതഭാരതി തൃപ്പാദങ്ങളുടെ രക്ഷാധികാരിത്വത്തിൽ നവീകരിച്ചാണ് പാഠശാല ആരംഭിച്ചിരിക്കുന്നത്.
പാഠശാല സമാരംഭച്ചടങ്ങിൽ വൈദികൻ നടുവത്ത് പുടയൂർ ബ്രഹ്മശ്രീ. വാസുദേവൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി. തൃശൂർ നടുവിൽ മഠം മാനേജർ ബ്രഹ്മശ്രീ. ഇടമന വാസുദേവൻ നമ്പൂതിരി ഉദ്ഘാടനഭാഷണം നിർവ്വഹിച്ചു. പാഠശാല കമ്മിറ്റി പ്രസിഡണ്ട് ബ്രഹ്മശ്രീ. മേപ്പള്ളി നാരായണൻ നമ്പൂതിരി അദ്ധ്യക്ഷ്യം വഹിച്ചു. ശ്രീരാഘവപുരം സഭായോഗം അദ്ധ്യക്ഷൻ ബ്രഹ്മശ്രീ. ഡോ. തലക്കോട് ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി, ടി. ടി. കെ. ദേവസ്വം പ്രസിഡണ്ട് ബ്രഹ്മശ്രീ. കാർത്ത്യേരി പറപ്പൂര് നാരായണൻ നമ്പൂതിരി എന്നിവർ അനുഗ്രഹഭാഷണം ചെയ്തു. ചടങ്ങിന് പാഠശാല സെകട്ടറി ബ്രഹ്മശ്രീ. മാടത്തിൽ മല്ലിശ്ശേരി ഈശാനൻ നമ്പൂതിരി സ്വാഗതവും വേദവിദ്യാപ്രതിഷ്ഠാനം ചെയർമാൻ ബ്രഹ്മശ്രീ. കാരഭട്ടതിരി ശ്രീകാന്ത് ഭട്ടതിരി നന്ദിയും പറഞ്ഞു. സഭായോഗം വേദപാഠശാലകളിലെ ആചാര്യൻമാരായ ബ്രഹ്മശ്രീ. ആമല്ലൂർ സംഗമേശൻ നമ്പൂതിരി, ബ്രഹ്മശ്രീ. കീഴാനെല്ലൂർ ഭവൻ നമ്പൂതിരി, ബ്രഹ്മശ്രീ. മൂടമന വിവേക് എമ്പ്രാന്തിരി എന്നിവർ വിദ്യാർത്ഥികൾക്ക് വേദാരംഭം കുറിച്ചു.
രാവിലെ ബ്രഹ്മശ്രീ. ഇടവലത്ത് പുടയൂർ ജയനാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം നടന്നു. രാമപാദം, ചേറ്റൂർ വേദപാഠശാലയിലെ വിദ്യാർത്ഥികളുടെ വേദഘോഷവും ഉണ്ടായി.
നിലവിൽ കണ്ണൂരും കോട്ടയത്തുമായി രണ്ടു യജുർവ്വേദപാഠശാലകളും ഒരു സാമവേദപാഠശാലയും
നടത്തുന്ന ശ്രീരാഘവപുരം സഭായോഗത്തിൻ്റെ നാലാമത്തെ വേദപാഠശാലയാണ് തൃച്ചംബരത്ത് തുടങ്ങിയത്. ഉപനയനം വരെയുള്ള സംസ്കാരങ്ങൾ ചെയ്ത 8 കുട്ടികളാണ് ഇവിടെ പഠിതാക്കളായുള്ളത്. 6 വർഷത്തെ യജുർവ്വേദസംഹിതാപഠനവും തുടർന്ന് വേദാന്തത്തിൽ ഉപരിപഠനവുമാണ് തൃച്ചംബരം പാഠശാലയുടെ കർമ്മപദ്ധതിയിലുള്ളത്. ആധുനികവിദ്യാഭ്യാസത്തിന് തടസ്സം വരാത്ത രീതിയിലാണ് 12 വർഷത്തെ വേദാദ്ധ്യയനം ക്രമീകരിച്ചിരിക്കുന്നത്.