സൗഹൃദ സന്ദർശനം നടത്തി

SRSYPRD:88/2022
29/07/2022

മിസോറം മുൻ ഗവർണർ ശ്രീ. കുമ്മനം രാജശേഖരൻ ശ്രീരാഘവപുരം സഭായോഗം ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ട് സന്ദർശിച്ചു. സഭായോഗം നടത്തിപ്പിലുള്ള യജുർവ്വേദപാഠശാല കാണാനും അവിടെയുള്ള വിദ്യാർത്ഥികളും ഗുരുനാഥന്മാരും സംഘാടകരുമായി സംവദിക്കുവാനും ആണ് അദ്ദേഹം എത്തിയത്.

ആറന്മുളയിൽ സഭായോഗം ഒരു വേദപാഠശാല തുടങ്ങണമെന്ന് ശ്രീ.കുമ്മനം ആഗ്രഹം പ്രകടിപ്പിച്ചു. എല്ലാ ക്ഷേത്രങ്ങളിലും വേദസംബന്ധിയായ മുറജപം പോലുള്ള ചടങ്ങുകൾക്ക് പ്രാധാന്യം നൽകിയാൽ അത് വേദം സ്വരിച്ചു ചൊല്ലുന്ന പാരമ്പര്യസമ്പ്രദായം നിലനിർത്താൻ സഹായകരമാകും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സഭായോഗത്തിൻ്റെ മഹത്തായ വേദസംരക്ഷണോദ്യമത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

UNESCO യുടെ ലോകത്തിന്റെ അദൃശ്യ പൈതൃക പട്ടികയിൽ ഇടം നേടിയ വേദം ചൊല്ലൽ സമ്പ്രദായം ഇന്ന് വളരെ കുറച്ചു പേർക്ക് അറിയാവുന്നതും, അമ്പതിൽ താഴെ മാത്രം വിദ്യാർത്ഥികൾ പഠിക്കുന്നതും ആയതിനാൽ നിലനിർത്താൻ സമൂഹം മുന്നോട്ട് വന്നില്ലെങ്കിൽ തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടുപോകും എന്നത് സുനിശ്ചിതമാണ്.
https://ich.unesco.org/en/RL/tradition-of-vedic-chanting-00062

“ഇരുനിഴൽ മാല” എന്ന മലയാംതമിഴ് ഗ്രന്ഥത്തിൽ ശ്രീ. അഴിയൂർ ഗോവിന്ദൻ പന്ത്രണ്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കേരളത്തിലെ സാമൂഹികസംവിധാനത്തിൽ വേദപാഠശാലകളെ കുറിച്ച് പ്രത്യേകം പരാമർശിക്കുന്നുണ്ട് എന്ന വസ്തുത ശ്രീ. കുമ്മനം ചൂണ്ടിക്കാണിച്ചു.

സ്വീകരണത്തിൽ സഭായോഗം പ്രസിഡൻ്റ് ബദരീനാഥ് മുൻറാവൽജി ബ്രഹ്മശ്രീ. പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി, വേദവിദ്യാപ്രതിഷ്ഠാനം ചെയർമാൻ ശ്രീകാന്ത് നമ്പൂതിരി, ഡയരക്ടർ ഇ.എൻ. ഈശ്വരൻ നമ്പൂതിരി, പാഠശാല ആചാര്യന്മാരായ ആമല്ലൂർ സംഗമേശൻ നമ്പൂതിരി, കീഴാനെല്ലൂർ ഭവൻ നമ്പൂതിരി, സഭായോഗം ഭരണസമിതി അംഗങ്ങളായ ജനാള പെരിയമന ഈശ്വരവാദ്ധ്യാൻ, കാനപ്രം ശങ്കരൻ നമ്പൂതിരി, വെതിരമന വിഷ്ണു നമ്പൂതിരി, സുധീഷ് മാങ്കുളം, സന്തോഷ് താന്നിക്കാട്, വേദവിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ബിജെപി ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസ്, സംസ്ഥാനസമിതി അംഗം ബേബി സുധാകർ, മണ്ഡലം പ്രസിഡൻ്റ് റിനോയ് ഫെലിക്സ്, എം. ശ്രീധരൻ നമ്പൂതിരി തുടങ്ങിയവരും സന്നിഹിതരായിരുന്നു.