പുണ്യാഹ – നിത്യകർമ്മ പഠനശിബിരം സമാപിച്ചു.

ശ്രീരാഘവപുരം സഭായോഗത്തിൻ്റെ നേതൃത്വത്തിൽ കൈതപ്രം മംഗലം നാലുകെട്ടിൽ പന്ത്രണ്ട് ദിവസമായി നടന്നുവന്ന പുണ്യാഹ – നിത്യകർമ്മ പഠനശിബിരം സമാപിച്ചു.

യജുർവ്വേദീയ പുണ്യാഹം പരമ്പരാഗതരീതിയിൽ സ്വരത്തോട് കൂടി പഠിപ്പിക്കുന്നതോടൊപ്പം നിത്യകർമ്മങ്ങളും ജീവിതചര്യകളും ഗുരുകുലസമ്പ്രദായത്തിൽ അഭ്യസിപ്പിച്ച ശിബിരത്തിൻ്റെ സമാപന ദിവസം രാവിലെ മംഗലം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം നടന്നു.

ആദരണസഭയ്ക്ക് അനുഗ്രഹം ചൊരിയാൻ എത്തിയ സംപൂജ്യ തൃക്കൈക്കാട്ട് ശങ്കരാചാര്യമഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദതീർത്ഥ അവർകളെ കൈതപ്രം വായനശാല പരിസരത്ത് വെച്ച് പൂർണ്ണകുംഭത്തിൻ്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആനയിച്ചു. സ്വാമിയാർക്ക് വെച്ചുനമസ്കാരം, വേദഘോഷം ഇവക്ക് ശേഷം ആചാര്യന്മാരെ ആദരിച്ചു. ശിബിരത്തിലെ പഠിതാക്കൾക്ക് സ്വാമിയാർ പ്രശസ്തിപത്രം സമ്മാനിച്ചു.

ശ്രീരാഘവപുരം സഭായോഗം പ്രസിഡൻ്റ്, മുൻ ബദരീനാഥ് റാവൽജി പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വേദവിദ്യാപ്രതിഷ്ഠാനം ചെയർമാൻ ശ്രീകാന്ത് കാര ഭട്ടതിരി, ഇടമന നാരായണൻ നമ്പൂതിരി, എ. കെ സുബ്രഹ്മണ്യൻ നമ്പൂതിരി, മംഗലം സുരേഷ്, എം. നാരായണൻ നമ്പൂതിരി, വി.ജെ.പി. ഈശ്വരവാദ്ധ്യാൻ , എം.പി. ലക്ഷ്മി അന്തർജനം, മഞ്ജു മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.