ചെറിയൊരു കാൽവെപ്പ് വലിയൊരു മുന്നേറ്റം

കേരളത്തിൽ ധർമ്മമാർഗ്ഗത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു സംഘടനയായ ശ്രീരാഘവപുരം സഭായോഗത്തിൻ്റെ പ്രധാന വകുപ്പുകളിലൊന്നായ ഗോമിത്ര സൊസൈറ്റിക്ക് ഇന്ന് ഒരു സുവർണ്ണദിനമാണ്.

സൊസൈറ്റിയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിലൊന്നാണ് പ്രായമായും അസുഖം ബാധിച്ചും അറവുശാലകളിലേക്ക് മാത്രം പോവാൻ നിർബ്ബന്ധിതരാവുന്ന കേരളത്തിലെ ഗോമാതാക്കളെയും കാളകളെയും ഗോശാലകളിൽ ജീവിതാവാസാനം വരെ കൃത്യമായ ഭക്ഷണ- പരിചരണങ്ങളോടെ സംരക്ഷിക്കുക എന്നത്.

ഈ സ്വപ്നപദ്ധതിയ്ക്കായി സ്ഥലമെടുപ്പിന് അഡ്വാൻസ് തുക കൈമാറുന്ന ചരിത്രദിനമാണ് ഇന്ന്.

കണ്ണൂർ ജില്ലയിൽ കൈതപ്രത്തിനടുത്ത് കുറ്റൂർ പെരുവാമ്പയിലെ രണ്ടര ഏക്കർ വരുന്ന നീലമന ഇല്ലം പറമ്പാണ് മഹത്തായ ഈ കാര്യത്തിന് വേണ്ടി വാങ്ങാൻ പോകുന്നത്. 65 ലക്ഷം രൂപ വില കണക്കാക്കിയിരിക്കുന്ന ഭൂമിക്ക് 10% (ആറര ലക്ഷം രൂപ) ആണ് അഡ്വാൻസായി നൽകുന്നത്.

രാവിലെ 11 മണിക്കും 11.30 നും ഇടയിലുള്ള ശുഭസമയത്ത് സഭായോഗം പ്രസിഡണ്ട് ബദരീനാഥ് മുൻ റാവൽജി പാച്ചമംഗലം ശ്രീധരൻ നമ്പൂതിരിയും സ്ഥലമുടമ നീലമന കൃഷ്ണൻ നമ്പൂതിരി മുതൽപ്പേരും ഗോമിത്ര സൊസൈറ്റി ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ ഉടമ്പടിയിൽ ഒപ്പുവെക്കും.

വേനലിലും വറ്റാത്ത ശുദ്ധജലസമൃദ്ധമായ പുഴയുടെ ഓരത്തുള്ള ഈ ഭൂമി തെങ്ങും കവുങ്ങും അടക്കം അനുഭവങ്ങൾ ഉള്ളതു കൂടിയാണ്.

പരമാവധി വേഗത്തിൽ സ്ഥലത്തിൻ്റെ ബാക്കി തുകയും ഗോശാല നിർമ്മാണത്തിൻ്റെ പ്രാരംഭ പ്രവർത്തനത്തിനുള്ള തുകയും കണ്ടെത്തേണ്ടതുണ്ട്.

ഗോമിത്ര പ്രവർത്തകരും സഭായോഗം അഭ്യുദയകാംക്ഷികളും സ്വന്തം നിലയിൽ സാധിക്കുന്നത്ര തുക സംഭാവനയായി നൽകുന്നതോടൊപ്പം തങ്ങളുടെ സ്വാധീനമുപയോഗിച്ച് പരമാവധി തുക സംഭാവനയായി സമാഹരിക്കുകയും കൂടി ചെയ്ത് ഈയൊരു മഹത്തായ കർമ്മത്തിൻ്റെ ലക്ഷ്യപൂർത്തിക്കായി പരിശ്രമിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.