മലമ്പുഴ: ശ്രീരാഘവപുരം സഭായോഗം ആരോഗ്യ സാമൂഹ്യക്ഷേമ വിഭാഗം പാലക്കാട് ജില്ലയിലെ ആനക്കൽ, കവ, പറച്ചത്തി ഊരുകളിലെ 200 – ഓളം സാധുജനങ്ങൾക്കായി മലമ്പുഴ അയ്യപ്പൻപൊറ്റ സാംസ്കാരിക നിലയത്തിൽ വച്ച് ഓണക്കിറ്റും കോടിവസ്ത്രവും നൽകി.
മലമ്പുഴ മൂന്നാം വാർഡ് മെമ്പർ ശ്രീമതി ലീലാശശി ആദ്യകിറ്റ് ശ്രീമതി അമ്മിണിയമ്മക്ക് നൽകി ഉദ്ഘാടനം ചെയ്തു. ശ്രീരാഘപുരം സഭായോഗം ആരോഗ്യ സാമൂഹ്യക്ഷേമവകുപ്പ് ചെയർമാൻ ശ്രീ. ഉണ്ണികൃഷ്ണൻ നമ്പൂതിരി പുത്തൂർ അധ്യക്ഷത വഹിച്ചു. ജനനി എജുക്കേഷണൽ & കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ സാമൂഹ്യസേവനത്തിനുള്ള ദേശീയഅവാർഡ് ജേതാവ് കുമാരി പ്രിയ രാമകൃഷ്ണൻ (പ്രസിഡണ്ട്, ജനനി) മുഖ്യഭാഷണം നടത്തി.
നാടൻപാട്ടും നൃത്തച്ചുവടുകളുമായി ഗോത്രവിഭാഗങ്ങളിലെ കുട്ടികളും അമ്മമാരും കൂടെ കൂടിയതോടെ പാരമ്പര്യത്തനിമകളെ നിലനിർത്താൻ പ്രയത്നിക്കുന്ന സഭായോഗത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം അർത്ഥവത്തായി.
നിത്യോപയോഗസാധനങ്ങളും പച്ചക്കറികളും ഓണക്കോടിയായി കൈത്തറിവസ്ത്രങ്ങളും അർഹരായ 200 പേർക്ക് എത്തിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് സഭായോഗം ടീം മലമ്പുഴയിൽ നിന്നും മടങ്ങിയത്.
ഗോത്രവിഭാഗങ്ങളെ അവരുടെ സംസ്കൃതിയും തനിമയും സംരക്ഷിച്ചുകൊണ്ട് മുഖ്യധാരയിലേക്ക് ഉയർത്തുവാൻ ഊരുകൾ കേന്ദ്രീകരിച്ച് സ്വയംസംരംഭങ്ങൾ ആരംഭിക്കുന്നതിൻ്റെ പ്രാഥമികചർച്ചകൾ നടന്നു.
ചടങ്ങിൽ ശ്രീമതി ഇ വി കോമളം (പ്രസിഡണ്ട്, വുമൺസ് വോയിസ്, പാലക്കാട്), ശ്രീ. ഖാദർ മൊയ്തീൻ (വിമുക്തി ജില്ലാ കമ്മിറ്റി അംഗം, പാലക്കാട്), ശ്രീമതി സുമയ്യ പി എച്ച് (സാമൂഹ്യപ്രവർത്തക), ശ്രീ. തരണനല്ലൂർ രാമനുണ്ണി നമ്പൂതിരിപ്പാട്, ശ്രീ. മേക്കാട് ശങ്കരനാരായണൻ നമ്പൂതിരി, ശ്രീ. മണിപ്രസാദ് പെരികമന, കുമാരി ഭാഗ്യശ്രീ വടക്കില്ലം, കുമാരി ഭാവന വടക്കില്ലം തുടങ്ങിയവർ സംസാരിച്ചു.
ജനനി സെക്രട്ടറി ശ്രീമതി. ജിസ ജോമോൻ സ്വാഗതവും സഭായോഗം IT വിഭാഗം സെക്രട്ടറി ചെറുകുടൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി നന്ദിയും പറഞ്ഞു.
സഹായം എത്തിക്കുന്നതിന് സഭായോഗത്തോട് കൈകോർത്ത എല്ലാ സുമനസ്സുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും അറിയിക്കുന്നു. തുടർന്നും എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ,
ഡയരക്ടർ – ട്രൈബൽ വെൽഫെയർ,
ആരോഗ്യ-സാമൂഹ്യക്ഷേമവകുപ്പ്,
ശ്രീരാഘവപുരം സഭായോഗം.