ശ്രീരാഘവപുരം സഭായോഗം 1231-ാമത് വാർഷികസഭയും മഹാവേദഭജനവും
കേരളത്തിന്റെ ആത്മീയസാംസ്‌കാരികജീവിതത്തിൽ നവോന്മേഷം പ്രദാനം ചെയ്തുകൊണ്ട് ഈ വർഷം ധനു 10 മുതൽ 14 വരെ (ഡിസംബർ 25 മുതൽ 29 വരെ) ചെറുതാഴത്ത് നടന്ന ശ്രീരാഘവപുരം മഹാവേദഭജനത്തിൽ നേരിട്ടെത്തിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് പ്രാർത്ഥനയോടെ പിന്തുണച്ചും സഹകരിച്ചും ഭാഗഭാക്കായ മുഴുവൻ സജ്ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നു. അഞ്ചുദിവസത്തെ പരിപാടികളുടെ രത്നച്ചുരുക്കം ചുവടെ നൽകുന്നു.
ത്രിവേണി ബാലികാസംഗമം
ഈ വർഷത്തെ നവീനവും ഏറെ തിളക്കമാർന്നതമായ ചടങ്ങ് ബാലികാസംഗമമായിരുന്നു.


നാളെ നമ്മുടെ ഗൃഹങ്ങളിൽ നിറദീപവും ഔപാസനാഗ്നിയും കാക്കേണ്ടവരാണ് ഇന്നത്തെ ബാലികമാർ. അവരിൽ മൂല്യവിചാരം വളർത്തേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. സ്വധർമ്മം, സ്വഭാവം, സ്വദേശം എന്നീ പവിത്രസങ്കല്പങ്ങളെ ത്രിവേണിയായി പരിഗണിച്ച് ഇവയുൾക്കൊള്ളുന്ന മഹത്തായ ഭാരതീയകുടുംബപദ്ധതിയുടെ പ്രാധാന്യം കുട്ടികൾക്ക് പകർന്നു നൽകുവാൻ ഈ സംഗമത്തിലൂടെ സാധിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 200 ലധികം ബാലികമാരും കുമാരിമാരും അന്നപൂർണ്ണേശ്വരീസ്തവമാലപിച്ച ചടങ്ങിൽ കാഞ്ചിശങ്കരാചാര്യർ അനുഗ്രഹഭാഷണം ചെയ്തു.
വേദബിരുദങ്ങൾ
സഭായോഗം വേദവിദ്യാപ്രതിഷ്ഠാനത്തിൻ്റെ നാലു ഗുരുകുലപാഠശാലകളിലായി തനത് കേരളസമ്പ്രദായത്തിൽ 20 കുട്ടികൾ യജുർവ്വേദവും 4 കുട്ടികൾ സാമവേദവും അദ്ധ്യയനം ചെയ്യുന്നു. 6 വർഷം കൊണ്ട് യജുർവേദസംഹിത അഭ്യസിച്ച് 12 വർഷത്തെ പഠനത്തിൻ്റെ ആദ്യഘട്ടം പൂർത്തീകരിച്ച 2018 ബാച്ചിലെ 4 വിദ്യാർത്ഥികൾക്ക് സംഹിതാസ്വാദ്ധ്യായി ബിരുദവും തൈത്തീരിയശാഖ മുഴുവനായും പൂർത്തിയാക്കിയ ബ്രഹ്മശ്രീ. കേശവവാദ്ധ്യാന് വേദസ്വാദ്ധ്യായി ബിരുദവും ഗുരുനാഥന്മാരും രക്ഷിതാക്കളും വൈദികപണ്ഡിതരും ഉൾപ്പെടുന്ന നിറഞ്ഞ സദസ്സിൽ വച്ച് സമ്മാനിച്ച് അനുമോദിച്ചു.

സ്നേഹഭവനം താക്കോൽദാനം
സഭായോഗം സാമൂഹ്യസേവനവിഭാഗം അവശവിഭാഗങ്ങൾക്കുള്ള ഭവനപദ്ധതിയുടെ ഭാഗമായി ഈ വർഷം നിർമ്മിച്ച സ്നേഹഭവനത്തിൻ്റെ താക്കോൽദാനം പരിപാടിയിൽ നിർവഹിച്ചു. ആറു കുട്ടികളുള്ള, ഏറ്റവും അർഹതപ്പെട്ട നാടോടികുടുംബമാണ് ഗുണഭോക്താക്കൾ. ഈ സംരംഭത്തിന് അകമഴിഞ്ഞ് സഹായം നൽകിയ സുമനസ്സുകളെ ഇത്തരുണത്തിൽ കൃതജ്ഞതാപൂർവ്വം സ്മരിക്കുകയുണ്ടായി.

ആദിശങ്കരപ്രതിമക്ക് മണ്ഡപം
കണ്ണിശ്ശേരിക്കാവിൽ ജഗദ് ഗുരു ആദിശങ്കരാചാര്യസ്വാമികളുടെ പൂർണ്ണകായശില്പത്തിന് കേരളീയവാസ്തുരീതിയിൽ പണിത ലളിതമായ മണ്ഡപം ഈ വാർഷികാചരണവേളയിൽ തോടകാചാര്യ – ഹസ്താമലകാചാര്യ പരമ്പരകളിലെ മൂപ്പിൽ സ്വാമിയാർമാർ ചേർന്ന് സമർപ്പിച്ചു. ആചാര്യസ്വാമികളുടേതായി കേരളത്തിൽ തൃശൂരിന് വടക്കുള്ള ഏകശില്പമാണ് കണ്ണിശ്ശേരിക്കാവിലുള്ളത്.

ധർമ്മഗോശാലക്ക് ശിലാസ്ഥാപനം
കറവ വറ്റിയ പശുക്കളെ കൊല്ലുന്ന ക്രൂരത അവസാനിപ്പിക്കുവാനും നല്ല രീതിയിൽ സംരക്ഷിക്കുവാനും വേണ്ടി സഭായോഗം ഗോമിത്ര വിഭാഗം നിർമ്മിക്കുന്ന ധർമ്മഗോശാലയുടെ ശിലാസ്ഥാപനകർമ്മവും ഈ പുണ്യവേളയിൽ സാദ്ധ്യമായി.

പൂജകളും ഹോമങ്ങളും സാമ്പ്രദായിക ഭജനവും
മഹാവേദഭജനത്തിന്റെ ഭാഗമായി സാമ്പ്രദായിക വൈദികതാന്ത്രികഅനുഷ്ഠാനപദ്ധതി പ്രകാരമുള്ള നിരവധി പൂജകളും ഹോമങ്ങളും ലോകക്ഷേമത്തിനുവേണ്ടി സമർപ്പിക്കപ്പെട്ടു. നിത്യഗണപതിഹോമം, ഭഗവതിസേവ ഇവ കൂടാതെ ശ്രീചക്രപൂജ, ഗോപൂജ, പുരുഷസൂക്തഹോമം, സുകൃതഹോമം, പരശുരാമപൂജ, ശ്രീരാമപൂജ, ഭുവനേശ്വരിപൂജ, സർപ്പബലി, ഭാഗവതപാരായണം, അരുണനമസ്കാരം, അശ്വമേധനമസ്കാരം എന്നിവ കൂടാതെ 108 ബ്രാഹ്മണർ പങ്കെടുത്ത സഹസ്രനാമലക്ഷാർച്ചനയും ഭദ്രകാളിക്കുള്ള വിശേഷാൽ അടിയന്തരങ്ങളും നടന്നു. മൂന്നു വേദങ്ങളുടെയും വാരജപവും യജുർവ്വേദമുറഹോമവും ഉണ്ടായി. ഋക്ക്, യജുസ്സ്, സാമങ്ങളിലായി 12 വേദജ്ഞരും 24 വിദ്യാർത്ഥികളും വേദഘോഷം ചെയ്തപ്പോൾ കണ്ണിശ്ശേരിക്കാവും പരിസരവും ആനന്ദപൂരിതമായി.

ഭജനത്തിൻ്റെ ഭാഗമായി കുലദേവതയായ ശ്രീരാമചന്ദ്രസ്വാമിയെയും പരദേവതമാരെയും പൂർവ്വസൂരികളെയും സ്മരിച്ച് സഭായോഗത്തിലെ 494 പാരമ്പര്യകുടുംബക്കാരും മറ്റ് സജ്ജനങ്ങളും കിഴക്കേ നടയിൽ ജപിക്കാനിരുന്നു. മുറ ജപിച്ച നെയ്യ് ഭക്തർക്ക് പ്രസാദമായി നൽകി.
ഋഗ്വേദവാരം:
ലക്ഷാർച്ചന:

ശ്രോത്രിയരത്നം പുരസ്കാരവും മറ്റ് അംഗീകാരങ്ങളും
വേദവും വേദധർമ്മവും സംരക്ഷിക്കുന്നതിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവർക്ക് നൽകിവരുന്ന സഭായോഗത്തിൻ്റെ ഏറ്റവും വലിയ വൈദികബഹുമതിയാണ് ശ്രോത്രിയരത്നം. ഈ വർഷം യജുർവ്വേദാചാര്യൻ ബ്രഹ്മശ്രീ. ആമല്ലൂർ നാരായണൻ നമ്പൂതിരിക്ക് ഈ പുരസ്ക്കാരം നൽകി ആദരിച്ചു.

പുരാണപ്രസിദ്ധമായ ബദരികാശ്രമത്തിൽ ഒരു വ്യാഴവട്ടം ഭഗവാൻ്റെ പാദപൂജ ചെയ്ത മുൻറാവൽജി ബ്രഹ്മശ്രീ. ചന്ദ്രമന ഈശ്വരപ്രസാദ് നമ്പൂതിരിയെയും ആദരിച്ചു. സഭായോഗത്തിൻ്റെ പാരമ്പര്യ വൈദികകുടുംബങ്ങളിൽ നിന്നാണ് റാവൽജി പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവരുന്നത്.

സമീപകാലത്ത് വിവിധ ശാസ്ത്ര സാങ്കേതികമേഖലകളിൽ ഗവേഷണബിരുദം നേടിയവരെ സഭായോഗം അക്കാദമിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സ്വാതിസംഗീതത്തെ അധികരിച്ചുള്ള ഗവേഷണഗ്രന്ഥരചനക്ക് ശ്രീ. അജിത്ത് നമ്പൂതിരിയെ അനുമോദിച്ചു.
സെമിനാറുകളും കലാ-സാംസ്കാരികപരിപാടികളും
അഖിലകേരള ക്ഷേത്രദേവസ്വം ഊരാളസഭയുടെ നേതൃത്വത്തിൽ നടന്ന ദേവസ്വം സമ്മേളനത്തിൽ ക്ഷേത്രഭൂമി സംബന്ധമായ 3 സെമിനാറുകൾ നടത്തി. കൂടാതെ വിവിധ ദിവസങ്ങളിലായി ഗോരക്ഷണം, കുടുംബഭദ്രത, ആധുനികവിദ്യാഭ്യാസം, ധർമ്മജാഗരണം തുടങ്ങിയ പ്രധാനവിഷയങ്ങളിൽ പുതിയ ഉൾക്കാഴ്ചകളും സമീപനങ്ങളും നിറഞ്ഞ 10 സെമിനാറുകൾ അവതരിപ്പിക്കപ്പെട്ടു. പ്രഗത്ഭരും അനുഭവസമ്പന്നരും ആയ പണ്ഡിതശ്രേഷ്ഠരാണ് സെമിനാറുകൾ കൈകാര്യം ചെയ്തത്.

സഭായോഗം ഔഷധമിത്ര ഹെർബൽ പ്രൊഡ്യൂസർ കമ്പനിയുടെ നാടൻ ഉല്പന്നങ്ങളുടെ വിപണനോദ്ഘാടനം നടന്നു.
കഥകളി, ഭരതനാട്യം, സോപാനസംഗീതം, തിരുവാതിരക്കളി, അക്ഷരശ്ലോകം, ഭജന, സംഗീതകച്ചേരി എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി കലാരൂപങ്ങൾ ദേവീസന്നിധിയിൽ നിറഞ്ഞ സദസ്സിൽ അവതരിപ്പിക്കപ്പെട്ടു. അനുഗൃഹീതരായ കലാപ്രതിഭകളുടെ സംഗമവേദി കൂടിയായി കണ്ണിശ്ശേരിക്കാവ്.
കഥകളി:
വിശിഷ്ടവ്യക്തികളുടെ സാന്നിദ്ധ്യവും അനുഗ്രഹവും
കാഞ്ചി കാമകോടി പീഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ ശങ്കരവിജയേന്ദ്രസരസ്വതി സ്വാമികൾ, ശ്രീമദ് സച്ചിദാനന്ദഭാരതി സ്വാമികൾ, ശ്രീമദ് നാരായണ ബ്രഹ്മാനന്ദതീർത്ഥ സ്വാമികൾ എന്നീ ശങ്കരപരമ്പര സ്വാമിയാർമാരും ബ്രഹ്മശ്രീ. കൊമ്പങ്കുളം വിഷ്ണു സോമയാജി, ബ്രഹ്മശ്രീ. പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി തുടങ്ങിയ മനീഷികളും വൈദികരും വാദ്ധ്യന്മാരും തന്ത്രിമാരും വേദജ്ഞരും രാഘവപുരം ഭജനത്തെ അനുഗ്രഹിച്ചു.
മുഖ്യരക്ഷാധികാരി കോലത്തിരി തമ്പുരാൻ രാമവർമ്മ വലിയ രാജ, നീലേശ്വരം തമ്പുരാൻ മാനവർമ്മ രാജ എന്നിവരും ഡോ. വീണാരാജ്, ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ തുടങ്ങി വിദ്യാഭ്യാസം, സാഹിത്യം, ഭരണം, നിയമം, വൈദ്യശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ രാഷ്ട്രത്തിന് കനപ്പെട്ട സംഭാവനകൾ നൽകിവരുന്ന ഒട്ടേറെ മഹദ്വ്യക്തികളും സമ്മേളനങ്ങളിൽ ഭാഗഭാക്കായി.

ഭരണസമിതി പുന:സംഘടന
സഭായോഗത്തിൻ്റെ ഭരണസമിതി, വിവിധ ഡിപ്പാർട്ട്മെൻ്റുകൾ, പ്രൊജക്റ്റ് കമ്മറ്റികൾ, ജില്ലാസമിതികൾ, ദേശസമിതികൾ ഇവ പ്രതിവർഷം പുന:സംഘടിപ്പിച്ചുവരുന്നു.
ശ്രീരാഘവപുരം സഭായോഗത്തിൻ്റെ 23 അംഗ പരമോന്നതഭരണസമിതിയിലേക്ക് രണ്ട് യുവാക്കളും ഒരു വനിതയും ഉൾപ്പെടെ സേവനനിരതരായ മൂന്ന് വ്യക്തികളെ ഉൾപ്പെടുത്തി. വേദവിദ്യാപ്രതിഷ്ഠാനം ചെയർമാനും സഭായോഗം ജോ. സെക്രട്ടറിയുമായിരുന്ന താന്ത്രികാചാര്യൻ ബ്രഹ്മശ്രീ. കോറോത്ത് കാരഭട്ടതിരി ശ്രീകാന്ത് ഭട്ടതിരിയെ സഭായോഗത്തിൻ്റെ പുതിയ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു. 2025 ലെ പദ്ധതികൾക്ക് അംഗീകാരം നൽകി. ഇതിനായി കുറഞ്ഞത് 1.25 കോടി രൂപ നമുക്ക് സമാഹരിക്കേണ്ടതുണ്ട്.
സംഘാടനവും സഹകരണവും
ചെറുതാഴം കണ്ണിശ്ശേരിക്കാവിൽ നടന്ന പഞ്ചദിന മഹാവേദഭജനത്തിൽ അഞ്ചുദിവസങ്ങളിലായി അയ്യായിരത്തിലധികം പേർക്ക് ഭക്ഷണം വിളമ്പി.


നൂറിലധികം സന്നദ്ധപ്രവർത്തകർ രാപ്പകൽ സേവനനിരതരായി. പ്രദേശവാസികൾ പരമാവധി സഹകരിച്ചു. വേദഭജനത്തിൻ്റെ ഊർജ്ജതരംഗങ്ങളെ മാദ്ധ്യമസുഹൃത്തുക്കൾ അതിവേഗം പൊതുസമൂഹത്തിലെത്തിച്ചു. ഏവരുടേയും നിസ്സീമമായ സഹകരണത്തിൽ മൊത്തം നടത്തിപ്പുചെലവ് 12 ലക്ഷത്തിലൊതുങ്ങി. മുഴുവൻ തുകയും ധർമ്മകാംക്ഷികളിൽ നിന്ന് സംഭാവനയായി സമാഹരിക്കുവാൻ സാധിച്ചു.
സംഗ്രഹം
രാഘവപുരത്ത് ഭജനത്തെ കേരളത്തിൻ്റെ മഹത്തായ വൈദികസംസ്ക്കാരത്തിൻ്റെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായി അടയാളപ്പെടുത്തുവാൻ ഈ വർഷം നമുക്ക് കഴിഞ്ഞിരിക്കുന്നു. ഇതിനു പിന്നിൽ പ്രയത്നിച്ച, യഥാശക്തി സഹകരിച്ച എല്ലാവരേയും ഒരിക്കൽ കൂടി അഭിവാദ്യം ചെയ്തു കൊണ്ട് ഈ നന്ദിപ്രകാശനപത്രിക സജ്ജനസമക്ഷം സമർപ്പിക്കുന്നു.