ദേശീയ ചലച്ചിത്ര അവാർഡ് തിരുവല്ല തോട്ടാശ്ശേരി വിഷ്ണു ഗോവിന്ദിനും എടക്കാട് സന്തോഷിനും

SRSYPRD: 87/2022
28/07/2022

ശബ്ദമിശ്രണത്തിന് ഈ വർഷം ദേശീയ ചലച്ചിത്രഅവാർഡ് കരസ്ഥമാക്കിയ ശ്രീ. വിഷ്ണുഗോവിന്ദ് തിരുവല്ല തോട്ടാശ്ശേരി ഗോവിന്ദൻ നമ്പൂതിരിയുടേയും (റിട്ടയേർഡ് RDO) ഗൗരി അന്തർജ്ജനത്തിന്റേയും (റിട്ടയേർട്ട് ഹെഡ്മിസ്ട്രസ്സ് ) മകനാണ്. മാലിക് എന്ന സിനിമയിലെ ശബ്ദമിശ്രണത്തിനാണ് വിഷ്ണുവിന് അവാർഡ് ലഭിച്ചത്. തിരുവല്ല ദേവസ്വം ബോർഡ് ഹൈസ്കൂൾ, ചങ്ങനാശ്ശേരി എസ്.ബി. കോളേജ്, ചെന്നൈ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ഔദ്യോഗിക വിദ്യാഭ്യാസം.

ദേശീയ അവാർഡുകൾ വാരിക്കൂട്ടിയ സുരൈ പോട്റ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളുടേയും ശബ്ദമിശ്രണം വിഷ്ണുവിന്റേതാണ്. ഇഷ്ക് , ഉണ്ട എന്നീ ചിത്രങ്ങൾക്ക് സംസ്ഥാനചലച്ചിത്രഅവാർഡും ഈ പ്രതിഭയ്ക്ക് ലഭിച്ചിട്ടുണ്ട്. പിസ എന്ന തമിഴ്ചിത്രത്തിലൂടെ മുഖ്യധാരയിലേക്ക് വന്ന ഇദ്ദേഹം നേരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. ഇപ്പോൾ റിലീസ് ചെയ്ത മലയൻ കുഞ്ഞ്, മഹാവീര്യർ എന്നീ സിനിമകളുടെ ശബ്ദമിശ്രണവും വിഷ്ണുവിന്റേതാണ്. ചെറിയ പ്രായത്തിനകം മലയാളം, തമിഴ് തുടങ്ങി ദക്ഷിണേന്ത്യൻ ഭാഷകളിൽ ധാരാളം പ്രശസ്തസിനിമകൾ ചെയ്ത വിഷ്ണു ഈ മേഖലക്കും നാടിനും ഒരു മുതൽക്കൂട്ടാണ്. പുതിയ വഴികൾ പരീക്ഷിക്കുന്ന പുതുതലമുറയ്ക്കും വിഷ്ണു ഒരു മാതൃകയാണ്.

🔅🔅🔅🔅🔅🔅🔅

മികച്ച തുളുചിത്രത്തിനുള്ള പുരസ്കാരം നേടിയ ജീറ്റിഗെ എന്ന ചിത്രം സംവിധാനം ചെയ്തത് കൈതപ്രം സ്വദേശി ശ്രീ. എടക്കാട് സന്തോഷ് നമ്പൂതിരി. കൈതപ്രത്ത് എടക്കാട് ശംഭു നമ്പൂതിരിയുടെയും കണ്ണാടി ഇല്ലത്ത് സരസ്വതി അന്തർജനത്തിന്റെയും മകൻ. ആറാട്ടുപുഴ നെന്മാറമഠം കുടുംബാംഗവും പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റുമായ മീര സന്തോഷ് പത്നിയും ധ്രുവ് ഈശ്വർ, സരസ്വതി എന്നിവർ മക്കളുമാണ്.

മീരയും വിവിധ ക്രിട്ടിക്സ് , ടെലിവിഷൻ സംസ്ഥാനഅവാർഡ് ജേതാവാണ്.

ഇരുപതിലധികം മലയാളം, കന്നട, തമിഴ് സിനിമകളിൽ അസോസിയേറ്റ് ഡയറക്ടർ ആയി സന്തോഷ് പ്രവർത്തിച്ചിട്ടുണ്ട്. സെല്ലുലോയ്ഡ്, ശിക്കാരി, കായംകുളം കൊച്ചുണ്ണി, വീരം, മകൾക്ക് , ലൗഡ്‌ സ്പീക്കർ തുടങ്ങിയവ അവയിൽ ചിലത് മാത്രം. നിരവധി പരസ്യചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചിലതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകനയായും സഹസംവിധായകനായും അഭിനേതാവായും സംഭാഷണരചയിതാവായും തിളങ്ങുന്ന ഈ ബഹുമുഖപ്രതിഭയുടെ വിജയം നിശ്ചയദാർഢ്യത്തിലൂടെ നേടിയെടുത്തതാണ്.

ഈ രണ്ടു പ്രതിഭകളും നമുക്ക് അഭിമാനിക്കാൻ വക നൽകുന്നതോടൊപ്പം പുതുതലമുറക്ക് പ്രതീക്ഷകളും നൽകുന്നു. രണ്ടു പ്രതിഭകളെയും തേടി ഇനിയും പുരസ്കാരങ്ങൾ എത്തട്ടെ എന്ന് ആശംസിക്കുന്നു. സഭായോഗത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നല്ല രീതിയിൽ സഹായിക്കുന്ന തോട്ടാശ്ശേരി, എടക്കാട് കുടുംബങ്ങൾക്ക് ശ്രീരാമചന്ദ്രസ്വാമിയുടെ അനുഗ്രഹം ഇനിയുമിനിയും ലഭിക്കാൻ പ്രാർത്ഥിക്കുന്നു.

ശ്രീ വിഷ്ണു ഗോവിന്ദിനും
ശ്രീ സന്തോഷിനും ശ്രീരാഘവപുരം സഭായോഗത്തിന്റെ ഹാർദ്ദമായ അഭിനന്ദനങ്ങൾ

💐💐💐💐💐💐💐

ഭരണ സമിതിക്കു വേണ്ടി ,
ചെയർമാൻ, PRD
ശ്രീരാഘവപുരം സഭായോഗം