ബദരീനാഥിൽ പുതിയ റാവൽജി സ്ഥാനമേറ്റു

ഉത്തരാഖണ്ഡിലെ വിശ്വപ്രസിദ്ധമായ വൈഷ്ണവക്ഷേത്രമായ ബദരീനാഥ് ധാമിൽ പുതിയ റാവൽജിയെ അവരോധിച്ചു. കണ്ണൂർ ജില്ലയിലെ ചെറുതാഴം കുളപ്രത്ത് വാരണക്കോട് ബ്രഹ്മശ്രീ. അമർനാഥ് നമ്പൂതിരിയാണ് റാവൽജി (ബദരീനാഥ് മുഖ്യപുരോഹിതർ) ആയി സ്ഥാനാരോഹണം ചെയ്തത്.

ഒരു ദശാബ്ദത്തിലേറെയായി എച്ച്. എച്ച്. റാവൽജി സ്ഥാനം അലങ്കരിച്ചുവരുന്ന ബ്രഹ്മശ്രീ. വടക്കേ ചന്ദ്രമന ഈശ്വരപ്രസാദ് നമ്പൂതിരിയുടെ ശിഷ്യത്വത്തിൽ കഴിഞ്ഞ നാലു വർഷമായി നൈബ് റാവൽജി (ഉപപുരോഹിതർ) സ്ഥാനം വഹിക്കുകയായിരുന്നു അമർനാഥ് നമ്പൂതിരി.

അവരോധക്രിയകളും പഞ്ചതീർത്ഥസ്നാനം, പഞ്ചശിലാവന്ദനം തുടങ്ങിയ ചടങ്ങുകളും പൂർത്തീകരിച്ച് ശുഭമുഹൂർത്തത്തിൽ ഗർഭഗൃഹത്തിൽ പ്രവേശിച്ച നിയുക്തറാവൽജിക്ക് ഉഷ:പൂജക്ക് ശേഷം ഈശ്വരപ്രസാദ് റാവൽജി മൂലമന്ത്രം ഉപദേശിച്ച് സ്ഥാനവും അധികാരവും കൈമാറി. തുടർന്നുള്ള പൂജകൾ അമർനാഥ് റാവൽജി നിർവ്വഹിക്കും.

സ്ഥാനമൊഴിയുന്ന റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരിക്ക് ഇന്ന് ക്ഷേത്രം ഭക്തിനിർഭരമായ വിടവാങ്ങൽ ചടങ്ങ് ഒരുക്കി. കണ്ണൂർ ജില്ലയിൽ ചെറുതാഴത്ത് പെരിയാട്ട് വടക്കേ ചന്ദ്രമന വിഷ്ണുനമ്പൂതിരിയുടേയും ശങ്കരമംഗലത്തെ മകൾ സുഭദ്ര അന്തർജ്ജനത്തിൻ്റെയും പുത്രനാണ് ഈശ്വരപ്രസാദ് നമ്പൂതിരി. വൈദികതാന്ത്രികപഠനത്തിൽ ബ്രഹ്മശ്രീ. പുതുമന ശ്രീധരൻ നമ്പൂതിരിയുടെ ശിഷ്യനാണ്. റാവൽജി സ്ഥാനത്ത് മുൻറാവൽജി ബ്രഹ്മശ്രീ. വടക്കിനേടത്ത് പാലക്കീഴ് ബദരിപ്രസാദ് നമ്പൂതിരിയായിരുന്നു ആചാര്യൻ. എട്ടുവർഷത്തിലധികം ബദരിവിശാലിനെ പൂജിച്ച് നാരദമഹർഷിയുടെ പ്രഥമശിഷ്യരുടെ ഗണത്തിലേക്ക് ഉയരുവാൻ അദ്ദേഹത്തിന് ഭാഗ്യം സിദ്ധിച്ചു. വിശിഷ്ടസേവനത്തിന് തെഹ് രി മഹാരാജാവിൻ്റെ പ്രത്യേകആദരവിനും പാത്രമായി. ആദിശങ്കര അദ്വൈത ഫൗണ്ടേഷൻ ചെയർമാൻ സ്ഥാനം വഹിച്ചു. സമീപഗ്രാമങ്ങളിൽ ഒട്ടേറെ ധാർമ്മിക – വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രായമായ അമ്മയെ പരിചരിക്കുന്നതിനായി ഈശ്വരപ്രസാദ് നമ്പൂതിരി വൈകാതെ നാട്ടിലേക്ക് മടങ്ങും. മുത്തച്ഛൻ ബ്രഹ്മശ്രീ. ഗണപതി നമ്പൂതിരിയും നേരത്തെ ബദരീനാഥ് റാവൽജി ആയിരുന്നു.

പുതിയ റാവൽജി അമർനാഥ് നമ്പൂതിരി കുളപ്രത്ത് വാരണക്കോട് മുരളീധരൻ നമ്പൂതിരിയുടെയും മാടമന ഇല്ലത്തെ മകൾ അമ്പിളി അന്തർജ്ജനത്തിൻ്റെയും പുത്രനാണ്. ഇരിങ്ങാലക്കുട കാഞ്ചികാമകോടി വേദപാഠശാലയിൽ ബ്രഹ്മശ്രീ. ആമല്ലൂർ നാരായണൻ നമ്പൂതിരിയുടെ കീഴിൽ യജുർവ്വേദം അഭ്യസിച്ച് 2020 മുതൽ നൈബ് റാവൽ സ്ഥാനം അലങ്കരിച്ചുവരികയായിരുന്നു.

ഈശ്വരപ്രസാദ് റാവൽജിയുടെ സഹായികളായി ദീർഘകാലമായി ബദരീനാഥിൽ സേവനമനുഷ്ഠിച്ചുവരുന്ന കുണ്ടംകുഴി നാരായണൻ നമ്പൂതിരി, പുതുമന രാജേഷ് നമ്പൂതിരി, ദർശൻ സിങ്, യോഗേഷ് പുരോഹിത് എന്നിവർ പുതിയ റാവൽജിക്കൊപ്പം തൽസ്ഥാനത്ത് തുടരും.

ബദരീനാഥിലെ മുഖ്യപുരോഹിതസ്ഥാനമാണ് റാവൽജി എന്നറിയപ്പെടുന്നത്. ബദരിവിശാലിൻ്റെ പ്രതിപുരുഷനായാണ് ജനങ്ങൾ റാവൽജിയെ കണ്ടുവരുന്നത്. റാവൽജിക്ക് ആദ്ധ്യാത്മികതലത്തിലും ഔദ്യോഗികതലത്തിലും വളരെയധികം അധികാരങ്ങളും ഉത്തരവാദിത്തങ്ങളുമാണ് ഉള്ളത്. നൈബ് റാവൽജി, റാവൽജി സ്ഥാനങ്ങളിലേക്ക് താല്കാലികനിയമനം നടത്തി ദേവഗണങ്ങളുടെ അനുമതിയോടെ പിന്നീട് സ്ഥിരപ്പെടുത്തുകയാണ് പതിവ്.

ജഗദ്ഗുരു ശ്രീമദ് ശങ്കരഭഗവത്പാദാചാര്യരുടെ നിശ്ചയപ്രകാരം മലയാളസമ്പ്രദായത്തിലുള്ള പൂജാവിധാനമാണ് ഇവിടെ പിന്തുടർന്നുവരുന്നത്.

കീഴ്വഴക്കമനുസരിച്ച് ചെറുതാഴം സഭായോഗത്തിൽ നിന്നുള്ള നൈഷ്ഠികബ്രഹ്മചാരിമാരായ നമ്പൂതിരിമാരാണ് ത്യാഗപൂർണ്ണവും ജന്മജന്മാന്തരപുണ്യം കൊണ്ടുമാത്രം ലഭിക്കുന്നതുമായ ഈ പൂജ്യസ്ഥാനത്തേക്ക് നിയുക്തരാവുന്നത്.

പുതിയ നൈബ് റാവലിൻ്റെ തെരഞ്ഞെടുപ്പ് ജൂലൈ അവസാനം നടക്കും. ഇത്തവണ മൂന്ന് നമ്പൂതിരിമാരാണ് ശ്രീരാഘവപുരത്ത് ഭജനം പൂർത്തീകരിച്ച് നൈബ് റാവൽ സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.

SRSYPRD: 41/2024
14/07/2024