സംസ്കൃതിയുടെ തുടർപ്രവാഹമായി കുട്ടികൾക്ക് സഭായോഗത്തിൻ്റെ ത്രിദിനസഹവാസക്യാമ്പ്

യുവതലമുറയിൽ ധർമ്മബോധവും സാമൂഹികപ്രതിബദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശ്രീരാഘവപുരം സഭായോഗം കാസർഗോഡ് ജില്ലാ സമിതിയുടെ നേതൃത്വത്തിലും സഭായോഗം ഫാമിലി വെൽഫയർ ഡിപ്പാർട്ട്‌മെന്റിന്റെ മാർഗ്ഗനിർദ്ദേശത്തിലും *ജ്വാല ’26* സഹവാസക്യാമ്പ് സംഘടിപ്പിച്ചു. ഏപ്രിൽ 24 മുതൽ 26 വരെ പവിത്രമായ എടനീർ മഠത്തിലായിരുന്നു ക്യാമ്പ് നടന്നത്. എടനീർ എച്ച്. എച്ച്. എസ്. ഐ. ബി സ്വാമിജീസ് ഹയർ സെക്കൻഡറി സ്കൂൾ ക്യാമ്പിന്റെ മുഖ്യവേദിയായി.

ക്യാമ്പ് ഒന്നാം ദിവസം

ഏപ്രിൽ 24 വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ ക്യാമ്പ് അംഗങ്ങളുടെ രജിസ്‌ട്രേഷൻ പൂർത്തിയായി. 6 മുതൽ 22 വയസ്സ് വരെ പ്രായത്തിലുള്ള 68 ബാലികാബാലകരും കുമാരീകുമാരന്മാരുമാണ് മൂന്നു ദിവസത്തെ ഈ അറിവിന്റെ യാത്രയിൽ പങ്കു ചേർന്നത്.

ഉപ്പള ശ്രീ നിത്യാനന്ദ യോഗാശ്രമത്തിലെ ശ്രീ ശ്രീ യോഗാനന്ദ സരസ്വതി സ്വാമികൾ ഭദ്രദീപം തെളിയിച്ച് ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ പ്രഭാഷണം ഏറെ ഹൃദ്യമായിരുന്നു.

തുടർന്ന് നടന്ന ‘കൂട്ടുകൂടാം’ (Ice Breaking) സെഷനിലൂടെ കുട്ടികൾ തമ്മിലുള്ള സൗഹൃദങ്ങൾ വളർന്നു. വൈകുന്നേരം നടന്ന പ്രാർത്ഥനകളും ഭജനകളും ക്യാമ്പിന് പ്രശാന്തമായ പശ്ചാത്തലമൊരുക്കി.

ക്യാമ്പ് രണ്ടാം ദിവസം

രണ്ടാം ദിവസം രാവിലെ എടനീർ വിഷ്ണുമംഗലം വിഷ്ണു ക്ഷേത്രദർശനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പ്രഭാതത്തിലെ യോഗസാധനയ്ക്ക് ശേഷം ക്യാമ്പ് അംഗങ്ങളായ കുട്ടികൾ തന്നെ ഭഗവദ്ഗീത ശ്ലോകങ്ങൾ ആലപിച്ച ‘ഗീതാമൃതം’ എന്ന സെഷൻ ശ്രദ്ധേയമായി.

ശ്രീരാഘവപുരം സഭായോഗം വേദപാഠശാലയിലെ വിദ്യാർത്ഥികളുടെ വേദജപം ക്യാമ്പിൽ ആത്മീയചൈതന്യം നിറച്ചു. സൈബർ സുരക്ഷയെക്കുറിച്ച് കേരള പോലീസ് ഡിപ്പാർട്ട്മെന്റ് നയിച്ച ‘വലക്കണ്ണികൾ’ എന്ന ക്ലാസ്സും ചിന്തോദ്ദീപകമായ സന്ദേശങ്ങൾക്കൊപ്പം വിനോദത്തിനും പ്രാധാന്യം നൽകിയ ‘മനസ്സ് തുറക്കാം’ എന്ന സെഷനും കുട്ടികൾക്ക് വലിയ ആവേശമായി മാറി.

​ഉച്ചഭക്ഷണത്തിന് ശേഷം കലയെയും ഫോട്ടോഗ്രാഫിയെയും സർഗ്ഗാത്മകമായി സമീപിക്കാൻ കുട്ടികളെ സഹായിച്ച ‘കാഴ്ചവട്ടം’ എന്ന സെഷൻ നടന്നു. തുടർന്ന് നടന്ന കാർഷിക പരിശീലനക്ലാസ്സിൽ ഗ്രാഫ്റ്റിംഗ് (Grafting), ബഡ്ഡിംഗ് (Budding) തുടങ്ങിയ വിദ്യകൾ കുട്ടികൾ പരിശീലിക്കുകയും അവ സ്വയം പരീക്ഷിച്ചു നോക്കുകയും ചെയ്തു.

നമ്മുടെ സമ്പന്നമായ സംസ്കാരത്തെയും പാരമ്പര്യങ്ങളെയും കുറിച്ച് കുട്ടികൾക്ക് അറിവ് പകരുന്ന ‘അറിവിന്റെ ലോകം’ എന്ന ക്ലാസ്സോടെ അന്നത്തെ പഠനസെഷനുകൾ പൂർത്തിയായി. രാത്രിയിൽ ക്യാമ്പ് അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാസന്ധ്യയും അരങ്ങേറി.

ക്യാമ്പ് മൂന്നാം ദിവസം

രാവിലെ യോഗയ്ക്കും വേദമന്ത്രോച്ചാരണത്തിനും ശേഷം നടന്ന ‘വിസ്മയത്തുമ്പത്ത്’ എന്ന സെഷൻ കുട്ടികൾക്ക് ഏറെ ആവേശമായി. കളിയും ചിരിയും നിറഞ്ഞ ഒട്ടേറെ വിനോദപരിപാടികൾക്കൊപ്പം തന്നെ ചിന്തോദ്ദീപകമായ സന്ദേശങ്ങളും കുട്ടികൾക്ക് പകർന്നു നൽകിയ ഒരു സെഷനായിരുന്നു ഇത്. തുടർന്ന് നടന്ന അവലോകനസെഷനിൽ കുട്ടികൾ തങ്ങളുടെ മൂന്നു ദിവസത്തെ ഹൃദ്യമായ അനുഭവങ്ങൾ പങ്കുവെച്ചു.  സമാപനസമ്മേളനം എടനീർ മഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് സച്ചിദാനന്ദ ഭാരതി സ്വാമിതൃപ്പാദങ്ങളുടെ  ദിവ്യസാന്നിധ്യം കൊണ്ട് അത്യന്തം അനുഗ്രഹീതമായി.  സ്വാമിയാർ കുട്ടികൾക്ക് സാരോപദേശങ്ങൾ നൽകുകയും സർട്ടിഫിക്കറ്റുകൾ തൃക്കൈകൾ കൊണ്ട് നൽകി അനുഗ്രഹിക്കുകയും ചെയ്തു.

എടനീർ മഠത്തിന്റെയും സ്വാമിയാരുടെയും പൂർണ്ണമായ സഹകരണം ക്യാമ്പിന്റെ വിജയത്തിന് കരുത്തേകി. കുട്ടികൾക്കും സംഘാടകർക്കുമുള്ള ഭക്ഷണവും താമസസൗകര്യങ്ങളും മഠം മാനേജരുടെ മേൽനോട്ടത്തിൽ  ഏർപ്പെടുത്തി നൽകി. സഭായോഗം അദ്ധ്യക്ഷനും കാര്യദർശിയും ഉൾപ്പെടെ ഭാരവാഹികളും രക്ഷിതാക്കളും ധാരാളം  സജ്ജനങ്ങളും  പങ്കെടുത്തു. ഡിജിറ്റൽ ലോകത്തുനിന്ന് മാറി പ്രകൃതിയോടും ആത്മീയതയോടെയും കലയോടും കാർഷികവൃത്തിയോടും ചേർന്നുനിന്ന ഈ മൂന്നു ദിനങ്ങൾ 68 കുട്ടികൾക്കും സന്തോഷവും തൃപ്തിയും നൽകി.  

സനാതനസംസ്കൃതിയുടെ കൊടിക്കൂറ എന്നും ഉയർത്തിപ്പിടിക്കാനുള്ള പ്രതിജ്ഞയോടെ,  യുവതലമുറക്ക് അതിനുള്ള പ്രേരണ നൽകിക്കൊണ്ട് ജ്വാല ’26 കാസർഗോഡ്  ക്യാമ്പ് മംഗളമായി സമാപിച്ചു.