ശങ്കരജയന്തി ആചരിച്ചു

ശ്രീരാഘവപുരം സഭായോഗം വേദവേദാംഗശാസ്ത്രവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ആദിശങ്കരാചാര്യസ്വാമികളുടെ ജയന്തി (വൈശാഖശുക്ലപഞ്ചമി – ദേശീയ തത്ത്വജ്ഞാനി ദിനം) സമുചിതമായി ആചരിച്ചു.

ഏപ്രിൽ 21 ചൊവ്വാഴ്ച രാവിലെ ചെറുതാഴം കണ്ണിശ്ശേരിക്കാവിൽ ശങ്കരഭഗവത്പാദരുടെ പൂർണ്ണകായപ്രതിമയിൽ സഭായോഗം അദ്ധ്യക്ഷൻ ബ്രഹ്മശ്രീ. ശ്രീകാന്ത് കാര ഭട്ടതിരിയുടെ നേതൃത്വത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടന്നു.

സഭായോഗത്തിൻ്റെ രാമപാദം, നടുവിൽ മഠം വേദപാഠശാലകളിലെ ആചാര്യരും വിദ്യാർത്ഥികളും യജുർവ്വേദഘോഷത്തോടെ പ്രദക്ഷിണനമസ്കാരം ചെയ്തു.

തുടർന്ന് കാവ്യദീപം ബ്രഹ്മശ്രീ. കാരക്കാട് കേശവൻ നമ്പൂതിരി ശങ്കരദർശനങ്ങളെ അധികരിച്ച് ക്ലാസ് നൽകി. സനാതനധർമ്മത്തിൻ്റെ അടിസ്ഥാനപ്രമാണങ്ങളായ വേദങ്ങളെ ഭഗവത്പാദരുടെ ഗ്രന്ഥങ്ങളുടെ വെളിച്ചത്തിൽ ശരിയായി മനസ്സിലാക്കി പ്രചരിപ്പിക്കേണ്ടത് ഹൈന്ദവസമൂഹത്തിൻ്റെയും രാഷട്രത്തിൻ്റെയും പുരോഗതിക്ക് അനിവാര്യമാണ് എന്ന് അദ്ദേഹം പ്രസ്താവിച്ചു.

ചടങ്ങിൽ ഹരി നമ്പൂതിരി കെ. പി., ഉണ്ണികൃഷ്ണൻ ചെറുകുടൽ, വിഷ്ണു നമ്പൂതിരി വി. ജെ. പി., കീഴാനെല്ലൂർ ഭവൻ നമ്പൂതിരി, സുഭാഷ് നമ്പൂതിരി വേങ്ങാത്തട്ടിൽ മഠം, നാരായണൻ നമ്പൂതിരി വി. ജെ. പി. എന്നിവർ സംസാരിച്ചു.

കുട്ടികൾക്കായി വൈശാഖദാനവും ഉണ്ടായി.