സാകേതം – പാവപ്പെട്ടവർക്കുള്ള ഭവനനിർമ്മാണ പദ്ധതി

സാകേതം : കാസർഗോഡ് ജില്ലാസമിതിയുടെ പാവപ്പെട്ടവർക്കുള്ള ഭവനനിർമ്മാണ പദ്ധതിക്ക് മധൂരിൽ ശുഭാരംഭം.

സ്ഥലം: മധൂർ, കാസർഗോഡ്

ശ്രീരാഘവപുരം സഭായോഗം കാസർഗോഡ് ജില്ലാസമിതി നടപ്പിലാക്കുന്ന ‘സാകേതം’ ഭവനനിർമ്മാണപദ്ധതിയുടെ ഔദ്യോഗികതുടക്കം കുറിച്ചുകൊണ്ട് ഇന്ദിര (മൊഗ്രാൽപുത്തൂർ), ശശികല (മീപ്പുഗുരി) എന്നിവരുടെ കുടുംബങ്ങൾക്കുള്ള ഭവനങ്ങളുടെ കുറ്റിയടിക്കൽ കർമ്മം ഇന്ന് മധൂരിൽ മംഗളമായി നടന്നു.

ചടങ്ങിൻ്റെ വിശദാംശങ്ങൾ:

സംസ്ഥാന അദ്ധ്യക്ഷൻ ബ്രഹ്മശ്രീ. കാര ഭട്ടതിരി ശ്രീകാന്ത് ഭട്ടതിരിയുടെ സാന്നിദ്ധ്യത്തിലാണ് കർമ്മങ്ങൾ നടന്നത്. കാസർഗോഡ് ജില്ലാ സമിതിയെ പ്രതിനിധീകരിച്ച് ശ്രീമതി ബിന്ദു മരങ്ങാട് (ജില്ലാ സെക്രട്ടറി), ശ്രീമതി ശ്രീകല ടീച്ചർ (പട്ടേന ദേശസമിതി), ശ്രീ. വരദൻ മാടമന (കാഞ്ഞങ്ങാട് ദേശസമിതി), ശ്രീ. കൃഷ്ണൻ നമ്പൂതിരി (തൃക്കരിപ്പൂർ ദേശസമിതി) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. എടനീർ മഠാധിപതി ശ്രീമദ് സച്ചിദാനന്ദഭാരതി സ്വാമികളുടെ അനുഗ്രഹത്തോടെ നടന്ന ചടങ്ങുകൾക്ക് മധൂരിലെ ശ്രീ. കൃഷ്ണപ്പ ആചാരി നേതൃത്വം നൽകി.

പ്രാദേശിക പങ്കാളിത്തം:

ഭവനനിർമ്മാണത്തിന്റെ മേൽനോട്ടത്തിനായി ശ്രീ. മുരളി എൻ, ശ്രീമതി ഗീത ബാലൻ മഞ്ചൽ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘാടകസമിതി അതീവ ആവേശത്തോടെയാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ചടങ്ങുകൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിലും സന്നദ്ധസേവനത്തിലും പ്രദേശവാസികളായ പ്രവർത്തകർ സജീവമായി പങ്കെടുത്തു.

ഭൂമിദാനം:

മധൂർ ക്ഷേത്രത്തിന് സമീപത്താണ് ഗൃഹനിർമ്മാണം നടക്കുന്നത്. ശ്രീ. ശിവശങ്കർ എം.ജി., ഡോ. നാഗരാജ സി. എന്നിവർ 6 സെൻ്റ് സ്ഥലം ഭവനനിർമ്മാണത്തിന് സംഭാവന നൽകി.

തുടർന്നുള്ള പ്രവർത്തനങ്ങൾ:

  • സംഘാടകസമിതി വിപുലീകരണയോഗം : പദ്ധതിയുടെ നടത്തിപ്പിനായി ഫെബ്രുവരി 25-ന് സംഘാടകസമിതിയുടെ വിപുലീകരണയോഗം ചേരാൻ തീരുമാനിച്ചു. പ്ലാൻ, എസ്റ്റിമേറ്റ്, ലഘുലേഖ എന്നിവ ഈ യോഗത്തിൽ അന്തിമമായി അംഗീകരിക്കും.
  • ദേശസമിതികളുടെ പങ്ക്: ജില്ലയിലെ 6 ദേശസമിതികളെയും ഏകോപിപ്പിച്ചുകൊണ്ട് ധനസമാഹരണത്തിനായി ഗൃഹസമ്പർക്കപരിപാടികൾ ഫെബ്രുവരി അവസാനവാരം ആരംഭിക്കും.
  • മെയ് മാസം ഭവനങ്ങളുടെ താക്കോൽ ദാനം നടത്തുവാൻ ഉദ്ദേശിക്കുന്നു.

ഈശ്വരാനുഗ്രഹത്താൽ കുറ്റിയടിക്കൽ വരെയുള്ള ശുഭകരമായി പൂർത്തിയായിരിക്കുന്നു. മഴക്കാലം തുടങ്ങും മുന്നേ നിർമ്മാണം പൂർത്തിയാക്കി രണ്ട് കുടുംബങ്ങളെയും പുനരധിവസിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇതിനായി സുമനസ്സുകളുടെ അനുഗ്രഹാശിസ്സുകൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.