നിളയുടെ തീരത്ത് പുണ്യസംഗമം

തിരുനാവായ മഹാമഘത്തിൽ പങ്കുചേർന്ന് ശ്രീരാഘവപുരം സഭായോഗം

മലപ്പുറം ജില്ലയിലെ തിരുനാവായയിൽ നടന്ന കേരള മഹാമഘ മഹോത്സവ ത്തിൽ (കേരള കുംഭമേള) ശ്രീരാഘവപുരം സഭായോഗം പങ്കെടുത്തു. ശങ്കര മഠങ്ങളുടെ ആഭിമുഖ്യത്തിൽ 2026 ജനുവരി 30-ന് നടന്ന തീർത്ഥാടനത്തിൽ സഭായോഗം പ്രസിഡന്റ് ബ്രഹ്മശ്രീ. ശ്രീകാന്ത് കാര ഭട്ടതിരിയുടെ നേതൃത്വ ത്തിൽ 24 ഭക്തരടങ്ങുന്ന സംഘമാണ് പങ്കെടുത്തത്.

​ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രത്തിൽ ശ്രീരാമസ്വാമിയുടെ അനുഗ്രഹം തേടിയാണ് യാത്ര ആരംഭിച്ചത്. യാത്രയ്ക്കിടയിൽ സംഘം തൃക്കൈക്കാട്ട് സ്വാമിയാർ മഠം സന്ദർശിച്ചു. അവിടെ വെച്ച് അധ്യക്ഷൻ, തൃക്കൈക്കാട്ട് മഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് നാരായണ ബ്രഹ്മാനന്ദ തീർത്ഥ സ്വാമികൾക്ക് ‘വെച്ചു നമസ്കാരം’ സമർപ്പിച്ചു. ഭക്തർ മഠത്തിൽ നിന്നും പ്രസാദഭക്ഷണത്തിന് ശേഷം തിരുനാവായ ബ്രഹ്മസ്വം മഠം സന്ദർശിച്ച് ഭാരതപ്പുഴയിൽ (നിള) പുണ്യസ്നാനം നടത്തി. തുടർന്ന് പുഴയുടെ തീരത്ത് നടന്ന വിശിഷ്ടമായ ചടങ്ങുകളിൽ പങ്കെടുത്തു.

​നാല് ശങ്കര മഠങ്ങളിലെയും സ്വാമിയാർമാരുടെ സാന്നിധ്യത്തിൽ, സഭായോഗം അധ്യക്ഷന്റെ നേതൃത്വത്തിൽ ഭക്തർ നടത്തിയ സഹസ്രനാമ ജപം അതീവ ഭക്തിനിർഭരമായിരുന്നു.

​ഏകദേശം 250 വർഷങ്ങൾക്ക് ശേഷം മഹാമണ്ഡലേശ്വർ സ്വാമികളുടെ മാർഗ്ഗ നിർദ്ദേശപ്രകാരം പുനരാരംഭിച്ച ചരിത്രപ്രധാനമായ ആത്മീയ സംഗമമാണ് ഈ വർഷത്തെ മഹാമഘ മഹോത്സവം. ഈ തീർത്ഥാടനത്തിലൂടെ ശങ്കര പാരമ്പര്യ ത്തിലുള്ള സ്വാമിയാർമാരുമായി സഭായോഗത്തിനുള്ള ദീർഘകാല ബന്ധവും ധാർമ്മിക പ്രവർത്തനങ്ങളും ഒരിക്കൽ കൂടി ഉറപ്പിക്കപ്പെട്ടു.